Monday, September 23, 2013

ഈമാൻ കാര്യങ്ങൾ




  1. 1 അല്ലാഹുവിലുള്ള വിശ്വാസം 

            നാം നിവസിക്കുന്ന ഭൂമി,വിശാലവിസ്തൃതമായ ആകാശം,സൂര്യൻ,ചന്ദ്രൻ ,കോടാനുക്കോടി നക്ഷത്രങ്ങൾ ഇവയെല്ലാം ഉൾക്കൊള്ളുന്ന ഭീമാകാരമായ അതീവ ബ്രഹത്തായ ഈ പ്രപഞ്ചം ഒരു കാലത്ത് ഉണ്ടായിരുന്നില്ല എന്നത് ഒരു വസ്തുതയാണ്.എല്ലാവരും അത് അംഗീകരിക്കുന്നുണ്ട്.
                                    
                                 ഒരു കാലത്ത് ഇവിടം തികഞ്ഞ ശൂന്യത ആയിരുന്നു.തികഞ്ഞ ശൂന്യതയിൽ നിന്ന് ഒരു മുൻ മാതൃകയും ഇല്ലാതെ ഈ പ്രപഞ്ചത്തെ സൃഷ്ട്ടിച്ച ഒരു മഹാ ശക്തി ഉണ്ട്.ആ മഹാ ശക്തിയെ നാം അല്ലാഹു എന്ന് വിളിക്കുന്നു.

                         അല്ലാഹു ഏകനാണ്.സത്തയിലോ ഗുണത്തിലോ പ്രവർത്തനങ്ങളിലോ അവന്  തുല്യമായി ആരും തന്നെ ഇല്ല.ഈ പ്രപഞ്ചത്തിന്റെ സൃഷ്ട്ടിയിലോ സംരക്ഷണത്തിലോ സംഹാരത്തിലോ അവന് ഒരു പങ്കാളിയുമില്ല.അല്ലാഹു സർവ ശക്തനാണ്.ചെറുതോ വലുതോ രഹസ്യമോ ആയ ഒരു കാര്യവും അവൻറെ അറിവിൽ നിന്നും വിട്ടു പോവുകയില്ല.അല്ലാഹു എല്ലാം കാണുന്നവനും കേള്ക്കുന്നവനുമാണ്.കാരുണ്യവാനും കരുണാ നിധിയുമാണ്.പാപങ്ങൾ പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനുമാണ്.നീതിമാനും യുക്തിമാനുനുമാണ്.സൽകർമങ്ങൽക്ക് പ്രതിഫലം നലകുന്നവനും ധുഷ്കര്മാങ്ങൾക്ക് ശിക്ഷ നല്കുന്ന വനുമാണ്.പൂര്നതയുടെതായ എല്ലാ ഗുണങ്ങളുടെയും അധിപനും നൂനതയുടെതായ എല്ലാ ഗുണങ്ങളിൽ നിന്നും പരിശുധനുമാണ് അല്ലാഹു.അവന് മാതാപിതാക്കളോ സന്താനങ്ങളോ ഇല്ല.
   
              അല്ലാഹുവിൻ ഒരു കാര്യത്തിലും ഒരു തരത്തിലുമുള്ള പങ്കുകാരില്ലാത്തത് കൊണ്ട് നമ്മുടെ ആരാധനയും പ്രാർഥനയും എല്ലാം അർഹിക്കുന്നത് അവന് മാത്രമാണ്.അവനല്ലാതെ മറ്റാരെയും നാം ആരാധിക്കാനോ പ്രാർഥിക്കാനോ പാടുള്ളതല്ല .ഇങ്ങനെയെല്ലമാണ് നാം അല്ലാഹുവിൽ വിശ്വസിക്കേണ്ടത്.ഇങ്ങനെ വിശ്വസിചെങ്കിലെ നമ്മുടെ ഈമാൻ ശരിയാവുകയുള്ളൂ.നാം യഥാർത്ഥ മുസ്ലിംകളും മുഅമിനുകളും ആവുകയുള്ളൂ .

2  മലക്കുകളില്‍ എങ്ങനെ വിശ്വസിക്കണം 

അല്ലാഹുവിന് "മലക്കുകള്‍ " എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം സൃഷ്ട്ടികള്‍ ഉണ്ട്.അവര്‍ മുഖേനയാണ് അല്ലാഹു ഈ പ്രപഞ്ഞത്തിലെ തന്‍റെ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.അവര്‍ മുഖേനയല്ലാതെ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവന് കഴിയാത്തത് കൊണ്ടല്ല അവരേയും പ്രപഞ്ചത്തെയും ശൂന്യതയില്‍ നിന്ന സൃഷ്ട്ടിച്ച അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അത് പ്രയാസമുള്ള കാര്യമല്ല.മലക്കുകള്‍ മുഖേന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കണം എന്നാണ് അല്ലാഹു തീരുമാനിച്ചത്.അതിന് വേണ്ടിയാണ് അവന്‍ മലക്കുകളെ സൃഷ്ട്ടിച്ചത്.ഇതിന്‍റെ അര്‍ത്ഥം പ്രപഞ്ചത്തിന്റെ ഭരണത്തില്‍ മലക്കുകള്‍ക്ക് പങ്കാളിത്തമുന്ടെന്നല്ല.അങ്ങനെ ധരിക്കാനും പാടില്ല.അലാഹു ആജ്ഞാപിക്കുന്നു,മലക്കുകള്‍ അനുസരിക്കുന്നു എന്ന് മാത്രം.

                      ജിന്നുകള്‍ മനുഷ്യര്‍ തുടങ്ങിയ അല്ലാഹുവിന്‍റെ മറ്റു സൃഷ്ട്ടികളില്‍ നിന്നും പലതും കൊണ്ടും വ്യത്യസ്തരാണ് മലക്കുകള്‍ .മനുഷ്യര്‍ മണ്ണ് കൊണ്ടും ജിന്നുകള്‍ അഗ്നി കൊണ്ടുമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ മലക്കുകള്‍ പ്രകാശം കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.മനുഷ്യര്‍ക്കുണ്ടാകുന്ന പ്രത്യേകതകളൊന്നും മലക്കുകല്‍ക്കില്ല.മലക്കുകള്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ മലമൂത്ര വിസര്‍ജനം നടത്തുകയോ ഇല്ല.അവര്‍ പുരുഷന്മാരോ സ്ത്രീകളോ അല്ല.അവര്‍ ഇണ ചേരുകയോ സന്താനോല്പാധന പ്രക്രിയ നടത്തുകയോ ഇല്ല.ക്ഷീണമോ തളര്‍ച്ചയോ നിദ്രയോ മയക്കമോ ഒന്നും തന്നെ അവര്കുണ്ടാകുകയില്ല.അല്ലാഹു എന്ത് ആജ്നാപിക്കുന്നുവോ അതനുസരിക്കുക അതാണ്‌ അവരുടെ പ്രാകൃതം.അല്ലാഹുവിനെ അനുസരിക്കുക അവന് ഇബാദത്ത് (ആരാധന)ചെയ്യുക,അവന്‍റെ നാമം പ്രകീര്‍ത്തനം ചെയ്യുക.അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുക ഇതൊക്കെയാണവരുടെ തൊഴില്‍.മനുഷ്യര്‍ക്ക് കാണാന്‍ കഴിയാത്ത രൂപത്തിലാണ് അല്ലാഹു അവരെ സൃഷ്ടിച്ചിട്ടുള്ളത്.യഥാര്‍ത്ഥ രൂപത്തില്‍ അവരെ ആര്‍ക്കും കാണാന്‍ കഴിയില്ല.മനുഷ്യരൂപം സ്വീകരിച്ചു കൊണ്ടാണ് നബിമാരുടെ അടുത്ത് അവര്‍ വന്നിരുന്നത്.മലക്കുകളുടെ സംഖ്യ എത്രയാണെന്ന് അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുകയില്ല.അര്ഷിനെ വഹിക്കുന്നവര്‍,അര്ഷിനെ പ്രദക്ഷിണം ചെയ്യുന്നവര്‍,ആപത്തുകളില്‍ നിന്ന്‍ മനുഷ്യരെ കാക്കുന്നവര്‍ ഇങ്ങനെ എണ്ണമറ്റ വിഭാഗം മലക്കുകള്‍ ഉണ്ട്.
           
                    അല്ലാഹുവിന്‍റെ മലക്കുകളില്‍ ഈ വിവരിച്ച പ്രകാരമാണ് നാം വിശ്വസിക്കേണ്ടതും,അതോടെ പ്രധാനപെട്ട പത്ത് മലക്കുകളുടെ പേരും അവരുടെ ചുമതലയും മനസ്സിലാക്കുകയും വേണം.അവ ഈ പറയുന്നതാണ്.


1.ജിബ്‌രീല്‍ (അ ) : അല്ലാഹുവിങ്കല്‍ നിന്നുള്ള വഹിയ് (ദിവ്യ സന്തേശം)പ്രവാജകന്മാര്‍ക്ക് എത്തിച്ചു കൊടുക്കുക എന്നതാണ് ജിബ്‌രീല്‍ (അ ) ന്‍റെ മുഖ്യ ചുമതല.

2.മീക്കാഈല്‍ (അ) : മഴ,കാറ്റ്,ഇടി ,മിന്നല്‍,വെള്ളം,ആഹാരം തുടങ്ങിയവയുടെ പ്രധാന ചുമതലക്കാരനാണ് മീക്കാഈല്‍ (അ)

3.ഇസ്രാഫീല്‍ (അ) : അന്ത്യനാളില്‍  സൂര്‍ എന്ന കാഹളം ഊതാന്‍ വേണ്ടി ഏല്‍പിക്കപ്പെട്ടിരിക്കുന്ന മലക്കാണ് ഇസ്രാഫീല്‍ (അ)

4.അസ്റാഈല്‍ (അ) : എല്ലാ ജീവജാലങ്ങളുടേയും റൂഹിനെ (ആത്മാവിനെ)പിടിക്കാന്‍ വേണ്ടി ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന മലക്കാണ് അസ്റാഈല്‍ (അ)

5.മുന്‍കര്‍ (അ) 

6.നക്കീര്‍ (അ) : ഖബറില്‍ വെച്ച് ചോദ്യം ചെയ്യലാണ് ഈ മലക്കുകളുടെ പ്രധാന ചുമതല.

7.റഖീബ് (അ) 

8.അത്തീദ് (അ) : മനുഷ്യരുടെ നന്മയും തിന്മയും രേഖപ്പെടുത്താന്‍ നിയോകിക്കപ്പെട്ട മലക്കുകലാണ് റഖീബും അത്തീദും.ഇവരുടെ കീഴില്‍ ഇതേ ചുമതല ഏല്‍പ്പിക്കപ്പെട്ട വേറെയും മലക്കുകള്‍ ഉണ്ട്.അവര്‍ പൊതുവേ കിറാമുന്‍ കാതിബുന്‍ (ബഹുമാന്യരായ എഴുത്തുകാര്‍) എന്ന പേരിലാണ് അറിയപ്പെടുന്നത്.

9.മാലിക് (അ) : സ്വര്‍ഗത്തിന്‍റെ മേല്‍നോട്ടം വഹിക്കുകയാണ് മാലിക് (അ) ന്‍റെ ചുമതല

10.രിള്വാന്‍ (അ) : സ്വര്‍ഗത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന മലക്കിന്റെ പേരാണ് രില്‍വാന്‍ (അ)
                            ഈ പറഞ്ഞ പത്ത് മലക്കുകളില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ടവര്‍ യഥാക്രമം ജിബ്‌രീല്‍,മീക്കാഈല്‍,ഇസ്രാഫീല്‍. ,അസ്റാഈല്‍ എന്നിവരാ

3 അല്ലാഹുവിന്‍റെ കിത്താബുകള്‍ 

                                മനുഷ്യവിഭാഗത്തിന് യഥാര്‍ത്ഥ ജീവിത മാര്‍ഗം കാണിച്ചു കൊടുക്കാനും സത്യത്തെയും അസത്ത്യതെയും വേര്‍ തിരിച്ചു കാണിക്കാനും വേണ്ടി അല്ലാഹു നബിമാര്‍ മുഖേന ചില ഗ്രന്ഥങ്ങള്‍ ഇറക്കി കൊടുത്തിട്ടുണ്ട്.മനുഷ്യര്‍ക്ക് വേണ്ടി ഉള്ള അല്ലാഹുവിന്‍റെ സന്ദേശങ്ങളാണ് ആ ഗ്രന്ഥങ്ങളുടെ ഉള്ളടക്കം.അല്ലാഹുവിന്‍റെ വിധി വിലക്കുകള്‍,ജീവിതത്തിന്‍റെ അഖില വശങ്ങളെയും ഉള്‍ക്കൊള്ളുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍,പൂര്‍വീക സമുദായങ്ങളുടെയും,പ്രവാജകന്മാരുടെയും മഹാന്മാരുടെയും ചിത്രങ്ങള്‍,സദ്‌വൃത്തന്‍മാര്‍ക്കുള്ള സന്തോഷ വാര്‍ത്തകള്‍,സത്ത്യ നിഷേധികള്‍ക്കും ദുര്‍വൃത്തര്‍ക്കുമുള്ള മുന്നറിയിപ്പുകള്‍ - ഇങ്ങനെ പല കാര്യങ്ങളും ആ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.അല്ലാഹുവിന്‍റെ ഗ്രന്തത്തിലുള്ളതെല്ലാം അവന്‍റെ കലാം (സംസാരം ) ആണെന്നും അതെല്ലാം സത്യനിഷ്ട്ടമാണെന്നും നാം വിശ്വസിക്കേണ്ടിയിരിക്കുന്നു.എങ്കിലേ നാം സത്യവിശ്വാസികളായിത്തീരുകയുള്ളൂ.
                                   
                                        എല്ലാ നബിമാര്‍ക്കും അല്ലാഹു കിത്താബുകള്‍ ഇറക്കി കൊടുത്തിട്ടില്ല.ഏതൊക്കെ നബിമാര്‍ക്കാണ് അല്ലാഹു ഗ്രന്ഥം ഇറക്കി കൊടുത്തിട്ടുള്ളതെന്ന്‍ പൂര്‍ണമായി നമുക്കറിയില്ല.എന്നാല്‍ നാല് കിത്താബുകളെയും നൂറ് എടുകളെയും കുറിച് നമുക്ക് വിവരം ലഭിച്ചിട്ടുണ്ട്.അവയെ കുറിച്ച് വിശദമായി നാം മനസ്സിലാക്കുകയും അങ്ങീകരിക്കുകയും വിശ്വസിക്കുകയും വേണം.അവയെക്കുറിച്ചുള്ള വിവരങ്ങള്‍ താഴെ കൊടുക്കുന്നു.


1.തൌറാത്ത് : മൂസാ നബി (അ)ക്ക് ഹിബ്രു (അബ്രാനി) ഭാഷയില്‍ ഇറക്കപ്പെട്ട ഗ്രന്ഥമാണ് തൌറാത്ത്

2.സബൂര്‍  : ദാവൂദ് നബി (അ) ക്ക് ഗ്രീക്ക് (യുനാനി )ഭാഷയില്‍ ഇറക്കപ്പെട്ട ഗ്രന്ഥമാണിത്.

3.ഇഞ്ചീല്‍ : ഈസാ നബി (അ) ക്ക് സുറിയാനി ഭാഷയില്‍ ഇറക്കപ്പെട്ട ഗ്രന്ഥമാണ് ഇഞ്ചീല്‍

4.ഖുര്‍ആന്‍ :  അന്ത്യ പ്രവാജകരായ മുഹമ്മദ്‌ നബി തിരുമേനി (സ)ക്ക് അറബി ഭാഷയില്‍ ഇറക്കപ്പെട്ട വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍

                          ഇവക്ക് പുറമേ ആദംനബി (അ) ന് പത്ത് ഏടുകളും ശീസ്നബി (അ) ന് അമ്പത് ഏടുകളും ഇദ്രീസ്നബി (അ) ന് മുപ്പത് ഏടുകളും ഇബ്രാഹിം നബി (അ) ന് പത്ത് ഏടുകളും അല്ലാഹു ഇറക്കി കൊടുത്തിട്ടുണ്ട്.

               ഇവയില്‍ അവസാനത്തെ വേദഗ്രന്ഥമാകുന്നു ഖുര്‍ആന്‍...,. ഖുര്‍ആന്‍ന്‍റെ അവതരണത്തോടെ പൂര്‍വീക വേദഗ്രന്തങ്ങളെല്ലാം ദുര്‍ബലപ്പെടുത്തപ്പെട്ടിരിക്കുന്നു.ഇതിന്‍റെ അര്‍ത്ഥം പൂര്‍വീക വേദഗ്രന്ഥങ്ങളില്‍ ഉള്ള ആശയങ്ങള്‍ തെറ്റാണെന്നല്ല.പൂര്‍വീക വേദഗ്രന്തങ്ങളിലുള്ള ആശയങ്ങളെല്ലാം സത്യപൂര്‍ണം തന്നെയാണ്.ആ ആശയങ്ങളെ അങ്ങീകരിക്കുകയും ശരി വെക്കുകയും ചെയ്തുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമാക്കിയിരിക്കുന്നത്.എന്നാല്‍ ശാഖാപരമായ വിഷയങ്ങളിലും കര്മപരമായ നിയമങ്ങളിലും കാലികമായ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടാണ് ഖുര്‍ആന്‍ അവതരിക്കപ്പെട്ടത്.മാറിയ ആ നിയമ വിധികളാണ് ലോകാവസാനം വരെ നിലനില്‍ക്കുക.പൂര്‍വ വേദഗ്രന്ഥങ്ങള്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു എന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം ഇതാണ്.

               പൂര്‍വിക വേദഗ്രന്തങ്ങളൊന്നും യഥാര്‍ത്ഥ രൂപത്തില്‍ ഇന്ന്‍ നിലവില്‍ ഇല്ല എന്നതും ഒരു വസ്തുതയാണ്.പുരോഹിതന്മാര്‍ അവയില്‍ മാറ്റ തിരുത്തലുകള്‍ വരുത്തുകയും  കൃത്രിമങ്ങള്‍ കാണിക്കുകയും ചെയ്തിരിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ ആകട്ടെ യാതൊരു മാറ്റത്തിരുത്തലുകള്‍ക്കും കൈയേറ്റങ്ങള്‍ക്കും വിധേയമാകാതെ സുരക്ഷിതമായി ഇന്നും നിലനില്‍ക്കുന്നു.ലോകാവസാനം വരെ അങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്യും.അതിനുള്ള സംരക്ഷണ നടപടി അല്ലാഹു സ്വീകരിച്ചിട്ടുണ്ട്.

4 പ്രവാചകന്‍മാര്‍ 

                    പ്രവാചകന്‍മാരില്‍ വിശ്വസിക്കുക എന്നതാണ് വിശ്വാസ കാര്യങ്ങളില്‍ നാലാമത്തേത്.മനുഷ്യരെ നേര്‍ മാര്‍ഗത്തിലേക്ക് നയിക്കാന്‍ വേണ്ടി അല്ലാഹു കാലാകാലങ്ങളിലായി നബിമാരെ നിയോഗിച്ചുകൊണ്ടിരുന്നിട്ടുണ്ട്.പ്രവാചകന്‍മാര്‍ നിയോഗിക്കാത്ത ഒരു ജന വിഭാഗവും കഴിഞ്ഞു പോയിട്ടില്ലെന്ന് ഖുര്‍ആന്‍ തീര്‍ത്തു പറഞ്ഞിട്ടുണ്ട്.പല സമുധായങ്ങളിലെക്ക് ഒന്നിലധികം നബിമാരെ നിയോഗിക്കപ്പെട്ടിട്ടുണ്ട്.ആദിമ മനുഷ്യനായ ആദം (അ) തന്നെ ഒരു പ്രവാചകനായിരുന്നു.അതിനു ശേഷം ഒരുപാട് നബിമാര്‍ ഇവിടെ വരുകയും പ്രഭോധന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.മുഹമ്മദ്‌ നബി (സ) യോടെയാണ് നബിമാരുടെ ശ്രിങ്കല അവസാനിക്കുന്നത്.മുഹമ്മദ്‌ നബി (സ)ക്ക് ശേഷം ഇനി ഒരു നബിയും നിയോഗിക്കപ്പെടുകയില്ല.ലോകാവസാനം വരെയുള്ള എല്ലാ ജന വിഭാഗങ്ങളുടെയും പ്രവാചകനാകുന്നു മുഹമ്മദ്‌ നബി തിരുമേനി (സ).ആകെ എത്ര നബിമാര്‍ ആഗാതനായിട്ടുണ്ടെന്ന്‍ നമുക്കറിയില്ല.ഒരുലക്ഷത്തിഇരുപത്തിനാലായിരം നബിമാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന്‍ ഒരു ഹദീസില്‍ കാണുന്നു.
   
                                 ഇരുപത്തിഅഞ്ചു നബിമാരുടെ പേരുകളും വിവരണങ്ങളും വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട്.അവ മനസ്സിലാക്കിയിരിക്കല്‍ ഒരു സത്യ വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധവുമാണ്.ആ ഇരുപത്തിയഞ്ചു നബിമാരുടെ പേരുകള്‍ താഴെ കൊടുക്കുന്നു.

1.ആദം (അ) 2.ഇദ്രീസ് (അ) 3.നൂഹ് (അ) 4. ഹൂദ്‌ (അ) 5. സ്വാലിഹ് (അ) 6. ഇബ്റാഹീം (അ) 7. ലൂത്  (അ) 8. ഇസ്മാഈല്‍ (അ) 9. ഇസ്ഹാഖ് (അ) 10. യഅഖൂബ് (അ) 11. യൂസുഫ് (അ) 12. അയ്യൂബ് (അ) 13. ശുഅയ്ബ് (അ) 14. ഹാറൂന്‍ (അ) 15. ദുല്‍കിഫ്ല്‍ (അ) 16. മൂസാ (അ) 17.അല്‍യസഅ (അ) 18. ദാവൂദ് (അ) 19. സുലൈമാന്‍ (അ) 20. ഇല്‍യാസ് (അ) 21. യൂനുസ് (അ) 22. സകരിയ്യ (അ) 23. യഹ്യാ (അ) 24. ഈസാ (അ) 25. മുഹമ്മദ്‌ മുസ്തഫാ (സ).

                         നബിമാരില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ടതും ഉണ്ടായിരുന്നതുമായ ചില ഗുണ വിശേഷണങ്ങള്‍ ഉണ്ട്.

1. സത്യസന്തതയാണവയില്‍ ഒന്ന്‍.ഒരു പ്രവാചകനും ഒരു കലവുപോലും പറയില്ല.കളവ് പറയുന്ന ആള്‍ പ്രവാചകത്വ പദവിക്ക് അര്ഹനുമല്ല.

2. രണ്ടാമത്തേത് വുശ്വസ്തതയാണ്.എല്ലാ പ്രവാചകന്‍മാരും വിശ്വസ്തരാന്.ഒരു നബിയില്‍ നിന്നും വിശ്വാസ വഞ്ചനയുടെ ലാഞ്ചന പോലും ഉണ്ടാകില്ല.

3. ബുദ്ധി വൈഭവമാണ് മൂന്നാമത്തെത്.എല്ലാ നബിമാരും അബാരമായ ബുദ്ധി വൈഭവത്തിന്റെ ഉടമകളായിരുന്നു.

4. ജനങ്ങളെ അറിയിക്കാന്‍ വേണ്ടി അല്ലാഹു അറിയിച്ചിട്ടുള്ള കാര്യങ്ങള്‍ യഥാസമയം അറിയിക്കുന്നവരാണ് നബിമാര്‍.അതില്‍ യാതൊരു വീഴ്ചയും അവര്‍ കാണിക്കുകയില്ല.ഇതാണ് നാലാമത്തെ ഗുണ വിശേഷം.

                                    നബിമാര്‍ പാപ സുരക്ഷിതരാണ്‌.( തെറ്റുകളിലേക്ക് വഴുതിപ്പോകാതെ അല്ലാഹു അവരെ കാത്തുസൂക്ഷിക്കും.

                                   ഇങ്ങനെയൊക്കെയാണെങ്കിലും നബിമാര്‍ അമാനുഷികരോന്നുമല്ല.മനുഷ്യവിഭാഗത്തില്‍പ്പെട്ട പുരുഷന്‍മാരെയാണ് അല്ലാഹു നബിമാരായി തിരഞ്ഞെടുത്തയച്ചിരിക്കുന്നത്.ഭക്ഷണം കഴിക്കുക,മലമൂത്ര വിസര്‍ജനം നടത്തുക,ഉറങ്ങുക, അങ്ങാടിയില്‍ക്കൂടി നടക്കുക,രോഗം ഭാധിക്കുക തുടങ്ങിയ മാനുഷിക പ്രവണതകള്‍ നബിമാര്‍ക്കും ഉണ്ടാകും.പക്ഷെ അറപ്പും വെറുപ്പും ഉളവാക്കുന്ന കുഷ്ഠം, വെള്ളപ്പാണ്ട് തുടങ്ങിയ അസുഖങ്ങള്‍ അവര്‍ക്കുണ്ടാവുകയില്ല എന്ന്‍ മാത്രം.

                                 അല്ലാഹു മനുഷ്യര്‍ക്ക് വേണ്ടി തിരഞ്ഞെടുത്ത മതം ഇസ്ലാം ആകുന്നു.ഇസ്ലാം മതം പ്രഭോധനം ചെയ്യാന്‍ വേണ്ടിയാണ് എല്ലാ നബിമാരും ഇവിടെ നിയുക്തരായിട്ടുള്ളത്. അതിനാല്‍ എല്ലാ നബിമാരെയും ഒരുപോലെ സ്നേഹിക്കാനും ആദരിക്കാനും വിശ്വസിക്കാനും നാം ബാധ്യസ്ഥരാണ്.നബിമാര്‍ക്കിടയില്‍ യാതൊരു വിവേചനവും കാണിക്കാന്‍ സത്യവിശ്വാസികള്‍ക്ക് പാടുള്ളതല്ല.അങ്ങനെ ചെയ്യുന്നവര്‍ സത്യവിശ്വാസികളാ വുകയില്ല.

5 അന്ത്യനാളിലുള്ള വിശ്വാസം 

ഈ പ്രപഞ്ചം ഒരു കാലത്തുണ്ടായിരുന്നില്ലെന്നും പിന്നീടത് സൃഷ്ടിക്കപ്പെടുകയാണുണ്ടായതെന്നും നാം കണ്ടു കഴിഞ്ഞു.അതു കൊണ്ടു തന്നെ ഈ പ്രപഞ്ചം ശാശ്വതമായി എന്നെന്നും നിലനില്‍ക്കുകയുമില്ല.ഈ പ്രപഞ്ചവും അതിലുള്ള സകല ജീവജാലങ്ങളും ഒരുനാള്‍ നശിക്കും.ആ നാളിനാണ് അന്ത്യനാള്‍ എന്ന് പറയുന്നത്.അന്ത്യനാളിലും തുടര്‍ന്നുള്ള സംഭവവികാസങ്ങളിലുമുള്ള വിശ്വാസം വിശ്വാസ കാര്യങ്ങളില്‍ അഞ്ചാമത്തേതാന്.പരലോകത്തിലുള്ള വിശ്വാസം എന്നുകൊണ്ടുദേശിക്കപ്പെടുന്നതും ഇതു തന്നെയാണ്.

            ഇസ്രാഫീല്‍ (അ) എന്ന മലക്ക് നിശ്ചയിക്കപ്പെട്ടതനുസരിച്ച് രണ്ട് തവണ സൂര്‍ എന്ന കാഹളത്തില്‍ ഊതും.ആദ്യത്തെ ഊത്തോടുകൂടി ഈ ലോകം പറ്റെ നശിക്കും.അതി ശക്തമായി അടിച്ചു വീശുന്ന കൊടുങ്കാറ്റില്‍പ്പെട്ട്  ലോകത്തുള്ള ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാ വസ്തുക്കളും നശിക്കും.ഒരു വസ്തുവിനും ഈ നാശത്തെ അതിജീവിക്കനാവുകയില്ല.

            അല്ലാഹുവിന്‍റെ ആജ്ഞയനുസരിച്ച് ഇസ്രാഫീല്‍ (അ) വീണ്ടും സൂറില്‍ ഊതും.അതോടെ ഇന്ന്‍ ഭൂമിയും ആകാശവും നിലനില്‍ക്കുന്ന സ്ഥാനത്ത് മറ്റൊരു ലോകം സൃഷ്ടിക്കപ്പെടും.ജീവിച്ചു മരിച്ചുപോയ ആളുകളെല്ലാം പുനരുജീവിക്കപ്പെടുകയും അവര്‍ മഹ്ശറയില്‍ (സമ്മേളന നഗറില്‍ ) ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യും.തികച്ചും ഭീകരമായ ഒരു രംഗമായിരിക്കും അത്.ഓരോരുത്തരും തങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കാകുലരായിരിക്കും.

                 പിന്നീട് ആളുകളെ വിജാരണക്കായി നിശ്ചയിക്കപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോകും.ഓരോരുത്തരും ഇഹലോകത്ത് വെച്ച് ചെയ്ത നന്മയും , തിന്മയം രേഖപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ അവരുടെ കൈകളില്‍ നല്‍കപ്പെടും.പിന്നെടവരെ വിജാരണ ചെയ്യുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കുമുള്ള പ്രതിഫലം രക്ഷയെങ്കില്‍ രക്ഷ ശിക്ഷയെങ്കില്‍ ശിക്ഷ അവര്‍ക്ക് നല്‍കപ്പെടുകയും ചെയ്യും.മീസാന്‍ എന്ന തുലാസ്, സ്വിറാത് എന്ന പാലം,സ്വര്‍ഗം ,നരഗം തുടങ്ങിയ ഒരുപാട് പ്രതിഭാസങ്ങള്‍ മരണാനന്തര ജീവിതത്തിലുണ്ട്.ഇവയുടെ യഥാര്‍ത്ഥ രൂപവും,ഭാവവും നമുക്കിപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുകയില്ല.പരലോകത്തെത്തുമ്പോള്‍ മാത്രമേ നമുക്കാവ വേണ്ടത് പോലെ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.എങ്കിലും ഇവയെല്ലാം ഉണ്ടെന്ന്‍ നാം മനസ്സിലാക്കുകയും വിശ്വസിക്കുകയും വേണം.സത്യ വിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തുകൊണ്ട് സദ്‌വൃത്തരായി ജീവിക്കുന്നവര്‍ക്ക് പരലോകത്ത് സ്വര്‍ഗ്ഗീയ ജീവിതം നയിക്കാന്‍ അവസരം ലഭിക്കും.അല്ലാത്തവര്‍ നാരകീയ ജീവിതം നയിക്കേണ്ടി വരികയും ചെയ്യും.

                  അന്ത്യനാള്‍ എന്നാണ് ആഗാതമാവുക എന്ന്‍ ആര്‍ക്കും അറിയുകയില്ല.അല്ലാഹുവിന് മാത്രം അറിയാവുന്ന രഹസ്യങ്ങളില്‍ ഒന്നാണത്.എന്നാല്‍ അന്ത്യനാളിന്‍റെ ചില അടയാളങ്ങള്‍ നബി തിരുമേനി (സ) മുഖേന അല്ലാഹു നമ്മെ അറിയിച്ചിട്ടുണ്ട്.പാണ്ഡിത്യം കുറഞ്ഞു വരിക , അജ്ഞത വര്‍ദ്ധിക്കുക , വിവരമില്ലാത്തവര്‍ നേതാക്കളും ഭരണ കര്ത്താക്കലുമായിത്തീരുക,മദ്യപാനം,വ്യഭിജാരം തുടങ്ങിയ ദുര്‍ വൃത്തികള്‍ വ്യാപകമാവുക,സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുക ദജ്ജാലിന്‍റെ  രംഗപ്രവേശം, ഈസാ നബി (അ) ന്‍റെ ആഗമനം,ദാബ്ബത്തുല്‍ ആര്‍ള് എന്ന ഒരു വിചിത്ര മൃഗത്തിന്‍റെ പുറപ്പാട്,വ്യാപകമായ അഗ്നി ബാധ,സൂര്യന്‍ പടിഞ്ഞാറ് നിന്നും ഉദിക്കുക,തുടങ്ങിയവ അന്ത്യനാളിന്‍റെ ലക്ഷണങ്ങളില്‍ ചിലതാകുന്നു.ഇവയില്‍ ചില അടയാളങ്ങള്‍ ഇപ്പോള്‍ തന്നെ പ്രകടമായിരിക്കുന്നു എന്ന്‍ നാം മനസ്സിലാക്കുക.

6 വിധിയിലുള്ള വിശ്വാസം 

വിധിയിലുള്ള വിശ്വാസം - നന്മയും തിന്മയുമായ കാര്യങ്ങളെല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ളതാനെന്ന വിശ്വാസം - സത്യ വിശ്വാസത്തിന്‍റെ ആറാം ഭാഗമാണ്.വാസ്തവത്തില്‍ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗം തന്നെയാണത്.അല്ലാഹു സര്‍വജ്ഞനാണ് അവന്‍റെ അറിവിന്‌ അതിരുകളില്ല,നടന്നു കഴിഞ്ഞതും നടക്കാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും  - ചെറുതും വലുതും - അല്ലാഹു അറിയുന്നുണ്ട്.തന്‍റെ സൃഷ്ട്ടികളായ മനുഷ്യരില്‍പ്പെട്ടെ ഓരോ വ്യക്തിയും എന്തെല്ലാം ചെയ്തെന്നും ചെയ്തില്ലെന്നും അല്ലാഹുവിനറിയാം.ഇതിനൊരു മാറ്റവും സംഭവിക്കുകയില്ല.ഇതനുസരിച്ചേ കാര്യങ്ങള്‍ നടക്കുകയുള്ളു.ഒരാള്‍ സത്യ വിശ്വാസി ആയാണോ സത്യ നിഷേധി ആയാണോ മരണമടയുക എന്ന്‍ അയാള്‍ ജനിക്കുന്നതിനു മുന്‍പ് തന്നെ അല്ലാഹുവിന് അറിയാം.ദൈവ  വിധിയിലുള്ള വിശ്വാസത്തിന്റെ ഒരു വശം ഇതാണ്. 

           മറ്റൊന്ന്‍ അല്ലാഹു സര്‍വ ശക്തനാണ്.മാത്രമല്ല അല്ലാഹു മാത്രമാണ് ശക്തിയുടെ ഉറവിടം.ഏതൊരാള്‍ക്കും ശരിയോ തെറ്റോ ചെയ്യാന്‍ അല്ലാഹു ശക്തി നല്‍കിയെങ്കിലേ സാധിക്കുകയുള്ളൂ.

                 ഇതോടൊപ്പം മറ്റൊരു കാര്യവും നാം മനസ്സിലാക്കണം.മനുഷ്യന് അല്ലാഹു ബുദ്ധിയും ചിന്താശക്തിയും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.തെറ്റും ശരിയും എന്താണെന്ന വ്യക്തമാക്കി കൊടുത്തിട്ടുണ്ട്.അവന് ശരി തെരഞ്ഞെടുക്കാം , തെറ്റ് തെരഞ്ഞെടുക്കാം.അല്ലാഹു ആരേയും ശരിയായ വഴിയിലേക്കോ തെറ്റായ വഴിയിലേക്കോ ബലമായി തള്ളി വിടുന്നില്ല.എന്നാല്‍ അവന്‍ ശരിയുടെയോ തെറ്റിന്റെയോ ഏത് മാര്‍ഗമാണ് സ്വീകരിക്കുക എന്ന്‍ അല്ലാഹുവിന് നേരത്തെ അറിയാം.ഈ മുന്‍കൂട്ടിയുള്ള അറിവ് - അതാണ്‌ ദൈവ വിധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

                മുകൂട്ടിയുള്ള ഈ അറിവ് അല്ലാഹുവിന് ഉണ്ട് എന്നാതുകൊണ്ട് നാം ശരി ചെയ്യുന്നതിന്റെയോ,തെറ്റ് ചെയ്യുന്നതിന്‍റെയോ ഉത്തരവാദിത്വം അല്ലാഹുവിന്‍റെ മേല്‍ എടുത്തു വെക്കുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല.ഒരു ഉദാഹരണം പറയാം.

              ഒരാള്‍ ഒരു മരക്കൊമ്പില്‍ ഇരുന്ന അതിന്‍റെ കടക്കല്‍ മുറിക്കുന്നു.അവന്‍ ഈ മുറി തുടര്‍ന്നാല്‍ മരത്തില്‍ നിന്ന്‍ താഴെ വീഴുമെന്ന്‍ നമുക്കറിയാം.നാം അവനെ ഉപദേശിക്കുന്നു.നീ ഇങ്ങനെ മരം മുറി തുടര്‍ന്നാല്‍ നീ താഴെ വീഴും നിനക്ക് അപകടം സംഭവിക്കും.

             ഈ ഉപദേശം സ്വീകരിക്കാതെ അവന്‍ മരം മുറി തുടരുകയും മരക്കൊമ്പിനൊപ്പം താഴെ വീണ് അപകടവും സംഭവിക്കുകയും ചെയ്തു.ഇവിടെ അവന്‍ അപകടം സംഭവിച്ചതിന് ഉത്തരവാദി ആരാണ്? ഉപദേശം ഗൗനിക്കാതെ ഇരിക്കുന്ന മരക്കൊമ്പ് മുറിച്ച അവന്‍ തന്നെയോ? അതോ അങ്ങനെ ചെയ്‌താല്‍ അപകടം സംഭവിക്കുമെന്ന് അവനെ ഉപദേശിച്ച നാമോ? അവന്‍ തന്നെ ആണെന്ന്‍ വ്യക്തമാണല്ലോ.അല്ലാഹുവിന്‍റെയും നബിമാരുടെയും മുന്നറിയിപ്പുകള്‍ വകവെക്കാതെ തെറ്റുകളുടെ തീരങ്ങളിലൂടെ സഞ്ചരിക്കുന്നവന്‍ അപകടത്തില്‍ ചെന്ന് ചാടുക തന്നെ ചെയ്യും.ദൈവ വിധിയെ പഴിച്ചതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല. 

Sunday, September 22, 2013

അഖീദ

അഥവാ വിശ്വാസ സംഹിത 

            വസ്തു നിഷ്ട്ടവും യുക്തി നിബദ്ധവും അന്യുനവുമായ ഒരു വിശ്വാസ സംഹിതയും(അഖീദ) പ്രായോഗികവും പ്രയോജനപ്രതവുമായ ഒരു കർമ പദ്ധതി(ശരീഅത്ത് ) യും ഉൾക്കൊള്ളുന്നതാണ് ഇസ്‌ലാം മതം.വിശ്വാസ സംഹിതയിൽ പ്രധാനപ്പെട്ട ചില കാര്യങ്ങളെ ഈമാൻ കാര്യങ്ങളെന്നും,കർമ പദ്ധതിയുടെ പ്രധാന വശങ്ങളെ ഇസ്‌ലാം കാര്യങ്ങളെന്നും സമാനമായ തരത്തിൽ അറിയപ്പെടുന്നു.
    
            നബിതിരുമേനി(സ) പ്രഭോധന പ്രവർത്തനങ്ങൾ ആരംഭിച്ച കാലം.ആളുകൾ ക്രമേണ ഇസ്‌ലാമിന്റെ മാർഗം സ്വീകരിക്കാൻ തുടങ്ങിയ സമയം  നബിതിരുമേനി(സ) തൻറെ സ്വഹാബികളോടോത്ത് ഒരിടത്ത്ഇരിക്കുകയായിരുന്നു.പെട്ടെന്ന് അപരിചിതനായ ഒരാൾ ആ സദസ്സിലേക്ക് കടന്നു വന്നു.പാറിപ്പറന്ന തലമുടി,പൊടിപടലങ്ങൾ പറ്റിപ്പിടിച്ച വസ്ത്രങ്ങൾ ആകെക്കൂടി ഒരു സഞ്ചാരിയാണെന്ന് തോന്നിക്കുന്ന മട്ടും ഭാവവും.സദസ്സിലുള്ളവർ ആകാംഷയോടെ നോക്കി നിൽക്കേ ആഗതൻ  നബിതിരുമേനി(സ) യുടെ അടുത്തിരുന്നിട്ട് പറഞ്ഞു."അല്ലാഹുവിൻറെ റസൂലേ,ഈമാൻ എന്താനെന്ന് എനിക്ക് പറഞ്ഞു തന്നാലും"!.

              നബിതിരുമേനി(സ) പറഞ്ഞു 

(അല്ലാഹുവിലും അവൻറെ  മലക്കുകളിലും അവൻറെ കിതാബുകളിലും ദൂതന്മാരിലും അന്ത്യനാളിലും നന്മയും തിന്മയുമായ അല്ലാഹുവിൻറെ വിധിയിലും വിശ്വസിക്കുന്നതാണ്‌ ഈമാൻ എന്നു  പറയുന്നത് )


ആഗതൻ പറഞ്ഞു .

                             താങ്കൾ സത്യമാണ് പറഞ്ഞത് 
      ഈ അഭിപ്രായം കേട്ടപ്പോൾ സദസ്സിലുള്ളവർക്ക് ആശ്ചര്യം തോന്നി.ആഗതൻ വീണ്ടും ചോദിച്ചു. .

           "അല്ലാഹുവിൻറെ റസൂലേ ഇസ്‌ലാം എന്താണെന്ന് എനിക്ക് പറഞ്ഞു തരൂ".

             നബിതിരുമേനി(സ) പറഞ്ഞു 



(അല്ലാഹു അല്ലാതെ ആരദ്യനില്ലെന്നും മുഹമ്മദ്‌ നബി (സ)അല്ലാഹുവിൻറെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക,അഞ്ചു നേരത്തെ നിസ്കാരം നിർവഹിക്കുക,സക്കാത്ത് കൊടുക്കുക,റമളാൻ  മാസം വ്രതമനുഷ്ട്ടിക്കുക,സാധിക്കുന്നവർ പരിശുദ്ധ കഅബാ മന്ദിരത്തിൽ ചെന്ന് ഹജ്ജ് ചെയ്യുക,ഇതിനാണ് ഇസ്‌ലാം എന്ന്  പറയുന്നത് )

ആഗതൻ  പറഞ്ഞു .

 "താങ്കൾ പറഞ്ഞത് സത്യമാണ് "വീണ്ടും അയാൾ ചോദിച്ചു 

"അല്ലാഹുവിൻറെ റസൂലേ ഇഹ്സാൻ (ഇഖ്ലാസ്) എന്താണെന്ന് എനിക്ക് പറഞ്ഞ് തരൂ"

  നബിതിരുമേനി(സ) പറഞ്ഞു 

അൽ ഇഹ്സാനു അൻതഅ ബുദല്ലാഹ കഅന്നക തറാഹു ഫഇൻലം തറാഹുഇന്നഹു യറാക .

(അല്ലാഹുവിനെ കാണുന്നത് പോലെ നീ അവനേ ആരാധിക്കുക അതാണ്‌ ഇഹ്സാൻ.നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ടല്ലോ.)


  ആഗതൻ  പറഞ്ഞു .

   അല്ലാഹുവിൻറെ റസൂലേ "താങ്കൾ പറഞ്ഞത് സത്യമാണ് ".

ഇത്രയും പറഞ്ഞ്  ആഗതൻ സദസ്സിൽ  നിന്ന് ഇറങ്ങിപ്പോയി.അതിനു ശേഷം  നബിതിരുമേനി(സ) സദസ്യരോട് ചോദിച്ചു.

"ഇവിടെ വന്നുപോയ ആൾ ആരാണെന്ന് നിങ്ങള്ക്ക് അറിയാമോ?"
അല്ലാഹുവിനും അവൻറെ ദൂതനുമാണ് കൂടുതൽ അറിയുക.
സ്വഹാബാക്കൾ  ഉത്തരം പറഞ്ഞു.

നബിതിരുമേനി(സ) പ്രതിപ്രവചിച്ചു .
ജിബ്‌രീൽ എന്ന മലാക്കാണത്.നിങ്ങൾക്ക് നിങ്ങളുടെ ദീൻ പഠിപ്പിച്ചു തരാൻ വേണ്ടിയാണദ്ദേഹം വന്നത് .

             ഈമാൻ, ഇസ്‌ലാം ,ഇഹ്സാൻ ഇവ മൂന്നുമാണ് ഇസ്‌ലാം മതത്തിൻറെ സുപ്രധാന ഘടകങ്ങളെന്ന് മേല്ഉദ്ധരിച്ച പ്രബലമായ ഹദീസ് വ്യക്തമാക്കുന്നുണ്ട്.ഒരു സത്യവിശ്വാസി ദൃടമായി വിശ്വസിക്കെണ്ടതായ പല കാര്യങ്ങൾ ഉണ്ട്.അവയിൽ പ്രധാനമായ ആറു കാര്യങ്ങളാണ് ഈമാൻ കാര്യങ്ങൾ എന്നറിയപ്പെടുന്നത്.ഇവയും ഇവയോട് ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ദൃഡമായും യുക്തിയുക്തമായും യഥാർത്ഥമായും വിശ്വാസിചങ്ങീകരിചെങ്കിൽ മാത്രമേ നാം യഥാർത്ഥമായും മുസ്‌ലീംകളായിത്തീരുകയുള്ളൂ.വിശ്വാസം ശരിയാകാതെ നാം എത്ര നിസ്കരിച്ചിട്ടും വ്രതമനുഷ്ട്ടിച്ചിട്ടും മറ്റു ആരാധനാ കർമങ്ങൾ അനുഷ്ട്ടിച്ചിട്ടും ഒരു പ്രയോജനവും ഇല്ല.അതിനാൽ വിശ്വാസ കാര്യങ്ങളെ കുറിച്ച് ഹ്രസ്വമായി അൽപം വിശദീകരിക്കാൻ  ആഗ്രഹിക്കുകയാണ്.

Thursday, September 19, 2013

നിസ്കാരം

നിസ്കാരം എന്ത് എന്തിന് 

അല്ലാഹു (സു) പറയുന്നു .എന്നെ ഓര്‍ക്കാൻ വേണ്ടി നിങ്ങൾ നിസ്കാരം നിര്‍വഹിക്കുക .(വി:ഖു ) നബി തിരുമേനി (സ) പറയുന്നു.നിസ്കാരം ദീനിൻറെ തൂണാകുന്നു .(ഹ) നല്ലത് പോലെ മനസിലാക്കുക,നിസ്കാരത്തിൽ നിങ്ങളുടെ നാഥനോടാണ് നിങ്ങൾ സംസാരിക്കുന്നത്.അതിനാൽ എങ്ങനെ നിസ്കരിക്കുന്നു എന്ന് ശ്രദ്ധിക്കേണ്ടതാണ്.നിസ്കാരം ശരിയായും കൃത്യമായും നിർവഹിക്കാൻ അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നു. നിസ്കാരവും അതിനോടനുബന്ധിച്ച    കാര്യങ്ങളും ശ്രദ്ധാപൂർവ്വം നിര്‍വഹിക്കണം  എന്നാണ് അതിനർത്ഥം .അതിനാൽ നിസ്കാരത്തിൽ മൂന്ന് കാര്യങ്ങൾ പൂര്ണമായും പാലിക്കേണ്ടിയിരിക്കുന്നു.ഒന്ന് വുളൂ (അംഗസ്നാനം ) യഥാക്രമം നിർവഹിക്കണം .നിര്ബന്ധ കർമങ്ങളോടൊപ്പം സുന്നത്തുകളും മുസ്തഹബുകളും നിർവഹിക്കുക,ഓരോ അവയവവും കഴുകുന്ന സമയത്ത് ഹദീസിൽ വന്നിട്ടുള്ള പ്രാർത്ഥനകൾ ചൊല്ലുക,അതോടൊപ്പം വസ്ത്രങ്ങളും വുളൂ എടുക്കുന്നതിനുള്ള വെള്ളവും ശുധിയുള്ളതാകാൻ ശ്രദ്ധിക്കുക-ഇതൊക്കെ ആവശ്യമാണ്,എന്നാൽ ഇക്കാര്യങ്ങളിലൊന്നും വസ്വാസി (ദുര്ബോധനതി)ൻറെ ഗണത്തിൽ പെടുത്തവുന്നവിധം കടും പിടുത്തം കാണിക്കരുത്.വസ്വാസ് പൈഷജികമാണ്.ആരാധനാ കർമങ്ങളിൽ ഏർപെടുന്ന സജ്ജനങ്ങളുടെ സമയം പിശാജ് ഇത്തരം ദുബോടനങ്ങളിൽ പാഴാക്കി കളയുന്നു.


നിസ്കരിക്കുന്ന വ്യക്തിയുടെ വസ്ത്രത്തിൻറെ  സ്ഥിതി പുറംതോട് പോലെയും ശരീരം അഗംതോട് പോലെയും ഹൃദയം പഴത്തിന്റെ കാമ്പ് പോലെയും ആണ് .പഴങ്ങല്കൊണ്ട് യാഥാർത്തത്തിൽ ഉദ്ദേശിക്കപ്പെടുന്നത് ഹൃദയം പരിശുദ്ധിയും പ്രകാശമാനവുമാവുകയെന്നതാണ്. 

      നിങ്ങൾക്കൊരുപക്ഷെ സംശയം തോന്നിയേക്കും, വസ്ത്രങ്ങൾ കഴുകി ശുദ്ധിയാക്കുന്നതുകൊണ്ട് ഹൃദയം എങ്ങനെയാൻ ശുദ്ധമായി തീരുക? എന്നാൽ ബഹ്യവും ആന്ധരികവുമായ വശങ്ങൾ തമ്മിൽ അല്ലാഹു സവിശേഷ ബന്ധം സ്ഥാപിച്ചിട്ടുണ്ട്,അത് നിമിത്തം ബാഹ്യമായ പരിശുദ്ധിയുടെ ഫലം ആന്ധരികമായ പരിശുധിവരെ തീര്ച്ചയായും എത്തിച്ചേരും.നിങ്ങൾ വുളു എടുത്ത് നിവർന്നു നിൽക്കുമ്പോൾ വുളുവിൻ മുന്പില്ലാത്ത എന്തോ ഒരു വിശുദ്ധിയും വിശാലതയും നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടായി തീരും എന്നതിൽ സംശയമില്ല.ശരീരത്തിൽ നിന്നും ഹൃദയതിലെക്കെത്തുന്ന വുളൂവിന്റെ ഫലമാണിത് എന്ന് വ്യക്തം.

2  നിസ്കാരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾ സുന്നത്തോ മുസ്തഹബൊ  ദികരോ ത്യേസ്ബീഹോ എന്തോ ആവട്ടെ അവ യഥാക്രമം നിര്വഹിക്കുക.ശരീരത്തിൻറെ ബാഹ്യ ശുദ്ധി ആന്തരിക ശുദ്ധിയിൽ സ്വാധീനം ചെലുത്തുന്നതുപോലെ നിസ്കാരത്തിന്റെ കർമങ്ങൾ ഹൃദയത്തിൽ പ്രകാശം പരത്തുകയും ചെയ്യും. ഔശധങ്ങളുടെ ചേരുവകളുടെ സ്വാധീന ശക്തിയെ കുറിച്ച് അന്ജനാനെങ്കിൽ പോലും രോഗിയുടെ അസ്വസ്ത്യം ഔശധം കഴിച്ചാൽ ഭെധമാകുമല്ലൊ,ഇതുപോലെ നിസ്കാരത്തിന്റെ കർമങ്ങലനുഷ്ട്ടിക്കുന്നത് കൊണ്ട് തീര്ച്ചയായും നമുക്ക് പ്രയോജനം ലഭിക്കും.ആ കർമങ്ങളുടെ രഹസ്യങ്ങളെയും സൂജനകളേയും കുറിച്ച് നാം അന്ജരനെങ്കിൽ പോലും.

               ജീവനുള്ള സൃഷ്ട്ടികളെ പോലെത്തന്നെ നിസ്കരത്തിനും അല്ലാഹു ഒരു രൂപവും ആത്മാവും പ്രധാനം ചെയ്തിട്ടുണ്ട്.നിയ്യത്തും ഹൃദയ സാന്നിധ്യവുമാകുന്നു  നിസ്കാരത്തിന്റെ ഹൃദയം.നിറുതതവും  ഇരുത്തവും നിസ്കാരത്തിന്റെ ശരീരവും,രുകൂഉം സുജൂദും അതിന്റെ ശിരസ്സും കൈകാലുകളുമാകുന്നു.നിസ്കരതിലുള്ള ദികൃകളുടെയും തസ്ബീഹുകളുടെയും അർത്ഥം മനസ്സിലാക്കുന്നത് കണ്ണുകളുടെ കാഴ്ചശക്തിയേയും കത്തുകളുടെ ശ്രവണശക്തിയേയും മറ്റും പോലെയാകുന്നു.സമടനതോടും ഭക്തിയോടും വിനയത്തോടും കൂടി കര്മാങ്ങലനുഷ്ടിക്കുക  എന്നത് നിസ്കാരത്തിന്റെ സൗന്ദര്യമാണ്.ശരീര ഘടനയും നിറവും മറ്റും ശരിയായ വിധതിലവുക എന്നതാണ് സൗന്ദര്യം കൊണ്ടുധേഷിക്കുന്നത്.അതായത് ഹൃദയ സനിദ്യത്തോടെയാണ് നിസ്കാരത്തിന്റെ കർമങ്ങൾ നിര്വഹിക്കുന്നത് എങ്കിൽ മനോഹരവും അഭിലഷനീയവുമായ ഒരു രൂപവും ആകൃതിയുമാണ്‌ ഉണ്ടാവുക.നിസ്കാരത്തിൽ അല്ലാഹുവുമായി സാമീപ്യം ലഭിക്കുന്ന ഒരു വ്യക്തി ,രാജാവിന്‌ അതീവ സുന്ദരിയായ ഒരു ദാസിയെ പാരിദൊഷികമായി കൊടുക്കുന്ന വ്യക്തിയെ പോലെയാണ്,ആ പ്രവര്ത്തിയിലൂടെ അവന് രാജാവിൻറെ സ്നേഹവും പരിഗണനയും ലഭിക്കുമല്ലോ.

             നിങ്ങളുടെ നിസ്കാരത്തിൽ ഹൃദയസന്നിദ്യമില്ലെങ്കിൽ മൃതയായ ജീവനില്ലാത്ത ദാസിയെ രാജാവിന് പരിടോഷികമായി നല്കുന്ന ആളുടെ സ്ഥിതിയാണ് അല്ലാഹുവിൻറെ പക്കൽ നിങ്ങള്ക്കുണ്ടാവുക. ഇത്തരം അവഹേളനം കാണിക്കുന്നവരെ രാജാവ് വധിച്ചു കളയുകയാണെങ്കിൽ തന്നെ അതിൽ അത്ഭുതപ്പെടേണ്ടതില്ലല്ലോ.റുക്കൂഓ സുജൂദൊ ഇല്ലാത്ത നിസ്കരമാണ് നിങ്ങൾ നിർവഹിക്കുനതെങ്കിൽ വിഗലംഗയായ ദാസിയെ സമ്മാനിക്കുന്ന പ്രതീതിയനുണ്ടാവുക.ദിക്ർകളുടെയും തസ്ബീഹ്കളുടെയും അർഥം അറിയാതെയോ ,അറിയാമെങ്കിൽ തന്നെ അവ ശ്രദ്ധിക്കാതെയോ ആണ്‍ നിങ്ങൾ നിസ്കരിക്കുന്നതെങ്കിൽ സർവങ്കങ്ങളും ഉണ്ടെങ്കിലും അവ പ്രവര്ത്തന ക്ഷമമല്ലാത്ത ദാസിയെ സമ്മാനിച്ച അവസ്ഥയാണ്‌ ഉണ്ടാവുക.കണ്ണുകളുണ്ട് പക്ഷെ കാഴ്ച്ചശക്തിയില്ല.കതുണ്ട് ,പക്ഷെ ശ്രവണ ശക്തിയില്ല .കൈകളും കാലുകളും ഉണ്ട് ,പക്ഷെ അവയൊന്നും പ്രവര്ത്തിക്കുന്നില്ല.ഇത്തരത്തിലുള്ള ഒരു ദാസിയാണ് ഇവിടെ  ഉദ്ദേശിക്കുന്നത്.അന്ധയും ബധിരയും മൂകയും മുദന്തിയുമായ ഒരു ദാസിയെയാണ് നിങ്ങൾ രാജസന്നിധിയിൽ സമർപ്പിക്കുന്നതെങ്കിൽ അത് സ്വീകരിക്കപ്പെടുമോ ഇല്ലെയോ എന്ന് നിങ്ങൾ തന്നെ  ആലോചിക്കുക.
 
                     നിങ്ങൾക്കൊരുപക്ഷേ ഇങ്ങനെ ഒരു സംശയം തോന്നാൻ ഇടയുണ്ട്,ഒരാൾ നിസ്കാരത്തിന്റെ നിര്ബന്ധകർമങ്ങൾ മാത്രം അനുഷ്ടിച്ചു നിസ്കരിച്ചു എന്ന് കരുതുക,ശരീഅത്ത് പണ്ഡിതന്മാർ ആ നിസ്കാരം സ്വീകാര്യമാണെന്നാണ് പറയുക,നിസ്കരിക്കുന്നവൻ അർഥം മനസ്സിലാക്കിയാലും ഇല്ലെങ്കിലും.നിസ്കാരം സ്വീകര്യമായാൽ ഏതാണോ യഥാർത്തത്തിൽ ഉദ്ദേശിക്കപ്പെടുന്നത് അതു ലഭിക്കുകയും ചെയ്യും അപ്പോൾ അര്ത്ഥം മനസ്സിലാക്കുന്നത് നിസ്കാരത്തിൽ അനിവാര്യമായ ഒന്നല്ല എന്നല്ലേ വ്യക്തമാക്കുന്നത്?

                              ഈ സംശയം ദൂരീകരിക്കുന്നതിൽ ഒരു കാര്യം മനസിലാക്കുക,ഇവിടെ ഷെരീഅത് പണ്ഡിതൻ ഒരു ഭിഷഗ്വരനെപ്പോലെയാണ്,അംഗവയ്കല്യമോ മറ്റെന്തെല്ലാം വയ്കല്യങ്ങളോ  ഉള്ള ഒരു വ്യക്തിയെ ഭിഷഗ്വരന്റെ മുമ്പാകെ ഹാജറാക്കി എന്ന് കരുതുക.ആത്മാവ് ഉള്ളിടത്തോളം കാലം ഭിഷഗ്വരൻ അവനെ നൊക്കിയിട്ട് വിധിക്കും ഇവൻ മൃതനല്ല ജീവനുള്ള മനുഷ്യൻ തന്നെയെന്ന്, അതുപോലെ നിസ്കാരത്തിന്റെ ആത്മാവും പ്രധാന അവയവങ്ങളും ഉള്ളതുകൊണ്ട് പണ്ഡിതൻ വിധിക്കും ഈ നിസ്കാരം സ്വീകാര്യം തന്നെയാണ്,ഇത്തരം സന്ദർഭങ്ങളിൽ  ഭിഷഗ്വരനും ശരീഅത് പണ്ഡിതനും തങ്ങളുടെ പദവിക്ക് അനുസൃതമായി നല്കുന്ന വിധി ശരി തന്നെയാണ്,എന്നാൽ രാജകീയ സദസ്സിലെ സാമീപ്യവും സ്വീകാര്യതയും നേടുന്നതിനു വേണ്ടി പരിദൊഷികം കൊടുക്കുന്ന അവസ്ഥയാണ് നിസ്കാരത്തിന്റെത്.ജീവനുണ്ടെങ്കിലും വയ്കല്യമുള്ള ഒരു ദാസിയെയാണ് രാജാവിന് പാരിദോഷികമായി കൊടുക്കുന്നതെങ്കിൽ അത് സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല ഇത്തരം പാറിദോഷികദാനം അവഹേളനമായി ഗണിക്കപ്പെടുകയും രാജാവിൻറെ അപ്രീതിക്ക് കാരണമായി തീരുകയും ചെയ്യും.അപൂർണ നിസ്കാരം മുഖേന അല്ലാഹുവിൻറെ സാമീപ്യം നേടാൻ ആഗ്രഹിക്കുകയാണെങ്കിൽ പഴകിപ്പിഞ്ഞിയ വസ്ത്രങ്ങൾ പോലെ കൊടുതവന്റെ മുഖത്തേക്ക് തന്നെ അത് വലിച്ചെറിയപ്പെട്ടാൽ അദ്ഭുതപ്പെടേണ്ടതില്ല. ചുരുക്കത്തിൽ നിസ്കാരം കൊണ്ട് ഉധേഷിക്കപ്പെടുന്നത് അല്ലാഹുവിനെ  വന്ദിക്കുകഎന്നതാണ്. നിസ്കാരത്തിന്റെ സുന്നതുകളിലും മുസ്തഹബുകളിലും മര്യാതകളിലും എത്രകണ്ട് കുരവുവരുന്നുണ്ടോ അത്ര കണ്ട് അല്ലാഹുവിനെ  വന്ദിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് കണക്കാക്കപ്പെടുക.

                                      3  നിസ്കാരത്തിന്റെ ആത്മാവിൻറെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക. അതായത് തുടക്കം മുതൽ ഒടുക്കം വരെയും നിസ്വാര്തതയും ഹൃദയ സന്നിദ്യവും നിലനിര്ത്തുക.നാവിൽനിന്ന് ഏതു വാക്കുകളാണോ പുറത്തു വരുന്നത്,അവയവങ്ങൾ കൊണ്ട് എന്ത്പ്രവർത്തനങ്ങളാണോ ചെയ്യുന്നത് അവയുടെ സ്വാധീനം ഹൃദയത്തിൽ സൃഷ്ട്ടിക്കുക, ഇപ്പറഞ്ഞതിന്റെ ഉദ്ദേശം അതാണ്.റുകൂഇൽ നാം ശരീരത്തെ കുനിക്കുമ്പോൾ നമ്മുടെ ഹൃദയത്തെയും അവശഭാവത്തിൽ അല്ലാഹുവിന്റെ മുന്പാകെ കുനിക്കണം."അല്ലാഹു അക്ബർ " (അല്ലാഹു വലിയവനാകുന്നു ) എന്ന് നാം പറയുമ്പോൾ അല്ലഹുവിനെക്കാൾ വലിയ ഒരു ശക്തിയും ഇല്ല എന്ന വസ്തുത നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ രൂഡമൂലമാകണം. "അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ" എന്ന് പറയുമ്പോൾ അല്ലാഹു നല്കിയ അനുഗ്രഹങ്ങൾക്കുള്ള നന്ദി നമ്മുടെ ഹൃദയത്തിൽ നിരഞ്ഞിരിക്കണം. "ഇയ്യക്കനബുദു വഇയ്യക്ക നസതഈൻ " എന്നാ വാക്കുകൾ നാവിൽ നിന്ന് പുറത്തു വരുമ്പോൾ നാം നിസ്സാരന്മാരും ദുർബലരും ആശ്രിതരും ആണെന്ന ബോധം നമ്മുടെ മനസ്സിൽ ഉണ്ടാകണം.അല്ലാഹുവിനെ മാത്രമേ ആരാധിക്കുകയുള്ളൂ, അവനോട്‌ മാത്രമേ സഹായമഭ്യർത്തിക്കുകയുള്ളൂ എന്ന പ്രതിജ്ഞ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുരുത്തിരിയണം. ചുരുക്കത്തിൽ ദിക്ർകളും തസ്ബീഹ്കളും ചലനങ്ങളും നിശ്ചലനങ്ങലുമെല്ലാം ബാഹ്യമായും ആന്തരികമായും ഒന്നായിരിക്കണം.അവ ഒന്നിനൊന്ന് യോജിക്കുകയും വേണം .

                            ഒരു കാര്യം കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു.ചിന്തിച്ചും ആലോജിച്ചും നിര്വഹിക്കുന്ന നിസ്കാരം മാത്രമേ സല്കർമങ്ങളുടെ പട്ടികയിൽ എഴുതപ്പെടുകയുള്ളു.മനസ്സനിദ്യത്തോടെയല്ലാതെ നിർവഹിക്കുന്ന നിസ്കാരം രേഖപ്പെടുത്തുകയില്ല.തുടക്കത്തിൽ പൂർണമായ ഹൃദയ സാന്നിദ്യത്തോടെ നിസ്കാരം നിർവഹിക്കുന്നതിൽ നിങ്ങൾക്ക് വിഷമം അനുഭവപ്പെട്ടെക്കും.എന്നാൽ ശ്രമിച്ചുനോക്കിയാൽ പതുക്കെ പതുക്കെ അതൊരു ശീലമായിതീരും.അതിനാൽ ഹൃദയ സന്നിദ്യത്തോടെ നിസ്കരിക്കുന്നതിൽ ശ്രദ്ധ കേന്ത്രീകരിക്കുക.ശ്രദ്ധ ക്രമേണ ക്രമേണ വളർത്തിക്കൊണ്ട് വരിക.ഉദാഹരണത്തിന് നാല് റകാഅത്താണ് നിങ്ങൾ നിസ്കരിക്കുന്നതെങ്കിൽ അതിൽ എത്രത്തോളം ഹൃദയ സാന്നിധ്യം കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തുക.രണ്ട് റകാഅത്ത് ഹൃദയ സാന്നിധ്യതോടെയും മറ്റു രണ്ട് റകാഅത്ത് അശ്രദ്ധയോടെയുമാണ് നിർവഹിച്ചതെങ്കിൽ ഹൃദയസാന്നിധ്യത്തോടെ നിർവഹിച്ച റകാഅത്തുകൾ മാത്രം കണക്കിൽപെടുത്തുക.മറ്റു രണ്ട് റകാഅത്തുകൾക്ക് പകരം സുന്നത് നിസ്കാരങ്ങൾ നിർവഹിക്കുക.അശ്രദ്ധ എത്ര കൂടുതലാണോ അതനുസരിച്ച് സുന്നത്ത് നിസ്കാരങ്ങൾ വർദ്ധിപ്പിക്കുക.പത്തു സുന്നത്ത് നിസ്കാരങ്ങൾ കൊണ്ട് നാല് റകാഅത്തിലെ ഹൃദയ സാന്നിധ്യം വീണ്ടെടുക്കാൻ കഴിയും.നമ്മുടെ ഫർള് നിസ്കാരങ്ങളിൽ സംഭവിച്ചിട്ടുള്ള പാകപ്പിഴവുകൾ അല്ലാഹു തൻറെ കാരുണ്യവും ഔദാര്യവും കൊണ്ട് ഈ സുന്നത്ത് നിസ്കാരങ്ങൾ മൂലം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുക - അതാണ് നമുക്ക് കരണീയമായിട്ടുല്ലത്.