Tuesday, November 19, 2013

നിര്‍ബന്ധ നിസ്കാരങ്ങളുടെ സമയം

             ഓരോ ദിവസവും അഞ്ചു നേരത്തെ നിസ്കാരങ്ങളാണ് ഓരോ മുസ്ലിമും നിര്‍ബന്ധമായും അനുഷ്ടിക്കേണ്ടത്. ഈ അഞ്ചു നിസ്കാരങ്ങളിലുമായി പതിനേഴു റക്അത്തുകളാണുള്ളത്. ഓരോ നിസ്കാരത്തിനും പ്രത്യേകം സമയങ്ങളുണ്ട്‌. ഓരോ നിസ്കാരത്തിന്‍റെയും സമയങ്ങള്‍ താഴെ വിവരിക്കുന്നു.

1. സുബ്ഹ് (രണ്ട് റക്അത്ത്) ഫജ്റസ്സാദിഖ് (ഉണ്മ പ്രഭാതം) മുതല്‍ സൂര്യന്‍ ഉദിക്കുന്നത് വരെയാണ് സുബ്ഹ് നിസ്കാരത്തിന്‍റെ സമയം.

2. ളുഹര്‍ (നാലു റക്അത്ത്) സൂര്യന്‍ മധ്യരേഖയില്‍ നിന്ന് തെറ്റിയതു മുതല്‍ ഒരു വസ്തുവിന്‍റെ നിഴല്‍ അതിന്‍റെ അത്ര ആകുന്നതു വരെയാണ് ളുഹറിന്‍റെ സമയം.

3. അസ്വര്‍ (നാലു റക്അത്ത്) ളുഹറിന്‍റെ സമയം തീര്‍ന്നതു മുതല്‍ സൂര്യാസ്ഥമയം വരെ അസ്വറിന്‍റെ സമയം നീണ്ടു നില്‍ക്കുന്നു.

4. മഗ് രിബ് (മൂന്നു റക്അത്ത്) സൂര്യന്‍ അസ്തമിച്ചത് മുതല്‍ പടിഞ്ഞാറേ ചക്രവാളത്തിലെ ചുവപ്പ് നിറം മായുന്നത് വരേയാണു മഗ് രിബ് നിസ്കാരത്തിന്‍റെ സമയം.

5. ഇശാഅ (നാലു റക്അത്ത്) പടിഞ്ഞാറേ ചക്രവാളത്തിലെ ചുവപ്പ് നിറം മാഞ്ഞതു മുതല്‍ പുലര്‍ച്ചെ (ഫജ്റുസ്സാദിഖ്) വരെയാണ് ഇശാ നിസ്കാരത്തിന്‍റെ സമയം.

ഖിബ് ലയെ അഭിമുഖീകരിക്കല്‍

               ഖിബ് ലയുടെ നേരെ തിരിയുക എന്നത് നിസ്കാരത്തിന്‍റെ ശര്‍ത്തുകളില്‍ ഒന്നാണ്. പരിശുദ്ധമക്കയിലെ കഅബാ മന്ദിരമാണ് നമ്മുടെ ഖിബല. നമ്മുടെ നാട്ടില്‍ നിന്ന് നോക്കുമ്പോള്‍ പടിഞ്ഞാറ് ഭാഗത്ത് നിന്ന് അല്പം വടക്കോട്ട്‌ മാറിയാണ് കഅബാ മന്ദിരം സ്ഥിതി ചെയ്യുന്നത്. ആ ഭാഗത്തേക്ക് തിരിഞ്ഞാണ് നാം നിസ്കരിക്കേണ്ടത്. നാം വളരെ വിദൂരത്തായതുകൊണ്ട് ഖിബലയുടെ ഭാഗം കണിശമായി മനസ്സിലാക്കിക്കൊള്ളണമെന്നില്ല. പണ്ഡിതന്മാരുടെ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ ഒരു ഏകദേശമായ ഉറപ്പ് ലഭിച്ചാല്‍ മതി.കഅബയുടെ അടുത്തുള്ളവര്‍ ശരീരം മുഴുവനും കഅബയുടെ ഭാഗത്തേക്ക് തന്നെ തിരിക്കണം.

Sunday, November 17, 2013

ഔറത്ത് മറക്കല്‍

        തങ്ങളുടെ ഔറത്ത് ( നഗ്നത) മറക്കല്‍ ഓരോ സ്ത്രീയുടെയും പുരുഷന്‍റെയും ഒഴിച്ചു കൂടാനാകാത്ത കര്‍ത്തവ്യമാണ്. നിസ്കാരത്തിന്‍റെ ശര്‍ത്തുമാണത്. നിസ്കരിക്കുമ്പോള്‍ പുരുഷന്മാരും അടിമ സ്ത്രീകളും തങ്ങളുടെ കാല്‍മുട്ടും പൊക്കിളും അവക്കിടയിലുള്ള സ്ഥലങ്ങളും മറക്കേണ്ടതാണ്. സ്വതന്ത്ര സ്ത്രീയാകട്ടെ തങ്ങളുടെ മുഖവും മുന്‍കൈയ്യും ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം മറക്കേണ്ടതാണ്. തൊലിയുടെ നിറം കാണിക്കാത്ത കട്ടിയുള്ള വസ്ത്രം കൊണ്ടാണ് ഔറത്ത് മറക്കെണ്ടത്. 

         സ്വതന്ത്ര സ്ത്രീകളുടെ ഔറത്ത് നാല് തരത്തിലാണെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ വിവരിച്ചിരിക്കുന്നു.

1. നിസ്കാരത്തില്‍ മറക്കെണ്ടത് മുഖവും മുന്‍കൈയ്യും ഒഴിച്ചുള്ള ഭാഗങ്ങള്‍.

2. പിതാവ്, സഹോദരന്മാര്‍ തുടങ്ങി വിവാഹം നിഷിദ്ധ മായവരില്‍ നിന്നും മറക്കേണ്ട ഭാഗങ്ങള്‍.

3. അന്യപുരുഷന്മാരില്‍ നിന്നും മറച്ചു വെക്കേണ്ടത്. ശരീരം മുഴുവനും സ്ത്രീകള്‍ അന്യപുരുഷന്മാരില്‍ നിന്നും മറച്ചു വെക്കേണ്ടതാണ്.

4. മുസ്ലിംകളല്ലാത്ത സ്ത്രീകളില്‍ നിന്നും മറച്ചു വെക്കേണ്ടത്. കണങ്കൈ, തലമുടി എന്നിവ അന്യമതക്കാരായ സ്ത്രീകളുടെ മുമ്പില്‍ കാണിക്കാവുന്നതാണ്.  

Tuesday, November 12, 2013

തയമ്മും എന്നാല്‍ എന്ത് ?

                 
                       വെള്ളം കിട്ടാതെ വരികയോ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അസുഖമെന്തെങ്കിലും ഉണ്ടാവുകയോ ചെയ്‌താല്‍ വുളുവിന്നും കുളിക്കും പകരം തയമ്മും ചെയ്യേണ്ടതാണ്. എന്താണ് തയമ്മും? ചില പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി മുഖത്തും കൈകളിലും മണ്ണ് ചേര്‍ക്കുന്നതിനാണ് തയമ്മും എന്ന് പറയുന്നത്.ഒരിക്കല്‍ തയമ്മും ചെയ്‌താല്‍ ഒരു ഫര്‍ള് നിസ്കാരം മാത്രമേ നിര്‍വഹിക്കാന്‍ പറ്റുകയുള്ളൂ. സുന്നത്ത് നിസ്കാരങ്ങളും ജനാസ നിസ്കാരങ്ങളും എത്ര വേണമെങ്കിലും നിര്‍വഹിക്കാവുന്നതാണ്.

തയമ്മുമിന്‍റെ ശര്‍ത്തുകള്‍ 

       തയമ്മും സ്വീകാര്യമാകുന്നതിന്നു അഞ്ചു ശര്‍ത്തുകളാണുള്ളത്.

1. നിസ്കാരത്തിന്‍റെ സമയം ആയതിനു ശേഷം മാത്രം തയമ്മും ചെയ്യുക.

2. ഫര്‍ളിന് ഉപയോഗിക്കപ്പെടാത്ത ശുദ്ധിയുള്ള തനി മണ്ണ്കൊണ്ടാകുക.

3. പൊടിയുള്ള മണ്ണായിരിക്കുക.

4. തയമ്മും ചെയ്യുന്നതിനു മുമ്പ് ശരീരത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക.

5. വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വരുക.

ഇവയാണ് തയമ്മും സ്വീകാര്യമാകുന്നത്തിനുള്ള ശര്‍ത്തുകള്‍.

തയമ്മുമിന്‍റെ ഫര്‍ളുകള്‍ 

           തയമ്മുമിന് അഞ്ചു ഫര്‍ളുകളാണുള്ളത്. അവ താഴെ പറയുന്നു.

1. നിയ്യത്ത് : ഫര്‍ളു നിസ്കാരത്തെ ഹലാലാക്കാന്‍ വേണ്ടി തയമ്മും ചെയ്യുന്നു എന്ന് മനസ്സില്‍ കരുതുക. മണ്ണെടുക്കുന്നതുമുതല്‍ നിയ്യത്തുണ്ടാവണം. മുഖം തടകുന്നതുവരെ നിയ്യത്ത് നീണ്ടു നില്‍ക്കുകയും വേണം.അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ മറ്റോ നിയ്യത്ത് ചെയ്‌താല്‍ മതിയാവുകയില്ല.

2. മണ്ണ് അടിച്ചെടുക്കുക.

3. മുഖം തടകുക.

4. രണ്ടാമതും മണ്ണ് അടിച്ചെടുത്ത് രണ്ടു കൈകളും മുട്ട് ഉള്‍പ്പടെ തടകുക.

5. ഈ കര്‍മങ്ങള്‍ ഈ പറഞ്ഞ ക്രമത്തില്‍ തന്നെ നിര്‍വഹിക്കുക.  


തയമ്മുമിന്‍റെ സുന്നത്തുകള്‍  

             ഫര്‍ളുകള്‍ മാത്രം നിര്‍വഹിച്ചാല്‍ തന്നെ തയമ്മുമിന്‍റെ ചെറിയ രൂപമായി.എന്നാല്‍ വുളുവിനും കുളിക്കും എന്നപോലെ തയമ്മുമിനും ചില സുന്നത്തുകളുണ്ട്. അവ തയമ്മുമിനെ പൂര്‍ണതയില്‍ എത്തിക്കുന്നു. 
തയമ്മുമിന്‍റെ സുന്നത്തുകള്‍ താഴെ പറയുന്നു.

1. " ബിസ്മില്ലാഹി ......... " എന്ന് ചൊല്ലിക്കൊണ്ട് തയമ്മും തുടങ്ങുക.

2. തയമ്മും ചെയ്യുമ്പോള്‍ ഖിബ് ലയെ അഭിമുഖീകരിക്കുക.

3. മുഖത്തിന്‍റെ മേല്‍ഭാഗം കൊണ്ട് തയമ്മും ചെയ്തു തുടങ്ങുക.

4. ഇടതു കയ്യിനേക്കാള്‍ വലതു കൈ മുന്തിക്കുക.

5. മണ്ണുപൊടി നേരിയതാവുക.

6. മണ്ണ് അരിച്ചെടുക്കുമ്പോള്‍ വിരലുകളെ അകറ്റിപ്പിടിക്കുക.

7. തയമ്മുമിന്‍റെ കര്‍മങ്ങള്‍ വഴിക്കുവഴിയായി നിര്‍വഹിക്കുക.

      കൈവിരലില്‍ മോതിരം ഉണ്ടെങ്കില്‍ രണ്ടാമതുപ്രാവശ്യം മണ്ണടിച്ചെടുക്കുമ്പോള്‍ നിര്‍ബന്ധമായും അത് ഊരി വെക്കണം. കുറച്ച് വെള്ളം കൈവശമുണ്ടെങ്കില്‍ അത് സാധ്യമാകുന്നത്ര വുളു എടുക്കുക. ബാക്കി ഭാഗത്തിനു വേണ്ടി തയമ്മും ചെയ്യണം. മുറിവ് കാരണം വെള്ളം ഉപയോഗിക്കാന്‍ കഴിയുകയില്ലെങ്കില്‍ മുറിവില്ലാത്ത ഭാഗം വുളു എടുക്കുകയും മുറിവിന്നു വേണ്ടി തയമ്മും ചെയ്യുകയും വേണം. രണ്ടു വ്യത്യസ്ത അവയവങ്ങളില്‍ മുറിവുകളുണ്ടെങ്കില്‍ ഉദാഹരണത്തിന് കയ്യിലും കാലിലും മുറിവുകളുണ്ടെങ്കില്‍  രണ്ടു തയമ്മും ചെയ്യേണ്ടി വരും. രണ്ടു കൈകളിലും മുറിവുകളുണ്ടെങ്കില്‍ ഒരു തയമ്മും തന്നെ മതിയാകുന്നതാണ്.

തയമ്മുമിന്‍റെ രൂപം 

               നിര്‍ബന്ധ നിസ്കാരത്തിനുള്ള സമയം ആഗതമായാല്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്തവര്‍ ശുദ്ധിയുള്ള പൊടിയുള്ള തനി മണ്ണ് എടുക്കുക. വിരലുകളില്‍ മോതിരം ഉണ്ടെങ്കില്‍ അത് ഊരി വെക്കുകയും " ബിസ്മില്ലാഹി റഹ്മാനി റഹീം " എന്ന് ചൊല്ലിക്കൊണ്ട് നിസ്കാരത്തെ ഹലാലാക്കാന്‍ വേണ്ടി ഞാന്‍ തയമ്മും ചെയ്യുന്നു എന്ന് മനസ്സില്‍ കരുതിക്കൊണ്ട് രണ്ടു കൈവെള്ളകള്‍ മണ്ണിലടിക്കുക. എന്നിട്ട് കൈവെള്ളകള്‍ കൊണ്ട് മുഖം തടകുക. വീണ്ടും മണ്ണിലടിച്ച് വലതു കൈ കൊണ്ട് ഇടതു കൈയ്യും  ഇടതു കൈ കൊണ്ട് വലതു കൈയ്യും തടകുകയും ചെയ്യുക. ഇതാണ് തയമ്മും ചെയ്യേണ്ട രീതി.