റസൂലിന്റെ ബാല്യം


ഒരു കുട്ടി മിണ്ടിപ്പറയാൻ തുടങ്ങുന്നത് തൊട്ട് അതിന്റ ബാല്യം തുടങ്ങുകയായി. ഭാവിയിൽ ആരാകുമെന്ന് ഒരു കുഞ്ഞ് പ്രകടിപ്പിച്ച് തുടങ്ങുന്ന കാലമെന്നാണ് മനശാസ്ത്രകാരൻമാർ ഇക്കാര്യത്തെ കുറിച്ച് പറയുന്നത്. എന്നാൽ പതിവു ബാല്യങ്ങളിൽ നിന്ന് ഏറെ വ്യത്യസ്ഥമാണ് റസൂലിന്റെ ബാല്യം. ശിശുവായിരിക്കെ തന്നെ റസൂലിൽ ബാല്യത്തിന്റെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. 

                 ഉമ്മ ആമിനാ ബീവി തന്റെ പൊന്നുമോനെ പറ്റി പറയുന്നത് കേൾക്കുക. എന്റെ കുഞ്ഞിന്റ സ്ഥിതി അത്ഭുതം തന്നെ.  ഞാനിവനെ ഗർഭം ചുമന്നു എന്നത് ശരി. പക്ഷെ എനിക്ക് ഗർഭസംബന്ധമായ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. കുട്ടി വയറ്റിൽ കിടക്കുന്നതിന്റ ഭാരം തോന്നിയിട്ടേയില്ല. അനുഗ്രഹങ്ങളുടെ പൂക്കാലം. പെറ്റു വീണ പാടെ എന്നിൽ നിന്ന് കൊള്ളിയാൻ പോലെ ഒരു പ്രകാശ വീചി പുറത്തുവന്നു. നോക്കുമ്പോൾ ആ വെളിച്ചത്തിൽ ബുസ്റാ പട്ടണത്തിലെ ഒട്ടകങ്ങളുടെ കഴുത്തുകൾ കാണാൻ സാധിക്കുന്നു. കൈകൾ രണ്ടും നിലത്തു കുത്തി തല ആകാശത്തേക്കുയർത്തിയാണ് ഇവൻ ഭൂമിയിലേക്ക് പിറക്കുന്നതു തന്നെ ( ഇബ്നു ഹിബ്ബാൻ ) 

            അനന്തരം ആ കുഞ്ഞ് ഒരു പിടി മണ്ണ് തന്റെ കുഞ്ഞിക്കൈകളിൽ വാരിപ്പിടിച്ചു. ഇബ്നുൽ ജൗസി അൽ വഫായിൽ ഇത് രേഖപ്പെടുത്തി. പിന്നീട് കുട്ടി സജൂദിൽ വീണു. 

         അല്ലാമാ ശംസുദ്ധീൻ ജൗഹരി എഴുതിയതും മറിച്ചല്ല. കണ്ണുകൾ മേലോട്ടുയർത്തിക്കൊണ്ടും പെറ്റു വീണത് ഉന്നത സ്ഥാനവും നേതൃത്വ പദവിയും മേളിക്കുന്ന കുഞ്ഞാണിത് എന്നതിന്റെ ലക്ഷണം തന്നെ . വാക്കു കൊണ്ടല്ല കർമം കൊണ്ടു തന്നെ താൻ അല്ലാഹുവിന്റ അടിമയാണെന്ന് തെളിയിക്കുന്നതാണ് ഈ സുജൂദ്. സാധാരണ ഗതിയിൽ ഏഴ് വയസാവുമ്പോൾ കുട്ടികളോട് നിസ്കരിക്കാൻ പറയണമെന്നാണ് കൽപന. എന്നാൽ റസൂൽ (സ) പെറ്റു വീണതേ സുജൂദിലേക്ക്. അതുകൊണ്ടാണ് ഈ ശിശു പെറ്റു വീണപ്പോളേ ബാല്യ ലക്ഷണങ്ങൾ കാണിച്ചു എന്ന് പറയുന്നത്.

            ചേലാകർമം ചെയ്യപ്പെട്ട നിലയിലാണ് ജനനം. ഇതും ബാല്യകാലാടയാളം തന്നെ. ഇതേ കുറിച്ച് തിരുനബി (സ്വ) പറയുന്നത് കേൾക്കൂ എനിക്ക് എന്റെ രക്ഷിതാവ് നൽകിയ മഹത്തായ ആദരം തന്നെയാണ് ചേലാകർമം ചെയ്യപ്പെട്ട രീതിയിൽ ജനിക്കാൻ കഴിഞ്ഞു എന്നത്. എന്റെ നഗ്നത ആ പേരിൽ പിന്നെയാരും കാണേണ്ടി വന്നിട്ടില്ല തന്നെ ( മാലിക് ,ത്വബ്റാനി)               തികഞ്ഞ വൃത്തിയോടെയാണ് കുഞ്ഞിന്റെ പിറവി. മേച്ചതകൾ ഒന്നുമില്ല. നിലത്ത് കൈകൾ കുത്തി അങ്ങനെയിരിക്കുന്നു. അബ്ബാസിബ്നു അബ്ദുൽ മുത്വലിബ് ഒരിക്കൽ നബിയോട് പറഞ്ഞത് ചരിത്രം കേട്ടു . തിരു നബിയേ എന്നെ ഇസ്ലാമിലേക്ക് ആകർഷിച്ചത് തൊട്ടിൽ പ്രായത്തിൽ ഞാൻ കണ്ട അൽഭുതമാണ്. അക്കാലത്തൊരിക്കൽ ഞാൻ വന്നപ്പോൾ അങ്ങ് ചന്ദ്രനെ നോക്കി വിരലുകൾ കൊണ്ട് ആഗ്യം കാട്ടി എന്തൊക്കയോ സംസാരിക്കുന്നു. ഇതു കേട്ടപ്പോൾ തിരുനബി(സ്വ) പറഞ്ഞു ശരിയാണ് ഞാൻ അന്ന് ചന്ദ്രനോട് സംസാരിക്കും ചന്ദ്രൻ ഇങ്ങോട്ടും മിണ്ടിപ്പറയും. എന്റെ കരച്ചിൽ മാറ്റാനായി അത് എന്റെ ശ്രദ്ധ ആകർഷിക്കും. സത്യത്തിൽ ചന്ദ്രൻ അർ ഷിന്റെ കീഴെ സുജൂദ് ചെയ്യുന്ന ശബ്ദം ഞാൻ കേൾക്കാറുണ്ടായിരുന്നു.  ഇബ്നു ഹജർ സ്വഹീഹായ പരമ്പരയിൽ നിവേദനം ചെയ്തത്. (ത്വബ്റാനി, ബൈഹക്കി)

                നോക്കൂ അദ്ഭുതല്ലേ ? മറ്റു കുട്ടികളുടെ ശൈശവമോ ബാല്യമോ പോലെയല്ല നബി (സ്വ) യുടേത്. പെറ്റു വീണപ്പോൾ ആ കുട്ടി ലോകത്തോട് സംസാരിക്കുന്നു.  ലോകം കുട്ടിയെ താരാട്ടുന്നു.  പലരും കുട്ടിയിൽ ആകൃഷ്ടരാവുന്നു. ചിലർക്ക് ഇസ്‌ലാമിലേക്ക് വരാനുള്ള പ്രചോദനം പോലും ഈ ശൈശവമാണ് അല്ലെങ്കിൽ ബാല്യമാണ്.

No comments:

Post a Comment