Friday, October 4, 2013

നജസുകള്‍ അഥവാ മാലിന്യങ്ങള്‍

                എന്തൊക്കെയാണ് നജസുകള്‍? മലം, മൂത്രം, വദയ് (ക്ഷീണമുണ്ടാകുമ്പോള്‍ മുന്‍ ദ്വാരത്തില്‍ കൂടി സ്രവിക്കുന്ന ദ്രാവകം) മദ് യ്  (വികാരം ഉളവാകുമ്പോള്‍ മുന്‍ദ്വാരത്തില്‍ കൂടി സ്രവിക്കുന്ന ഒരു ദ്രാവകം ), ചലം, ചര്‍ദി, ലഹരി പാനീയങ്ങള്‍,ആഹരിക്കപ്പെടാത്ത മൃഗങ്ങളുടെ പാല്‍, ആഹരിക്ക പെടാത്ത മൃഗങ്ങളുടെ കൊഴിഞ്ഞു വീണ രോമം,മനുഷ്യന്‍, മത്സ്യം, ജറാദു (വെട്ടുകിളി)എന്നിവ അല്ലാത്തവയുടെ ശവങ്ങള്‍, പന്നി, നായ ഇവയെല്ലാം നജസുകളാകുന്നു.

                   നേരിയ തോതിലുള്ള രക്തം, ചലം, ചര്‍ദി, ചെള്ള്, കൊതുക്, മൂട്ട തുടങ്ങിയ ചെറിയ പ്രാണികളുടെ രക്തം ഇവ വിട്ടു വീഴ്ചയുള്ള നജസുകളാണ്. നായ, പന്നി എന്നിവ മൂലം മലിനമായ വസ്തുക്കള്‍ ഏഴു പ്രാവശ്യം കഴുകിയെങ്കിലെ ശുദ്ധിയാവുകയുള്ളൂ.അതില്‍ ഒരു പ്രാവശ്യം ശുദ്ധിയുള്ള മണ്ണ് കലര്‍ത്തിയ വെള്ളം കൊണ്ടായിരിക്കണം കഴുകുന്നത്.പാല് മാത്രം കഴിക്കുന്ന രണ്ടു വയസ്സ് തികയാത്ത ആണ്‍ കുട്ടിയുടെ മൂത്രം ആയ സ്ഥലത്ത് വെള്ളം കുടഞ്ഞാല്‍ ശുദ്ധിയാകും. മറ്റു നജസുകളെല്ലാം ശുദ്ധിയാക്കാന്‍ നജസിന്‍റെ രുചിയും, മണവും, നിറവും നീങ്ങി പോകുന്നത് വരെ കഴുകണം.

                  നജസുകള്‍ കൊണ്ട് മലിനമായ വസ്തുക്കള്‍ ശുധിയാക്കുന്ന ക്രമമാണിവിടെ പറഞ്ഞത്. എന്നാല്‍ നജസുകളില്‍ നിന്ന്‍ മാലിന്യങ്ങളില്‍ നിന്ന്‍ രണ്ടെണ്ണം മാത്രമേ ശുദ്ധിയാവുകയുള്ളൂ. മറ്റുള്ളവയൊന്നും എന്ത് ചെയ്താലും ശുദ്ധിയാവുകയില്ല.കള്ളും ശവത്തിന്‍റെ തോലുമാണ് ശുദ്ധിയാകുന്ന നജസുകള്‍ . കള്ളു സ്വയം സുര്‍ക്കയാകുന്നത് കൊണ്ടും ശവത്തിന്‍റെ തോല്‍ ഊറക്കിടുന്നതു കൊണ്ടും ശുദ്ധിയാകും.നായയുടെയും പന്നിയുടെയും തോല്‍ ഊറക്കിട്ടാലും ശുദ്ധിയാവുകയില്ല.

                    പാല്‍, സുര്‍ക്ക, തുടങ്ങിയ ദ്രവപദാര്‍ഥങ്ങള്‍ മലിനമായാല്‍ ശുദ്ധീകരിക്കാന്‍ യാതൊരു മാര്‍ഗവുമില്ല ഉറച്ച നെയ്യ് പോലുള്ള ഖര പദാര്‍ഥങ്ങളില്‍ നജസ് വീണാല്‍ ആ നജസും അതിനു ചുറ്റുമുള്ളതും എടുത്തു കളഞ്ഞാല്‍ മതിയാകും.മൂത്രം വീണ് വറ്റിയ സ്ഥലത്ത് നിറവും മണവും രുചിയും ഇല്ലങ്കില്‍ വെള്ളം ഒഴിച്ചാല്‍ തന്നെ ശുദ്ധിയാകും.

                      രണ്ട് ഖുല്ലത്തില്‍ കുറവുള്ള വെള്ളം കൊണ്ടാണ് മലിനമായതിനെ ശുദ്ധിയാക്കുന്നതെങ്കില്‍ വെള്ളത്തിലിട്ട് കഴുകരുത്.വെള്ളം അതിലേക്ക് ഒഴിച്ചു കഴുകുകയാണ് വേണ്ടത്.രണ്ടു ഖുല്ലത് തികയാത്ത വെള്ളത്തില്‍ മലിനമായ സാധനം ഇട്ട് കഴുകുകയാണെങ്കില്‍ അത് ശുദ്ധിയാവുകയില്ല എന്ന്‍ മാത്രമല്ല വെള്ളം മലിനമാവുകയും ചെയ്യും.

                       രണ്ട് ഖുല്ലത്തോ അതില്‍ കൂടുതലോ ഉള്ള വെള്ളത്തില്‍ നജസ് വീണാല്‍ വെള്ളം മലിനമാകണമെന്നില്ല. വെള്ളത്തിന്‍റെ നിറമോ രുചിയോ മണമോ വ്യത്യാസപ്പെട്ടു കണ്ടാല്‍ വെള്ളം മലിനമാവുകയും ചെയ്യും.രണ്ട് ഖുല്ലത്തില്‍ കുറവുള്ള വെള്ളത്തില്‍ നജസ് വീണാല്‍ നിറമോ മണമോ രുചിയോ  വ്യത്യാസപ്പെട്ടില്ലെങ്കിലും വെള്ളം മലിനമാകും.എന്നാല്‍ ചെള്ള്, കൊതുക് മുതലായ ഒലിക്കുന്ന രക്തമില്ലാത്ത പ്രാണികളുടെ ശവം വീണത്‌ കൊണ്ടോ, മഴയത്ത് തെറിച്ചത്‌ കൊണ്ടോ വെള്ളം മലിനമാവുകയില്ല.ഒന്നേകാല്‍ മുഴം നീളവും വീതിയും ആഴവും ഉള്ള ഒരു പാത്രത്തില്‍ കൊള്ളുന്ന വെള്ളം അതാണ്‌ രണ്ട് ഖുല്ലത്ത് വെള്ളം എന്നത്കൊണ്ടുദേശിക്കുന്നത് .

No comments:

Post a Comment