Wednesday, October 2, 2013

നിയമ വിധികള്‍ അഞ്ച്

         ഇസ്ലാമിലെ നിയമ വിധികള്‍ അഞ്ച് ഇനങ്ങളായി തരം തിരിക്കപ്പെട്ടിട്ടുണ്ട്. വാജിബ്,സുന്നത്ത്,ഹറാം,കറാഹത്ത്,ഹലാല്‍ ഇവയാണ് ആ നിയമ വിധികള്‍ .. പ്രവര്‍ത്തിച്ചാല്‍ പ്രതിഫലവും ഉപേക്ഷിച്ചാല്‍ ശിക്ഷയും ലഭിക്കുന്നതിനാണ് വാജിബ് എന്ന്‍ പറയുന്നത്.ഇതിനു ഫര്‍ള് എന്നും പേരുണ്ട്.ഫര്‍ളുകള്‍ രണ്ടു തരമുണ്ട്.

1. * ഫര്‍ള്ഐന്‍ (വ്യക്തിപരമായ നിര്‍ബന്ധം) : ഓരോരുത്തര്‍ക്കും വ്യക്തിപരമായി നിര്‍ബന്ധമുള്ള കാര്യമാണ് ഫര്‍ള്ഐന്‍ എന്ന് പറയുന്നത്.ഒരോരുത്തരും സ്വയം അനുഷ്ടിച്ചാല്‍ മാത്രമേ ശിക്ഷയില്‍ നിന്ന്‍ ഒഴിവാവുകയുള്ളൂ.നിസ്കാരം,നോമ്പ്,സക്കാത്ത്,ഹജ്ജ് തുടങ്ങിയവ ഉദാഹരണം.

        * ഫര്‍ള് കിഫായ (സാമൂഹ്യ നിര്‍ബന്ധം) : സമൂഹത്തിനു മൊത്തത്തില്‍ നിര്‍ബന്ധമായതാണ് ഫര്‍ള്കിഫായ.ആരെങ്കിലും ഒരാള്‍ ആ കര്‍ത്തവ്യം നിര്‍വഹിച്ചാല്‍ എല്ലാവരുടെയും ബാധ്യത തീരും.ആരും നിര്‍വഹിചില്ലെങ്കില്‍ എല്ലാവരും കുറ്റവാളികളായി തീരുകയും ചെയ്യും.ജനാസ നിസ്കാരം, മയ്യിത്ത് കഫന്‍ ചെയ്യുക, കബറടക്കുക തുടങ്ങിയവ ഉദാഹരണം.

2. സുന്നത്ത് : പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം കിട്ടുന്നതും ഉപേക്ഷിച്ചാല്‍ ശിക്ഷ ലഭിക്കാത്തതുമായ കാര്യങ്ങള്‍ക്കാണ് സുന്നത്ത് എന്ന് പറയുന്നത്.ഖുര്‍ആന്‍ പാരായണം ചെയ്യുക,ദാന ധര്‍മങ്ങള്‍ ചെയ്യുക തുടങ്ങിയവ സുന്നത്തില്‍ പെട്ടതാണ്.സുന്നത്തിനു മുസ്തഹബ്ബ് എന്നും മന്‍ദൂബ് എന്നും പറയുന്നു.നഫല് എന്ന പദവും ഈ അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്നു.

3. ഹറാം : പ്രവര്‍ത്തിച്ചാല്‍ ശിക്ഷയും ഉപേക്ഷിച്ചാല്‍ പ്രതിഫലവും ലഭിക്കുന്ന കാര്യങ്ങള്‍ക്ക് ഹറാം എന്ന് പറയുന്നു.മദ്യപാനം, മോഷണം,പരദൂഷണം തുടങ്ങിയവ എല്ലാം ഹറാമായ നിഷിദ്ധമായ കാര്യങ്ങളാകുന്നു.

4. കറാഹത്ത് (മക്റൂഹ് ) : പ്രവര്‍ത്തിച്ചാല്‍ ശിക്ഷ ലഭിക്കുക ഇല്ലെങ്കിലും ഉപേക്ഷിച്ചാല്‍ പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍ക്ക് കറാഹത്ത് എന്ന്‍ പറയുന്നു.വലതു ഭാഗത്തേക്കും മുന്‍ ഭാഗത്തേക്കും തുപ്പുക എന്നത് മക്റൂഹായ കാര്യമാകുന്നു.കറാഹത്ത് രണ്ടുതരമുണ്ട്. കറാഹത്തുതഹ്‌രീം , കറാഹത്തു തന്‍സീഹ് എന്നിവയാണവ.ഇതില്‍ ആദ്യത്തേത് ഗൗരവം കൂടിയതും രണ്ടാമത്തേത് ഗൗരവം കുറഞ്ഞതുമാണ്.മറവു കൂടാതെ ബൈത്തുല്‍ മുഖദ്ദസ്സിന്‍റെ ഭാഗത്തേക്ക് തിരിഞ്ഞ് മലമൂത്ര വിസര്‍ജനം നടത്തുന്നത് ഹറാം അല്ലെങ്കില്‍ തഹ്രീമിന്‍റെ കരാഹത്താണ്.

5. ഹലാല്‍ : ചെയ്യുന്നതിനോ ഉപേക്ഷിക്കുന്നതിനോ വിരോധിക്കുന്നതിനോ വിരോധമില്ലാത്ത കാര്യങ്ങള്‍ക്ക് ഹലാല്‍ എന്ന് പറയുന്നു.മുന്തിയ വസ്ത്രം ധരിക്കുക,മേത്തരം ഭക്ഷണം കഴിക്കുക തുടങ്ങിയവ ഹലാലായ കാര്യങ്ങളില്‍ പെടുന്നു.ഹലാലിനു മുബാഹ് എന്നും പറയാറുണ്ട്.

                   ഇസ്ലാമിക ശരീഅത്തിലെ ഏതൊരു നിയമവും ഈ അഞ്ചില്‍ ഒന്നിന്‍റെ പരിധിയില്‍ പെട്ടതായിരിക്കും.

No comments:

Post a Comment