Tuesday, November 19, 2013

നിര്‍ബന്ധ നിസ്കാരങ്ങളുടെ സമയം

             ഓരോ ദിവസവും അഞ്ചു നേരത്തെ നിസ്കാരങ്ങളാണ് ഓരോ മുസ്ലിമും നിര്‍ബന്ധമായും അനുഷ്ടിക്കേണ്ടത്. ഈ അഞ്ചു നിസ്കാരങ്ങളിലുമായി പതിനേഴു റക്അത്തുകളാണുള്ളത്. ഓരോ നിസ്കാരത്തിനും പ്രത്യേകം സമയങ്ങളുണ്ട്‌. ഓരോ നിസ്കാരത്തിന്‍റെയും സമയങ്ങള്‍ താഴെ വിവരിക്കുന്നു.

1. സുബ്ഹ് (രണ്ട് റക്അത്ത്) ഫജ്റസ്സാദിഖ് (ഉണ്മ പ്രഭാതം) മുതല്‍ സൂര്യന്‍ ഉദിക്കുന്നത് വരെയാണ് സുബ്ഹ് നിസ്കാരത്തിന്‍റെ സമയം.

2. ളുഹര്‍ (നാലു റക്അത്ത്) സൂര്യന്‍ മധ്യരേഖയില്‍ നിന്ന് തെറ്റിയതു മുതല്‍ ഒരു വസ്തുവിന്‍റെ നിഴല്‍ അതിന്‍റെ അത്ര ആകുന്നതു വരെയാണ് ളുഹറിന്‍റെ സമയം.

3. അസ്വര്‍ (നാലു റക്അത്ത്) ളുഹറിന്‍റെ സമയം തീര്‍ന്നതു മുതല്‍ സൂര്യാസ്ഥമയം വരെ അസ്വറിന്‍റെ സമയം നീണ്ടു നില്‍ക്കുന്നു.

4. മഗ് രിബ് (മൂന്നു റക്അത്ത്) സൂര്യന്‍ അസ്തമിച്ചത് മുതല്‍ പടിഞ്ഞാറേ ചക്രവാളത്തിലെ ചുവപ്പ് നിറം മായുന്നത് വരേയാണു മഗ് രിബ് നിസ്കാരത്തിന്‍റെ സമയം.

5. ഇശാഅ (നാലു റക്അത്ത്) പടിഞ്ഞാറേ ചക്രവാളത്തിലെ ചുവപ്പ് നിറം മാഞ്ഞതു മുതല്‍ പുലര്‍ച്ചെ (ഫജ്റുസ്സാദിഖ്) വരെയാണ് ഇശാ നിസ്കാരത്തിന്‍റെ സമയം.

ഖിബ് ലയെ അഭിമുഖീകരിക്കല്‍

               ഖിബ് ലയുടെ നേരെ തിരിയുക എന്നത് നിസ്കാരത്തിന്‍റെ ശര്‍ത്തുകളില്‍ ഒന്നാണ്. പരിശുദ്ധമക്കയിലെ കഅബാ മന്ദിരമാണ് നമ്മുടെ ഖിബല. നമ്മുടെ നാട്ടില്‍ നിന്ന് നോക്കുമ്പോള്‍ പടിഞ്ഞാറ് ഭാഗത്ത് നിന്ന് അല്പം വടക്കോട്ട്‌ മാറിയാണ് കഅബാ മന്ദിരം സ്ഥിതി ചെയ്യുന്നത്. ആ ഭാഗത്തേക്ക് തിരിഞ്ഞാണ് നാം നിസ്കരിക്കേണ്ടത്. നാം വളരെ വിദൂരത്തായതുകൊണ്ട് ഖിബലയുടെ ഭാഗം കണിശമായി മനസ്സിലാക്കിക്കൊള്ളണമെന്നില്ല. പണ്ഡിതന്മാരുടെ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ ഒരു ഏകദേശമായ ഉറപ്പ് ലഭിച്ചാല്‍ മതി.കഅബയുടെ അടുത്തുള്ളവര്‍ ശരീരം മുഴുവനും കഅബയുടെ ഭാഗത്തേക്ക് തന്നെ തിരിക്കണം.

Sunday, November 17, 2013

ഔറത്ത് മറക്കല്‍

        തങ്ങളുടെ ഔറത്ത് ( നഗ്നത) മറക്കല്‍ ഓരോ സ്ത്രീയുടെയും പുരുഷന്‍റെയും ഒഴിച്ചു കൂടാനാകാത്ത കര്‍ത്തവ്യമാണ്. നിസ്കാരത്തിന്‍റെ ശര്‍ത്തുമാണത്. നിസ്കരിക്കുമ്പോള്‍ പുരുഷന്മാരും അടിമ സ്ത്രീകളും തങ്ങളുടെ കാല്‍മുട്ടും പൊക്കിളും അവക്കിടയിലുള്ള സ്ഥലങ്ങളും മറക്കേണ്ടതാണ്. സ്വതന്ത്ര സ്ത്രീയാകട്ടെ തങ്ങളുടെ മുഖവും മുന്‍കൈയ്യും ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം മറക്കേണ്ടതാണ്. തൊലിയുടെ നിറം കാണിക്കാത്ത കട്ടിയുള്ള വസ്ത്രം കൊണ്ടാണ് ഔറത്ത് മറക്കെണ്ടത്. 

         സ്വതന്ത്ര സ്ത്രീകളുടെ ഔറത്ത് നാല് തരത്തിലാണെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ വിവരിച്ചിരിക്കുന്നു.

1. നിസ്കാരത്തില്‍ മറക്കെണ്ടത് മുഖവും മുന്‍കൈയ്യും ഒഴിച്ചുള്ള ഭാഗങ്ങള്‍.

2. പിതാവ്, സഹോദരന്മാര്‍ തുടങ്ങി വിവാഹം നിഷിദ്ധ മായവരില്‍ നിന്നും മറക്കേണ്ട ഭാഗങ്ങള്‍.

3. അന്യപുരുഷന്മാരില്‍ നിന്നും മറച്ചു വെക്കേണ്ടത്. ശരീരം മുഴുവനും സ്ത്രീകള്‍ അന്യപുരുഷന്മാരില്‍ നിന്നും മറച്ചു വെക്കേണ്ടതാണ്.

4. മുസ്ലിംകളല്ലാത്ത സ്ത്രീകളില്‍ നിന്നും മറച്ചു വെക്കേണ്ടത്. കണങ്കൈ, തലമുടി എന്നിവ അന്യമതക്കാരായ സ്ത്രീകളുടെ മുമ്പില്‍ കാണിക്കാവുന്നതാണ്.  

Tuesday, November 12, 2013

തയമ്മും എന്നാല്‍ എന്ത് ?

                 
                       വെള്ളം കിട്ടാതെ വരികയോ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അസുഖമെന്തെങ്കിലും ഉണ്ടാവുകയോ ചെയ്‌താല്‍ വുളുവിന്നും കുളിക്കും പകരം തയമ്മും ചെയ്യേണ്ടതാണ്. എന്താണ് തയമ്മും? ചില പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി മുഖത്തും കൈകളിലും മണ്ണ് ചേര്‍ക്കുന്നതിനാണ് തയമ്മും എന്ന് പറയുന്നത്.ഒരിക്കല്‍ തയമ്മും ചെയ്‌താല്‍ ഒരു ഫര്‍ള് നിസ്കാരം മാത്രമേ നിര്‍വഹിക്കാന്‍ പറ്റുകയുള്ളൂ. സുന്നത്ത് നിസ്കാരങ്ങളും ജനാസ നിസ്കാരങ്ങളും എത്ര വേണമെങ്കിലും നിര്‍വഹിക്കാവുന്നതാണ്.

തയമ്മുമിന്‍റെ ശര്‍ത്തുകള്‍ 

       തയമ്മും സ്വീകാര്യമാകുന്നതിന്നു അഞ്ചു ശര്‍ത്തുകളാണുള്ളത്.

1. നിസ്കാരത്തിന്‍റെ സമയം ആയതിനു ശേഷം മാത്രം തയമ്മും ചെയ്യുക.

2. ഫര്‍ളിന് ഉപയോഗിക്കപ്പെടാത്ത ശുദ്ധിയുള്ള തനി മണ്ണ്കൊണ്ടാകുക.

3. പൊടിയുള്ള മണ്ണായിരിക്കുക.

4. തയമ്മും ചെയ്യുന്നതിനു മുമ്പ് ശരീരത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക.

5. വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വരുക.

ഇവയാണ് തയമ്മും സ്വീകാര്യമാകുന്നത്തിനുള്ള ശര്‍ത്തുകള്‍.

തയമ്മുമിന്‍റെ ഫര്‍ളുകള്‍ 

           തയമ്മുമിന് അഞ്ചു ഫര്‍ളുകളാണുള്ളത്. അവ താഴെ പറയുന്നു.

1. നിയ്യത്ത് : ഫര്‍ളു നിസ്കാരത്തെ ഹലാലാക്കാന്‍ വേണ്ടി തയമ്മും ചെയ്യുന്നു എന്ന് മനസ്സില്‍ കരുതുക. മണ്ണെടുക്കുന്നതുമുതല്‍ നിയ്യത്തുണ്ടാവണം. മുഖം തടകുന്നതുവരെ നിയ്യത്ത് നീണ്ടു നില്‍ക്കുകയും വേണം.അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ മറ്റോ നിയ്യത്ത് ചെയ്‌താല്‍ മതിയാവുകയില്ല.

2. മണ്ണ് അടിച്ചെടുക്കുക.

3. മുഖം തടകുക.

4. രണ്ടാമതും മണ്ണ് അടിച്ചെടുത്ത് രണ്ടു കൈകളും മുട്ട് ഉള്‍പ്പടെ തടകുക.

5. ഈ കര്‍മങ്ങള്‍ ഈ പറഞ്ഞ ക്രമത്തില്‍ തന്നെ നിര്‍വഹിക്കുക.  


തയമ്മുമിന്‍റെ സുന്നത്തുകള്‍  

             ഫര്‍ളുകള്‍ മാത്രം നിര്‍വഹിച്ചാല്‍ തന്നെ തയമ്മുമിന്‍റെ ചെറിയ രൂപമായി.എന്നാല്‍ വുളുവിനും കുളിക്കും എന്നപോലെ തയമ്മുമിനും ചില സുന്നത്തുകളുണ്ട്. അവ തയമ്മുമിനെ പൂര്‍ണതയില്‍ എത്തിക്കുന്നു. 
തയമ്മുമിന്‍റെ സുന്നത്തുകള്‍ താഴെ പറയുന്നു.

1. " ബിസ്മില്ലാഹി ......... " എന്ന് ചൊല്ലിക്കൊണ്ട് തയമ്മും തുടങ്ങുക.

2. തയമ്മും ചെയ്യുമ്പോള്‍ ഖിബ് ലയെ അഭിമുഖീകരിക്കുക.

3. മുഖത്തിന്‍റെ മേല്‍ഭാഗം കൊണ്ട് തയമ്മും ചെയ്തു തുടങ്ങുക.

4. ഇടതു കയ്യിനേക്കാള്‍ വലതു കൈ മുന്തിക്കുക.

5. മണ്ണുപൊടി നേരിയതാവുക.

6. മണ്ണ് അരിച്ചെടുക്കുമ്പോള്‍ വിരലുകളെ അകറ്റിപ്പിടിക്കുക.

7. തയമ്മുമിന്‍റെ കര്‍മങ്ങള്‍ വഴിക്കുവഴിയായി നിര്‍വഹിക്കുക.

      കൈവിരലില്‍ മോതിരം ഉണ്ടെങ്കില്‍ രണ്ടാമതുപ്രാവശ്യം മണ്ണടിച്ചെടുക്കുമ്പോള്‍ നിര്‍ബന്ധമായും അത് ഊരി വെക്കണം. കുറച്ച് വെള്ളം കൈവശമുണ്ടെങ്കില്‍ അത് സാധ്യമാകുന്നത്ര വുളു എടുക്കുക. ബാക്കി ഭാഗത്തിനു വേണ്ടി തയമ്മും ചെയ്യണം. മുറിവ് കാരണം വെള്ളം ഉപയോഗിക്കാന്‍ കഴിയുകയില്ലെങ്കില്‍ മുറിവില്ലാത്ത ഭാഗം വുളു എടുക്കുകയും മുറിവിന്നു വേണ്ടി തയമ്മും ചെയ്യുകയും വേണം. രണ്ടു വ്യത്യസ്ത അവയവങ്ങളില്‍ മുറിവുകളുണ്ടെങ്കില്‍ ഉദാഹരണത്തിന് കയ്യിലും കാലിലും മുറിവുകളുണ്ടെങ്കില്‍  രണ്ടു തയമ്മും ചെയ്യേണ്ടി വരും. രണ്ടു കൈകളിലും മുറിവുകളുണ്ടെങ്കില്‍ ഒരു തയമ്മും തന്നെ മതിയാകുന്നതാണ്.

തയമ്മുമിന്‍റെ രൂപം 

               നിര്‍ബന്ധ നിസ്കാരത്തിനുള്ള സമയം ആഗതമായാല്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്തവര്‍ ശുദ്ധിയുള്ള പൊടിയുള്ള തനി മണ്ണ് എടുക്കുക. വിരലുകളില്‍ മോതിരം ഉണ്ടെങ്കില്‍ അത് ഊരി വെക്കുകയും " ബിസ്മില്ലാഹി റഹ്മാനി റഹീം " എന്ന് ചൊല്ലിക്കൊണ്ട് നിസ്കാരത്തെ ഹലാലാക്കാന്‍ വേണ്ടി ഞാന്‍ തയമ്മും ചെയ്യുന്നു എന്ന് മനസ്സില്‍ കരുതിക്കൊണ്ട് രണ്ടു കൈവെള്ളകള്‍ മണ്ണിലടിക്കുക. എന്നിട്ട് കൈവെള്ളകള്‍ കൊണ്ട് മുഖം തടകുക. വീണ്ടും മണ്ണിലടിച്ച് വലതു കൈ കൊണ്ട് ഇടതു കൈയ്യും  ഇടതു കൈ കൊണ്ട് വലതു കൈയ്യും തടകുകയും ചെയ്യുക. ഇതാണ് തയമ്മും ചെയ്യേണ്ട രീതി.

Wednesday, October 9, 2013

അശുദ്ധികള്‍ രണ്ടു തരം

            അശുദ്ധികള്‍ രണ്ടു തരമുണ്ട് . 1. ചെറിയ അശുദ്ധി 2. വലിയ അശുദ്ധി. ചെറിയ അശുദ്ധിയില്‍ നിന്ന്‍ ശുദ്ധിയാകാന്‍ വുളു ചെയ്യണം. വലിയ അശുദ്ധിയില്‍ നിന്ന്‍ ശുദ്ധിയാകാന്‍ കുളിക്കുകയും വേണം.വുളുഇന്നും കുളിക്കും ചില ശര്‍ത്തുകളും ഫര്‍ളുകളും സുന്നത്തുകളും ഉണ്ട്.വുളുഇനെ കുറിച്ച് ആദ്യം വിവരിക്കാം.

വുളുഅ അതിന്‍റെ ശര്‍ത്തുകള്‍ 

             നിയ്യത്തോടുകൂടി ചില പ്രത്യേക അവയവങ്ങള്‍ കഴുകുന്നതിനാണ് വുളു എന്നുപറയുന്നത്.ചെറിയ അശുദ്ധിയില്‍ നിന്ന്‍ ശുദ്ധിയാകുന്നതിന് വേണ്ടിയാണ് വുളു എടുക്കുന്നത്.വുളു കൂടാതെയുള്ള നിസ്കാരം സ്വീകാര്യമാവുകയില്ല.വുളുഇന്ന്‍  അഞ്ചു ശര്‍ത്തുകള്‍ ഉണ്ട്.

1. വുളു എടുക്കുന്നത് ത്വഹൂറായ വെള്ളം കൊണ്ടായിരിക്കുക.ഇസ്ലാമിക കര്‍മ ശാസ്ത്രം (ഫിഖ്ഹ് ) അനുസരിച്ച് വെള്ളം പൊതുവേ മൂന്ന് ഇനങ്ങളായി തരം തിരിക്കപ്പെട്ടിട്ടുണ്ട്.ഒന്ന് ത്വഹൂര്‍, സ്വതവേ ശുദ്ധിയുള്ളതും മറ്റു വസ്തുക്കളെ ശുദ്ധിയാക്കാന്‍ ഉപകരിക്കുന്നതുമായ വെള്ളത്തിനാണ് ത്വഹൂര്‍ എന്ന് പറയുന്നത്.കഞ്ഞി വെള്ളം, ഇളനീര്‍ വെള്ളം തുടങ്ങിയ വിശേഷണങ്ങളില്ലത്തതും മലിനമല്ലാത്തതുമായ വെള്ളമാണത്. വുളു  എടുക്കാനും കുളിക്കാനും മാലിന്യങ്ങള്‍ ശുദ്ധീകരിക്കാനും ത്വഹൂറായ വെള്ളം തന്നെ വേണം.പുഴവെള്ളം, കടല്‍വെള്ളം,മഞ്ഞുവെള്ളം, കിണര്‍വെള്ളം തുടങ്ങിയവഎല്ലാം ത്വഹൂറായ വെള്ളം തന്നെ.രണ്ട് ത്വാഹിര്‍, സ്വയം ശുദ്ധിയുള്ളതും എന്നാല്‍ മറ്റു വസ്തുക്കളെ ശുദ്ധിയാക്കാന്‍ ഉപകരിക്കാത്തതുമായ വെള്ളത്തിന് ത്വാഹിര്‍ എന്ന് പറയുന്നു.ഉദാഹരണത്തിന് കഞ്ഞി വെള്ളവും ഇളനീരും ശുദ്ധിയുള്ളതാണ്.അതുകൊണ്ടാണല്ലോ നാം അത് കുടിക്കുന്നത്.എന്നാല്‍ മറ്റു വസ്തുക്കളെ ശുദ്ധിയാക്കാന്‍ അവ ഉപകരിക്കുകയില്ല.അതിനാല്‍ അവ ഉപയോഗിച്ച് വുളു എടുക്കുകയോ കുളിക്കുകയോ ചെയ്തുകൂടാ.മൂന്ന്‍ നജസ് മലിനമായ വെള്ളം, ഇതും ശുദ്ധീകരണത്തിന് കൊള്ളുകയില്ല.രണ്ടു ഖുല്ലത്തില്‍ കുറവുള്ള വെള്ളം മാലിന്യം ചേരുന്നത് കൊണ്ടു തന്നെ അത് മലിനമായിത്തീരും.രണ്ടു  ഖുല്ലത്തോ അതില്‍ കൂടുതലോ ഉള്ള വെള്ളം മാലിന്യം ചേരുകയും നിറമോ മണമോ രുചിയോ വ്യത്യാസപ്പെടുകയും ചെയ്താലേ മലിനമായിത്തീരുകയുള്ളൂ.ഒരിക്കല്‍ വുളു എടുക്കാനോ കുളിക്കാനോ ഉപയോഗിച്ച വെള്ളം രണ്ടു ഖുല്ലത്തില്‍ കുറവാണെങ്കില്‍ പിന്നെ അതുകൊണ്ട് വുളു എടുക്കാനോ കുളിക്കാനോ പറ്റുകയില്ല.രണ്ടു ഖുല്ലത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ വീണ്ടും ശുദ്ധീകരണത്തിന് ഉപയോകാം.

2. അവയവങ്ങളില്‍ വെള്ളം ഒലിക്കുക, വെള്ളം കൊണ്ടു തൊട്ടു നനച്ചാല്‍ വുളു ശരിയാവുകയില്ല.അവയവങ്ങളില്‍ വെള്ളം ഒലിക്കുക തന്നെ വേണം.എന്നാല്‍ തടകല്‍ മാത്രം നിര്‍ബന്ധമുള്ള അവയവങ്ങളില്‍ വെള്ളം ഒഴുക്കേണ്ടതില്ല.

3. വെള്ളത്തിന് വ്യത്യാസം വരുത്തുന്ന ഒന്നും അവയവങ്ങളില്‍ ഇല്ലാതിരിക്കുക, മാലിന്യമല്ലാത്ത വസ്തുക്കളാണെങ്കില്‍ പോലും വെള്ളത്തിന് ത്വഹൂറെന്ന പദവി നഷ്ട്ടപ്പെടുത്തുന്ന യാതൊന്നും കഴുകപ്പെടുന്ന ശരീര ഭാഗങ്ങളില്‍ ഉണ്ടാകരുത്.

4. വെള്ളം ചേരുന്നത് തടയുന്ന മെഴുക്, എണ്ണ പോലെയുള്ള വസ്തുക്കളൊന്നും അവയവങ്ങളില്‍ ഇല്ലാതിരിക്കുക.

5. മൂത്രവാര്‍ച്ച, രക്തസ്രാവം, കീഴ്വായു, തുടങ്ങിയ അസുഖങ്ങള്‍ തുടര്‍ച്ചയായി ഉള്ളവര്‍ നിസ്കാര സമയം ആവുകയും ആയെന്ന് ഉറപ്പുവരുത്തുകയും ചെയ്തതിന് ശേഷം മാത്രം വുളു എടുക്കുക.

          മുസ്ലിമായിരിക്കുക വിശേഷബുദ്ധിയുണ്ടായിരിക്കുക എന്നിവയും വുളുഇന്‍റെ ശര്‍ത്തു തന്നെ.മുസ്ലിംകളല്ലാത്തവര്‍, ലഹരി ബാധിച്ചവര്‍ , ഭ്രാന്തന്മാര്‍ ഇവരുടെയൊന്നും വുളു ശരിയാവുകയില്ല.

                  വുളുവിന്‍റെ ശര്‍ത്തുകള്‍ തന്നെയാണ് കുളിയുടെയും ശര്‍ത്തുകള്‍.ശരീരം മുഴുവനും കുളിയുടെ അവയവങ്ങളാനെന്ന്‍ മാത്രം.ശുക്ലസ്കലനം തുടര്‍ച്ചയായി ഉണ്ടാകുന്ന വ്യക്തികള്‍ നിസ്കാര സമയം ആയതിനു ശേഷം മാത്രമേ കുളിക്കാവു.നിത്യമായ അശുദ്ധിയുള്ള ആളുകള്‍ കുളിക്കുകയും വുളു എടുക്കുകയും ചെയ്യുന്നതിന് മുമ്പ് ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.അവയെ കുറിച്ച് പിന്നീട് വിവരിക്കുന്നതാണ്.

വുളുവിന്‍റെ ഫര്‍ളുകള്‍   

              വുളുവിന്‍റെ നിര്‍ബന്ധ കര്‍മങ്ങള്‍ (ഫര്‍ളുകള്‍) ആറെണ്ണമാകുന്നു. 

1. നിയ്യത്ത് : (മുഖം കഴുകിത്തുടങ്ങുമ്പോള്‍ ഞാന്‍ വുളു എടുക്കുന്നു എന്ന് കരുതുക.) ചെറിയ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ അശുദ്ധിയെ ശുദ്ധിയാക്കുന്നു എന്നോ കരുതിയാലും മതി.എന്നാല്‍ നിത്യമായ അശുദ്ധിയുള്ളവര്‍ അശുദ്ധിയെ ഉയര്‍ത്തുന്നു എന്ന് കരുതിയാല്‍ മതിയാകില്ല, ഇക്കാര്യം നേരത്തെ വിവരിച്ചിട്ടുണ്ട്. നിയ്യത്ത് മനസ്സില്‍ ഉണ്ടാകേണ്ടതാണ്.നാവുകൊണ്ട് പറയണമെന്നില്ല.മനസ്സില്‍ കരുതുന്നതോടൊപ്പം നാവുകൊണ്ട് പറയുകകൂടി ചെയ്‌താല്‍ വളരെ ഉത്തമമാണ്.

2. മുഖം കഴുകുക എന്നതാണ് വുളുവിന്‍റെ രണ്ടാമത്തെ ഫര്‍ള്. മുഖം കഴുകലും നിയ്യത്തും ഒരുമിച്ചു വേണം.മുഖം മുഴുവനും കഴുകുകയും വേണം.സാധാരണ മുടി മുളക്കുന്ന സ്ഥലം മുതല്‍ താടി എല്ലിന്‍റെ അറ്റം മുതല്‍ നീളത്തിലും ഒരു ചെവി മുതല്‍ മറ്റേ ചെവി വരെ വീതിയിലുമുള്ള ശരീരഭാഗമാണ് മുഖം.താടി, മീശ തുടങ്ങി മുഖത്തുള്ള മുടികള്‍ നേരിയതാണെങ്കില്‍ അതിനുള്ളിലേക്ക് വെള്ളം നിര്‍ബന്ധമായും പ്രവേശിചിരിക്കണം, തിങ്ങിയതാണെങ്കില്‍ അതിനുള്ളിലേക്ക് വെള്ളം പ്രവേശിക്കല്‍ നിര്‍ബന്ധമില്ല, സുന്നത്തെ ഉള്ളു.

3. രണ്ടു കൈകള്‍ മുട്ടുകള്‍ ഉള്‍പ്പെടെ കഴുകുക.അതാണ്‌ വുളുഇന്‍റെ മൂന്നാമത്തെ ഫര്‍ള്.കൈകളിലുള്ള രോമങ്ങള്‍ക്കിടയിലെക്കും വെള്ളം ഒഴുക്കികഴുകണം.രോമങ്ങള്‍ നേരിയതനെങ്കിലും തിങ്ങിയതാണെങ്കിലും അത് നിര്‍ബന്ധമാണ്.

4. തലയിലെ മുടിയില്‍ നിന്നോ തൊലിയില്‍ നിന്നോ കുറച്ചു ഭാഗമെങ്കിലും തടകുക.തലയുടെ ആകൃതിയില്‍ നിന്ന്‍ പുറത്തുള്ള മുടി തടകിയാല്‍ മതിയാവുകയില്ല.

5. രണ്ടു കാലുകളും നെരിയാണി ഉള്‍പ്പടെ കഴുകുക.

6. മേല്‍ പറഞ്ഞ കര്‍മങ്ങള്‍ ക്രമപ്രകാരം ചെയ്യുക.ക്രമം തെറ്റിയാണ് ചെയ്യുന്നതെങ്കില്‍ വുളു സ്വീകാര്യമാവുകയില്ല.

                   സത്യവിശ്വാസികളെ, നിങ്ങള്‍ നമസ്കരിക്കാന്‍ നില്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ മുഖം കഴുകുകയും, രണ്ടു കൈകള്‍ മുട്ടുകളോട് കൂട്ടി കഴുകുകയും, തല തടകുകയും വേണം.(ഖുര്‍ആന്‍ ) ഹദീസുകളിലും വുളുഇന്‍റെ ഈ ക്രമം വിവരിച്ചിട്ടുണ്ട്.നബിതിരുമേനി (സ) ഒരിക്കല്‍ പറഞ്ഞു. തീര്‍ച്ചയായും നിയ്യത്തുകള്‍ കൊണ്ടാണ് കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുക.ഈ ഹദീസിന്‍റെ അടിസ്ഥാനത്തിലാണ് നിയ്യത്ത് വുളുഇന്‍റെ ഒന്നാമത്തെ ഫര്‍ളാണെന്നു കര്‍മ ശാസ്ത്ര പണ്ഡിതന്മാര്‍ വിധിച്ചിരിക്കുന്നത്.

വുളുഇന്‍റെ സുന്നത്തുകള്‍ 

                നേരത്തെ പറഞ്ഞ കര്‍മങ്ങള്‍ മാത്രം ചെയ്‌താല്‍ തന്നെ വുളുഇന്‍റെ ചുരുങ്ങിയ രൂപമായി.എന്നാല്‍ വുളുഇനെ പൂര്‍ണതയില്‍ എത്തിക്കുന്ന ചില കാര്യങ്ങളുണ്ട്.അവക്കാണ് വുളുഇന്‍റെ സുന്നത്തുകള്‍ എന്ന് പറയുന്നത്.അവ താഴെ വിവരിക്കുന്നു.


1. (പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു.) എന്ന് ചൊല്ലിക്കൊണ്ട് വുളു ആരംഭിക്കുക.

2. മിസ്‌വാക്ക് ചെയ്യുക ബ്രഷ് കൊണ്ടോ മറ്റോ പല്ലും നാവും തേച്ചു വൃത്തിയാക്കുക.

3. വീണ്ടും ബിസ്മി ചൊല്ലുക. തുടര്‍ന്ന് അല്‍ഹംദുലില്ലാഹില്ലടി ജഅലല്‍ മാഅ ത്വഹൂറ (വെള്ളത്തെ) ശുദ്ധീകരണവസ്തുവാക്കിയ  അല്ലാഹുവിന്‍ സര്‍വസ്തുതിയും എന്ന് പറയുക.

4. രണ്ടു കൈപ്പത്തികള്‍ കഴുകുക.

5. വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റിചീറ്റുകയും ചെയ്യുക.

6.  തല മുഴുവന്‍ തടകുക.

7. രണ്ടു ചെവികള്‍ ഉള്ളും പുറവും തടകുക.

8. അവയവങ്ങള്‍ തേച്ചു കഴുകുക.

9. തിങ്ങിയ താടിയുടെ തിക്ക് അകറ്റി കഴുകുക.

10. കൈകാലുകളുടെ വിരലുകളുടെ ഇട ശ്രദ്ധിച്ചു കഴുകുക.

11. കൈകാലുകള്‍ കഴുകുമ്പോള്‍ ആദ്യം വലത്തെത് കഴുകുക.

12. കഴുകുന്നതും തടകുന്നതും എല്ലാം മുംമൂന്ന്‍ പ്രാവശ്യം വീതം ആയിരിക്കുക.

13. ഓരോ കര്‍മവും തുടരെ തുടരെ ചെയ്യുക.

14. മടമ്പ്, പീളക്കുഴി തുടങ്ങിയ സ്ഥലങ്ങളില്‍ ശ്രദ്ധിചു കഴുകുക.

15. വുളു ചെയ്യുമ്പോള്‍ ഖിബലയുടെ നേരെ തിരിയുക.

16. വുളു എടുത്തുകഴിഞ്ഞാല്‍ കണ്ണുകളും കൈകളും ആകാശത്തേക്കുയര്‍ത്തി പ്രാര്‍ത്തിക്കുക.

വുളുഇന്‍റെ രൂപം 

                ബാങ്ക് കേട്ട് കഴിഞ്ഞാല്‍ നിസ്കരിക്കാന്‍ ഉദേഷിക്കുമ്പോള്‍ വെള്ളം എടുത്ത് ബിസ്മി ചൊല്ലിയതിന് ശേഷം മിസവാക്ക് ചെയ്ത് പല്ലുകളും നാവും വൃത്തിയാക്കുക. വീണ്ടും ബിസ്മി ചൊല്ലി കൈപത്തികള്‍ രണ്ടും മൂന്നു പ്രാവശ്യം കഴുകുക.പിന്നീട് വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്യുക.പിന്നീട് നിസ്കാരത്തെ ഹലാലാക്കുന്നു എന്നോ ചെറിയ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ കരുതിക്കൊണ്ട് മുഖം മൂന്ന് പ്രാവശ്യം കഴുകുക.പിന്നീട് ആദ്യം വലതും ശേഷം ഇടതും എന്ന ക്രമത്തില്‍ കൈകള്‍ രണ്ടും മുട്ടോടുകൂടി മൂന്ന് പ്രാവശ്യം കഴുകുക.പിന്നീട് തല തടകുകയും ശേഷം ചെവിയുടെ ഉള്ളും പുറവും തടകുകയും ചെയ്യുക.അതിനു ശേഷം ആദ്യം വലതും പിന്നീട് ഇടതും എന്ന ക്രമത്തില്‍ കാല്‍പാദങ്ങള്‍ രണ്ടും ഞെരിയാണി ഉള്‍പ്പടെ കഴുകുക.അങ്ങനെ വുളു പൂര്‍ത്തിയാക്കുക.അവയവങ്ങള്‍ കുടയുകയോ തുവര്‍ത്തുകയോ ചെയ്യാതെ എഴുന്നേറ്റ് നിന്ന്‍ കൈകളും കണ്ണുകളും ആകാശത്തിനു നേരെ ഉയര്‍ത്തി ഈ പ്രാര്‍ത്ഥന ചോല്ലുക.

(അല്ലാഹു ഒഴികെ ഒരു ആരദ്യനില്ലെന്നും മുഹമ്മദ്‌ (സ) അല്ലാഹുവിന്‍റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.അല്ലാഹുവേ എന്നെ പാശ്ചാത്തപിക്കുന്നവരിലും പരിശുദ്ധി കൈകൊള്ളുന്നവരിലും നിന്‍റെ സദ്‌വൃത്തന്മാരായ ദാസന്മാരിലും ഉള്‍പ്പെടുത്തെണമേ അല്ലാഹുവേ നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുകയും നിന്നെ സ്തുതിക്കുകയും ചെയ്യുന്നു.നീയല്ലാതെ ഒരു ആരാധ്യനില്ലെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.നിന്നോട് ഞാന്‍ പാപമോചനത്തിന് ആപേക്ഷിക്കുകയും നിങ്കലേക്ക് പാശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.)ഇതാണ് വുളുഇന്‍റെ പൂര്‍ണമായ രൂപം.

വുളുഇന്‍റെ കറാഹത്തുകള്‍ 

              വുളു ചെയ്യുമ്പോള്‍ അനഭിലഷണീയമായ ചില കാര്യങ്ങളുണ്ട്. വുളുഇന്‍റെ കറാഹത്തുകള്‍ എന്നാണവയെ പറയുക. അവ താഴെ വിവരിക്കുന്നവയാണ്.

1. വുളുഇന്‍റെ കര്‍മങ്ങള്‍ മുന്നില്‍ നിന്നും കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുക.

2. മുഖത്തേക്ക് വെള്ളം എറിഞ്ഞു കഴുകുക.

3. വുളു എടുക്കുമ്പോള്‍ സലാം ചൊല്ലുകയോ സലാം മടക്കുകയോ ചെയ്യുക.

4. തക്കതായ കാരണങ്ങളില്ലാതെ വുളു ചെയ്ത അവയവങ്ങള്‍ കുടയുകയോ തുടക്കുകയോ ചെയ്യക.
  
വുളു മുറിക്കുന്ന കാര്യങ്ങള്‍ 

                    താഴെ പറയുന്ന കാര്യങ്ങളിലെതെങ്കിലും ഒന്ന് സംഭവിച്ചാല്‍ വുളു ഇല്ലാതായിത്തീരും. പിന്നീട് നമസ്കരിക്കുകയോ മറ്റോ ചെയ്യണമെങ്കില്‍ വീണ്ടും വുളു എടുക്കേണ്ടി വരും.ഈ കാര്യങ്ങളെയാണ് വുളു മുറിക്കുന്ന കാര്യങ്ങള്‍ എന്ന് പറയുന്നത്.

1. മൂത്ര ദ്വാരത്തില്‍ കൂടിയോ മലദ്വാരത്തില്‍ കൂടിയോ ശുക്ലമല്ലാത്ത എന്തെങ്കിലും പുറത്ത് വരിക.കീഴ്വായു പുറത്ത് വന്നാലും വുളു മുറിയും.

2. ഭ്രാന്ത്, ബോധക്ഷയം,ഉറക്കം എന്നിവ കൊണ്ടോ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ ബുദ്ധിയുടെ വകതിരിവ് നഷ്ടമാവുക.

3. ഉള്ളന്‍ കൈകൊണ്ട് മനുഷ്യരുടെ ലൈങ്കികാവയവമോ മലദ്വാരമോ സ്പര്‍ശിക്കുക.

4. അന്വാന്യം വിവാഹം കഴിക്കാവുന്ന മുതിര്‍ന്ന സ്ത്രീ പുരുഷന്മാരുടെ ശരീരഭാഗങ്ങള്‍ തമ്മില്‍ ചേരുക.നഖം, മുടി എന്നിവ സ്പര്‍ശിചതുകൊണ്ടോ വസ്ത്രത്തിനു മീതെ സ്പര്‍ശിച്ചതുകൊണ്ടോ വുളുഇന്ന്‍ ഭംഗം വരുകയില്ല.

വുളു ഇല്ലാത്തവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍ 

              വുളു ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം താഴെ പറയുന്ന കാര്യങ്ങള്‍ നിഷിദ്ധമായി തീരുന്നതാണ്.

1. നിസ്കാരം

2. കഅബ പ്രദക്ഷിണം (ത്വവാഫ്)

3. തിലാവത്തിന്‍റെ (ഖുര്‍ആന്‍ പാരായണത്തിന്‍റെ ) സുജൂദ് 

4. ജുമുഅഖുതുബ നിര്‍വഹിക്കുക 

5. മുസ്ഹഫ് (ഖുര്‍ആന്‍) സ്പര്‍ശിക്കുക 

കുളിയെപ്പറ്റി 

                ചെറിയ അശുദ്ധിയെ കുറിച്ചും അതില്‍ നിന്നുള്ള ശുദ്ധീകരണ മാര്‍ഗമായ വുളുഇനെ കുറിച്ചുമാണ് ഇതേ വരെ വിവരിച്ചത്. ഇനി വലിയ ആശുധിയെയും അതില്‍ നിന്നുള്ള ശുദ്ധീകരണോപാധികളെയും കുറിച്ചാണ് വിവരിക്കുന്നത്.

                           കുളി നിര്‍ബന്ധമാകുന്ന അവസ്ഥാ വിശേഷണത്തിനാണ് വലിയ അശുദ്ധി എന്ന് പറയുന്നത്.വലിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകാന്‍ കുളിക്കണം.ആറു കാരണങ്ങള്‍ കൊണ്ടാണ് വലിയ അശുദ്ധി സംഭവിക്കുന്നത്.ഇവയില്‍ മൂന്ന് കാരണങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാരക്കും ഒരുപോലെ ഉണ്ടാകുന്നവയാണ്.മൂന്ന്‍ കാരണങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രം ഉണ്ടാകുന്നവയാണ്.വലിയ അശുദ്ധി ഉണ്ടാക്കി തീര്‍ക്കുന്ന കാരണങ്ങള്‍ ഈ പറയുന്നവയാണ്.

1. ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുക : ലൈഗിക വേഴ്ച്ചയിലെര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും ഒരുപോലെ വലിയ അശുദ്ധി ഉണ്ടാകുകയും കുളി നിര്‍ബന്ധമായിത്തീരുകയും ചെയ്യും.

2. നിദ്രയിലോ അല്ലാത്തപ്പോളോ സ്ഖലനം സംഭവിക്കുക. പുരുഷനും സ്ത്രീക്കും ഇതു സംഭവിക്കാം.

3. മരണം.സ്ത്രീ ആയാലും പുരുഷനായാലും മരണം മൂലം കുളി നിര്‍ബന്ധമായിത്തീരും.എന്നാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ രക്തസാക്ഷികളായവര്‍ക്ക് (ശുഹദാക്കള്‍ക്ക്‌)കുളി നിര്‍ബന്ധമില്ല.

4. ഹൈള് (ആര്‍ത്തവം)

5. നിഫാസ് (പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവം)

6. പ്രസവം.അവസാനം പറഞ്ഞ മൂന്ന് കാര്യങ്ങളും സ്ത്രീകള്‍ക്ക് മാത്രം ഉണ്ടാകുന്നവയാണെന്ന് പറയേണ്ടതില്ലാല്ലോ.

                  വലിയ അശുദ്ധിക്ക് ജനാബത്ത് എന്നും പേരുണ്ട്.വലിയ അശുദ്ധി ദൂരീകരിക്കാനുള്ള കുളിക്ക് ജനാബത്ത് കുളി എന്നും പറയുന്നു.

                        ചെറിയ അശുദ്ധിയുള്ളവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങളെല്ലാം വലിയ അശുദ്ധിയുള്ളവര്‍ക്കും നിഷിദ്ധമാകും.അവക്ക് പുറമേ പള്ളിയില്‍ താമസിക്കുക ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നിവയും നിഷിദ്ധമാണ്. ആര്‍ത്തവമൊ പ്രസവരക്തസ്രാവമോ ഉള്ളവരെ സംബന്ധിചിടത്തോളം നിസ്കാരം, നോമ്പ്, ലൈഗികവേഴ്ച എന്നിവ നിഷിദ്ധമാണ്.

കുളിയുടെ ഫര്‍ളുകള്‍ 

           വുളുഇനെന്ന പോലെ കുളിക്കും ചില ശര്‍ത്തുകളും ഫര്‍ളുകളുമുണ്ട്. വുളുഇന്‍റെ ശര്‍ത്തുകള്‍ തന്നെയാണ് കുളിയുടെ ശര്‍ത്തുകള്‍ എന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.കുളിയുടെ ഫര്‍ളുകള്‍ താഴെ പറയുന്നവയാണ്.

1. നിയ്യത്ത്. വലിയ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ ജനാബത്ത് കുളി കുളിക്കുന്നു എന്നോ ആര്‍ത്തവക്കുളി കുളിക്കുന്നു എന്നോ മറ്റോ മനസ്സില്‍ കരുതുക, കുളിച്ചു തുടങ്ങുന്നതോടൊപ്പം തന്നെ നിയ്യത്ത് ഉണ്ടായിരിക്കണം.മനസ്സില്‍ കരുതുന്നതോടൊപ്പം നാവുകൊണ്ട് ഉച്ചരിക്കുകയും കൂടി ചെയ്യുന്നത് ഉത്തമമാണ്.

2. ശരീരം മുഴുവനും വെള്ളമൊഴിച്ച് കഴുകുക. തൊലിയും മുടിയും എല്ലാം നനയും വിധം വെള്ളമൊഴിക്കണം.ഒരു മുടിയെങ്കിലും നനയാതെ ബാക്കിയായാല്‍ കുളി ശരിയാവുകയില്ല. നഖം മുറിച്ചെങ്കിലേ അതിനകത്തേക്ക് വെള്ളം കടക്കു എന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും നഖം മുറിക്കണം.

കുളിയുടെ സുന്നത്തുകള്‍ 

                ഫര്‍ളുകള്‍ മാത്രം പാലിച്ച് കുളിച്ചാല്‍ കുളിയുടെ ഒരു ചെറിയ രൂപമായി.വലിയ അശുദ്ധി നീങ്ങിക്കിട്ടുകയും ചെയ്യും.എന്നാല്‍ കുളിയെ പൂര്‍ണതയിലെത്തിക്കുന്ന ചില കാര്യങ്ങളുണ്ട്.കുളിയുടെ സുന്നത്തുകള്‍ എന്നാണവയെപ്പറ്റിപ്പറയുക.ആ സുന്നത്തുകള്‍ കൂടി പാലിച്ച് കുളിക്കുന്നതാണ് ഏറ്റവും ഉത്തമം. അതാണ്‌ നബി തിരുമേനി (സ) യുടെ മാതൃക. കുളിയുടെ സുന്നത്തുകള്‍ താഴെ കൊടുക്കുന്നു.

1. ബിസ്മില്ലാഹിറഹ്മാനിറഹിം എന്ന് ചൊല്ലിക്കൊണ്ട് കുളി തുടങ്ങുക.

2. കുളിക്കുന്നതിനു മുമ്പായി ശരീരത്തിലെ അഴുക്കുകളെല്ലാം നീക്കിക്കളയുക.

3. കുളിക്കുന്നതിനു മുമ്പായി പൂര്‍ണമായ വുളു എടുക്കുക.

4. മൂക്കിന്‍റെ ദ്വാരം, ചെവി, കക്ഷം തുടങ്ങിയ സ്ഥലങ്ങള്‍ ഉരച്ചു കഴുകുക.

5. ഖിബ് ലയുടെ ഭാഗത്തേക്ക് തിരിഞ്ഞുനിന്ന് കുളിക്കുക.

6. കുളിക്കുമ്പോള്‍ തലമുടി വിടര്‍ത്തിയിടുക.

7. വെള്ളം ഒഴിച്ചു കുളിക്കുന്നവര്‍ ആദ്യം തലയിലും പിന്നെ വലതുഭാഗത്തും പിന്നെ ഇടതുഭാഗത്തും വെള്ളം ഒഴിക്കുക.

8. വെള്ളം ഒഴിക്കുന്നതും മുങ്ങിക്കുളിക്കുന്നവര്‍ മുങ്ങുന്നതും മൂന്ന് പ്രാവശ്യം വീതമായിരിക്കുക.

9. ദേഹം മുഴുവനും തെച്ചുരച്ചു കഴുകുക.

10. കുളിച്ച് കഴിഞ്ഞതിനു ശേഷം ശഹാദത്തും പ്രാര്‍ത്ഥനയും ചൊല്ലുക.വുളുഇന് ശേഷം ചൊല്ലുന്ന പ്രാര്‍ത്ഥന ചൊല്ലിയാല്‍ മതിയാകുന്നതാണ്.

               വലിയ അശുദ്ധിയുള്ള വ്യക്തി കുളിക്കുന്നതിന് മുന്‍പ് എന്തെങ്കിലും തിന്നുകയോ കുടിക്കുകയോ സംഭോഗത്തിലേര്‍പ്പെടുകയോ ചെയ്യുന്നതിന് വിരോധമില്ല. എന്നാല്‍ ലൈഗികാവയവങ്ങള്‍ കഴുകി വുളു എടുത്തതിനു ശേഷം അത്തരം കൃത്യങ്ങള്‍ ചെയ്യുന്നതാണ് ഉത്തമം.

                 വലിയ ശുദ്ധിയുള്ളവര്‍ക്ക് താഴെ പറയുന്ന കാര്യങ്ങള്‍ നിഷിദ്ധമല്ല.

1. ആഹാരപാനീയങ്ങള്‍ കഴിക്കാനോരുങ്ങുമ്പോള്‍ ബിസ്മി ചൊല്ലുക.

2. ആഹാരപാനീയങ്ങള്‍ കഴിച്ചതിന് ശേഷം അല്‍ഹംദുലില്ലാഹി എന്ന് പറയുക.

3. അശുഭ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്  എന്ന് പറയുക.

4. വാഹനത്തില്‍ കയറുമ്പോള്‍ സുബ്ഹാനല്ലദീ എന്ന് തുടങ്ങുന്ന വജനം ചൊല്ലുക.

               വലിയ അശുദ്ധിയുള്ളവര്‍ കുളിക്കുന്നതിന് മുന്‍പ് മുടി, താടി, നഖം, രോമം തുടങ്ങിയവ നീക്കം ചെയ്യാന്‍ പാടുള്ളതല്ല.ആളുകള്‍ക്കിടയില്‍ വെച്ച് കുളിക്കുമ്പോള്‍ ഔറത്ത് മറക്കല്‍ നിര്‍ബന്ധമാണ്‌. ആരുമില്ലാത്തിടത്ത് വെച്ചാണ് കുളിക്കുന്നതെങ്കില്‍ ഔറത്ത് മറക്കല്‍ നിര്‍ബന്ധമില്ല. പക്ഷെ സുന്നത്താണ്. ഒരു സ്ത്രീയില്‍ ആര്‍ത്തവവും ജനാബത്തും ഒരുമിച്ചു വന്നാല്‍ ഓരോന്നിനും വെവ്വേറെ കുളിക്കേണ്ടതില്ല. രണ്ടിനും കൂടി ഒരു കുളി മതിയാകുന്നതാണ്.

സുന്നത്തായ കുളികള്‍ 

                നിര്‍ബന്ധമില്ലാത്ത സുന്നത്തായ ചില കുളികള്‍ ഉണ്ട്.അവ താഴെ വിവരിക്കുന്നവയാണ്.

1. വെള്ളിയാഴ്ച ജുമുഅക്ക് വേണ്ടിയുള്ള കുളി.

2. രണ്ട് പെരുന്നാളിനും വേണ്ടിയുള്ള കുളി.

3. മഴയെ തേടുന്ന നിസ്കാരത്തിന് വേണ്ടിയുള്ള കുളി.

4. സൂര്യഗ്രഹണ നിസ്കാരത്തിന് വേണ്ടിയുള്ള കുളി.

5. മയ്യിത്ത് കുളിപ്പിച്ചതിന് ശേഷവും, ഭ്രാന്ത്, ബോധക്ഷയം മാറിയതിനു ശേഷമുള്ള കുളി.

6. ഹജ്ജിനോ ഉമ്രക്കോ ഇഹ്റാം കെട്ടാന്‍ വേണ്ടിയുള്ള കുളി.

7. മക്കയിലേക്ക് കടക്കാനും അറഫയില്‍ നില്‍ക്കാനും കഅബാ പ്രദക്ഷിണത്തിനും മിനായിലെ രാത്രി താമസത്തിനും വേണ്ടിയുള്ള കുളി.

                 ഇവയൊക്കെ സുന്നാത്തായ കുളികള്‍ ആകുന്നു, ഓരോന്നിനും അതിനനുസ്രിതമായ നിയ്യത്തുണ്ടായിരിക്കണം. നിയ്യത്തുകൊണ്ട് മാത്രമേ ഏതൊരു സല്‍കര്‍മവും സ്വീകരിക്കപ്പെടുകയുള്ളൂ.

ഹൈള് അഥവാ ആര്‍ത്തവം 

                 ചില നിശ്ചിത സമയങ്ങളില്‍ സ്ത്രീകളുടെ ഗര്‍ഭാശയത്തില്‍ നിന്നും അവരുടെ യോനിയില്‍ക്കൂടി രക്തം സ്രവിക്കുന്നത്തിനാണ് ഹൈള് എന്നും ആര്‍ത്തവം എന്നും പറയുന്നത്.ചന്ദ്രവര്‍ഷ പ്രകാരം ഒന്‍പത് വയസ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന രക്തസ്രാവം മാത്രമേ ആര്‍ത്തവമായി പരിഗണിക്കപ്പെടുകയുള്ളൂ. ഒമ്പത് വയസ്സ് തികയാന്‍ 15 ദിവസമോ അതില്‍ കുറവോ ഉള്ള സമയത്താണ് രക്തസ്രാവമുണ്ടായതെങ്കില്‍ അതും ആര്‍ത്തവമായി പരികണിക്കും.ഒമ്പത് വയസ്സ് തികയാന്‍ 16 ദിവസമോ അതില്‍ കൂടുതലോ ദിവസങ്ങള്‍ ഉള്ളപ്പോളാണ് രക്ത സ്രാവമുണ്ടായതെങ്കില്‍ അത് ആര്‍ത്തവമായി പരികണിക്കുകയില്ല. ഒരു ചന്ദ്രവര്‍ഷം എന്നത് 354 ദിവസവും 8 മണിക്കൂറും 48 മിനുട്ടുമാകുന്നു.

                 ആര്‍ത്തവം നന്നെ ചുരുങ്ങിയാല്‍ ഒരു ദിവസം ഉണ്ടായിരിക്കും.ഒരു ദിവസത്തിലും കുറഞ്ഞ സമയത്തേക്ക് രക്തസ്രാവമുണ്ടായാല്‍ അത് ആര്‍ത്തവമായി കണക്കാക്കപ്പെടുകയില്ല.ശാരീരികമായ എന്തെങ്കിലും അസുഖം മൂലമാകാം ആ രക്തസ്രാവമുണ്ടാകുന്നത്. സാധാരണ ഗതിയില്‍ അഞ്ചോ ആറോ ദിവസമാണ് ആര്‍ത്തവം നീണ്ടു നില്‍ക്കുക. കൂടിയാല്‍ 15 ദിവസം നീണ്ടു നില്‍ക്കും.15 ദിവസത്തില്‍ കൂടുതല്‍ രക്തസ്രാവം നീണ്ടു നിന്നാല്‍ അത് ആര്‍ത്തവമല്ലെന്നും രോഗം മൂലമുള്ള രക്തസ്രാവമാണെന്നും മനസ്സിലാക്കേണ്ടതാണ്. ചില സ്ത്രീകള്‍ക്ക് ഇടയ്ക്കിടെ രക്തസ്രാവമുണ്ടാകാറുണ്ട്. അത്തരം രക്തസ്രാവം ഒരു ദിവസത്തില്‍ കുറയാതെയും പതിനഞ്ചു ദിവസത്തില്‍ കൂടാതെയുമാണ്‌ എങ്കില്‍ അത് ആര്‍ത്തവം തന്നെയാണ്.

                 ഒരു ആര്‍ത്തവം കഴിഞ്ഞു മറ്റൊരു ആര്‍ത്തവം ഉണ്ടാകുന്നതിനിടയിലുള്ള  ശുദ്ധി ദിവസങ്ങള്‍ ഏറ്റവും കുറഞ്ഞത് 15 ദിവസങ്ങള്‍ ഉണ്ടായിരിക്കണം. ഒരു സ്ത്രീ 60 ദിവസം പ്രസവ രക്തസ്രാവം ഉണ്ടായി നിലച്ച ഉടനെ വീണ്ടും രക്തസ്രാവം കണ്ടാല്‍ അത് ആര്‍ത്തവം തന്നെയാണ്.

                 ഒരു ഗര്‍ഭിണിക്ക് 24 മണിക്കൂര്‍ നേരം രക്തസ്രാവം ഉണ്ടാവുകയും ഉടനെ പ്രസവിക്കുകയും ചെയ്‌താല്‍ പ്രസവത്തിനു ശേഷമുള്ളതേ നിഫാസാകൂ. അതിനു മുമ്പുള്ളത് ഹൈള് തന്നെയാണ്.

                    ആര്‍ത്തവം നിലച്ചു അടുത്ത ആര്‍ത്തവം ഉണ്ടാകുന്നതിനിടയിലുള്ള ശുദ്ധികാലത്തിനു യാതൊരു പരിധിയുമില്ല.ഒരിക്കല്‍ ഉണ്ടായതിനു ശേഷം പിന്നെ തീരെ ഉണ്ടായില്ലെന്നും വരാം.

പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവം 

                   പ്രസവാനന്തരം സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും യോനിയില്‍ കൂടി രക്തസ്രാവം ഉണ്ടാകാറുണ്ട്. അതിനു അറബി ഭാഷയില്‍ നിഫാസ് എന്ന് പറയുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ അശുദ്ധിയുണ്ടാക്കുന്ന കാരണങ്ങളിലോന്നാണത്. നിഫാസിന്‍റെ ഏറ്റവും കുറഞ്ഞ സമയം ഒരു നിമിഷം മാത്രമാണ്. സാധാരണയായി അത് നാല്പത്  ദിവസം വരെ നീണ്ടു നില്‍ക്കാറുണ്ട്. ഏറ്റവും കൂടിയാല്‍ 60 ദിവസം വരെ മാത്രമേ പ്രസവാനന്തര രക്തസ്രാവം നീണ്ടു നില്‍ക്കാറുള്ളൂ. അതിനപ്പുറം ഉണ്ടാവുകയില്ല. 

                  തീരെ നിഫാസുണ്ടാകാത്ത സ്ത്രീകളേയും അപൂര്‍വമായെങ്കിലും കാണാം.പ്രസവം നടന്ന് 15 ദിവസം തികയുന്നതിന് മുന്‍പ് രക്തസ്രാവം ഉണ്ടായാല്‍ അത് നിഫാസ് തന്നെഎന്ന്‍  കണക്കാക്കാം.15 ദിവസത്തിനു ശേഷമാണ് കാണുന്നതെങ്കില്‍ അത് നിഫാസല്ല. 15 ദിവസത്തിനുള്ളില്‍ രക്തസ്രാവമുണ്ടായാല്‍ സ്ത്രീ പ്രസവം മുതല്‍ തന്നെ നിഫാസുകാരിയായിരുന്നു എന്ന് കണക്കാക്കേണ്ടതാണ്. ഇരട്ട പ്രസവമാണെങ്കില്‍ ഒരു കുഞ്ഞു പിറന്നു അടുത്തത് പിറക്കുന്നതിനിടയിലുള്ള രക്തസ്രാവം നിഫാസല്ല.പ്രസവിക്കുന്നതിന് മുമ്പ് ആര്‍ത്തവം ഉള്ളവളാണെങ്കില്‍ അത് ആര്‍ത്തവവും അല്ലാത്ത പക്ഷം രോഗം കാരണമുള്ള രക്തസ്രാവവുമാണ്. രണ്ടു പ്രസവവും കഴിഞ്ഞു പുറപ്പെടുന്നത് പ്രസവ രക്തം തന്നെയാണ്.

                        പ്രസവാനന്തരം രക്തസ്രാവമില്ലാത്ത സ്ത്രീകള്‍ കുളിച്ച് നിസ്കാരം പോലെയുള്ള നിര്‍ബന്ധ കര്‍മങ്ങള്‍ അനുഷ്ടിക്കേണ്ടതാണ്. അന്ന് തന്നെ വേണമെങ്കില്‍ ഭര്‍ത്താവുമായി ലൈങ്കികവേഴ്ച്ചയില്‍ ഏര്‍പ്പെടാവുന്നതാണ്. പ്രസവിച്ച 15 ദിവസങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് രക്തസ്രാവമുണ്ടായാല്‍ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഉപേക്ഷിക്കുകയും പ്രസവിച്ചതുമുതല്‍ തന്നെ താന്‍ നിഫാസുകാരിയായിരുന്നുവെന്ന് കണക്കാക്കുകയും വേണം.

                      ആര്‍ത്തവമൊ നിഫാസോ നിലച്ചുവെന്നു ഉറപ്പു വരുത്താന്‍ പഞ്ഞിയോ മറ്റോ യോനിക്കുള്ളില്‍ വെച്ച് എടുത്തു നോക്കണം. പഞ്ഞിയില്‍ രക്തക്കറയോ നിറവ്യത്യാസമോ ഇല്ലെന്നു കണ്ടാല്‍ രക്തസ്രാവം നിലച്ചുവെന്ന് ഉറപ്പിക്കാം.

                          ജനാബത്തുള്ളവര്‍ക്ക് നിഷിദ്ധമായ എല്ലാ കാര്യങ്ങളും ഹൈളും നിഫാസും ഉള്ള സ്ത്രീകള്‍ക്കും നിഷിദ്ധമായി തീരും. കൂടാതെ പള്ളിയില്‍ കടക്കല്‍, ലൈങ്കികവേഴ്ച്ചയില്‍ ഏര്‍പ്പെടല്‍, മുട്ട് പോക്കിളിനിടയിലുള്ള ഭാഗങ്ങള്‍ കൊണ്ട് സുഖം എടുക്കല്‍, വിവാഹ മോചനം, നോമ്പ് എന്നിവയും നിഷിദ്ധമാണ്. രക്തസ്രാവം നിലച്ചതിന് ശേഷം കുളിച്ചിട്ടില്ലെങ്കില്‍ തന്നെയും വിവാഹമോചനം, നോമ്പ് എന്നിവ നിര്‍വഹിക്കാവുന്നതാണ്. മറ്റുള്ളവ കുളിച്ച് ശുദ്ധിയായതിന് ശേഷമേ നിര്‍വഹിക്കാവൂ.

                       ഹൈളിന്‍റെയും നിഫാസിന്‍റെയും കാലയളവില്‍ നഷ്ട്ടപ്പെട്ട നിസ്കാരങ്ങള്‍ പിന്നീട് നിസ്കരിക്കേണ്ടതില്ല. എന്നാല്‍ ആ കാലയളവില്‍ നഷ്ടപ്പെട്ട നോമ്പ് പിന്നീട് നോറ്റുവീട്ടണം.  

ഇസ്തിഹാളത്ത് അഥവാ രോഗം മൂലമുള്ള രക്തസ്രാവം 

                      ഹൈളോ നിഫാസോ അല്ലാത്ത സ്ത്രീകളുടെ യോനിയില്‍ കൂടി ഉണ്ടാകുന്ന രക്തസ്രാവത്തിന് ഇസ്തിഹാളത്ത് എന്ന് പറയുന്നു. എന്തെങ്കിലും അസുഖം നിമിത്തമായിരിക്കാം ഇതുണ്ടായിത്തീരുന്നത്. ഇസ്തിഹാളത്തുള്ള സ്ത്രീകള്‍ക്ക് നോമ്പും നിസ്കാരവും ഉപേക്ഷിക്കാന്‍ പാടില്ല. ആര്‍ത്തവമൊ പ്രസവരക്തമൊ ഉള്ള സ്ത്രീകള്‍ക്ക് നിഷിദ്ധമായ കാര്യങ്ങളൊന്നും ഇസ്തിഹാളത്തുള്ള സ്ത്രീകള്‍ക്ക് നിഷിദ്ധമല്ല. രക്തസ്രാവമുണ്ടെങ്കിലും ഭര്‍ത്താവിന് അവളുമായി ലൈങ്കികവേഴ്ച നടത്താം.

                          ഇസ്തിഹാളത്തുള്ള സ്ത്രീകള്‍ക്ക് നിസ്കാരത്തിനു വേണ്ടി വുളു എടുക്കുമ്പോള്‍ നിസ്കാരസമയം ആയി എന്ന് ഉറപ്പിക്കുകയും യോനി കഴുകുകയും അതില്‍ പഞ്ഞി വെച്ച് വൃത്തിയുള്ള ഷീലകൊണ്ട് കെട്ടുകയും വേണം. ശുചിയാക്കേണ്ട സ്ഥലത്തിനും ഉള്ളിലെക്കാകണം പഞ്ഞിവെക്കുന്നത്. നോമ്പ് അനുഷ്ട്ടിക്കുന്നവള്‍ പകല്‍ സമയത്ത് പഞ്ഞി വെക്കരുത്. പഞ്ഞി വെച്ചാല്‍ എന്തെങ്കിലും വിഷമമുണ്ടാകുമെന്ന് ഭയമുണ്ടെങ്കിലും പഞ്ഞി വെക്കെണ്ടതില്ല. ഇത്തരം സ്ത്രീകള്‍ പെട്ടെന്ന്‍ വുളു എടുത്ത് നിസ്കരിക്കണം. ജമാഅത്ത് കിട്ടുമെന്നോ, ഔറത്ത് മറക്കാന്‍ വസ്ത്രം കിട്ടുമെന്നോ ഉള്ള പ്രതീക്ഷയിലല്ലാതെ മറ്റൊരു കാരണംകൊണ്ടും നിസ്കാരം വെച്ച് താമസിപ്പിക്കരുത്. അകാരണമായി നീട്ടിക്കൊണ്ടുപോകുകയാണെങ്കില്‍ ആദ്യം ചെയ്ത പണിയൊക്കെ വീണ്ടും ചെയ്യേണ്ടി വരും. ഓരോ നിര്‍ബന്ധനിസ്കാരത്തിനും ഇപ്രകാരം ചെയ്യണം. മൂത്രവാര്‍ച്ചയുള്ളവര്‍ പതിവായി ശുക്ലസ്കലനം ഉണ്ടാകുന്നവര്‍ ഇവരെല്ലാം വുളുവിന്നും കുളിക്കുംമുന്‍പ് മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.

                      നിസ്കരിക്കാന്‍ മാത്രമുള്ള സമയം രക്തസ്രാവം നിലക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കില്‍ ആ സമയം വരെ കാത്തുനില്‍ക്കുന്നതാണ് നല്ലത്. അവള്‍ക്ക് ഒരു വുളുകൊണ്ട് ഒന്നില്‍ കൂടുതല്‍ സുന്നത്ത് നിസ്കാരങ്ങളോ ജനാസ നിസ്കാരങ്ങളോ നിര്‍വഹിക്കാന്‍ പാടില്ല.

                            ഇസ്തിഹാളത്തുള്ള സ്ത്രീ വുളു എടുക്കുമ്പോള്‍ അശുദ്ധിയെ ഉയര്‍ത്തുന്നു എന്ന് നിയ്യത്ത് ചെയ്‌താല്‍ മതിയാകില്ല.ഹൈള്, നിഫാസ് എന്നിവ മാറി കുളിച്ച് ശുദ്ധിയായവള്‍ കസ്തൂരി പോലെയുള്ള സുഗന്തവസ്തുക്കള്‍ പഞ്ഞിയിലാക്കി യോനിയില്‍ വെക്കല്‍ സുന്നത്താണ്. ഹജ്ജിന് ഇഹ്റാം കെട്ടിയവളോ ഇദ്ധ ആചരിക്കുന്നവളോ ആണെങ്കില്‍ അത് ചെയ്യരുത്.      

Friday, October 4, 2013

വിസര്‍ജനം, അതിന്‍റെ മര്യാദകള്‍

                            മനുഷ്യരുടെ പ്രാഥമിക ആവശ്യങ്ങളില്‍ ഒന്നാണ് മലമൂത്ര വിസര്‍ജനം.മലമൂത്ര വിസര്‍ജനം നടത്തുമ്പോളും അതിനുള്ള സൗകാര്യം ഒരുക്കുമ്പോളും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.അയല്‍ക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ശല്യം ഉണ്ടാകാത്ത തരത്തിലാകണം കക്കൂസും കുളുമുറിയും തയ്യാറാക്കുന്നത് .

                         മലമൂത്ര വിസര്‍ജനത്തിനോരുങ്ങുമ്പോള്‍ ചെരിപ്പ് ധരിക്കുകയും തല മറക്കുകയും വേണം.ഇവ സുന്നത്താണ്.ഖുര്‍ആന്‍ വചനം, അല്ലാഹുവിന്‍റെ നാമം നബിമാരുടെയും ഔലിയാക്കള്ടെയും മറ്റും നാമങ്ങള്‍ ഇവ എഴുതിയതെങ്കിലും കൈവശമുണ്ടെങ്കില്‍ അതെടുത്ത് ഒഴിവാക്കണം.വിസര്‍ജന സ്ഥലത്തേക്ക് കടക്കുമ്പോള്‍ ഇടതു കാല്‍ ആദ്യം എടുത്ത് വെക്കുക എന്നിട്ട് ഇങ്ങനെ ചൊല്ലുക.


(അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രവേശിക്കുന്നു.അല്ലാഹുവേ ആണ്‍ പിശാചുകളുടെയും പെണ് പിശാചുകളുടെയും ഉപദ്രവത്തില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു.)

വിസര്‍ജന സ്ഥലത്ത് നിന്ന്‍ പുറത്ത് കടക്കുമ്പോള്‍ വലതു കാല്‍ ആദ്യം എടുത്തു വെക്കണം. എന്നിട്ട ഈ പ്രാര്‍ത്ഥന ചൊല്ലുക.


(അല്ലാഹുവേ നിന്നോട് ഞാന്‍ മാപ്പിനപെക്ഷിക്കുന്നു.എന്നില്‍ നിന്ന്‍ പ്രയാസങ്ങള്‍ നീക്കുകയും എനിക്ക് സൗഖ്യം നല്‍കുകയും ചെയ്ത അല്ലാഹുവിനു സര്‍വ സ്തുതിയും.)

                         ഇരിക്കാറാകുമ്പോള്‍ മാത്രമേ വസ്ത്രം ഉയര്‍ത്താന്‍ പാടുള്ളൂ.എഴുന്നേല്‍ക്കുന്നതിന് മുമ്പ് തന്നെ വസ്ത്രം താഴ്ത്തുകയും വേണം. വിസര്‍ജന സ്ഥലത്ത് ദീര്‍ഗ്ഗ നേരം ഇരിക്കുന്നത് നന്നല്ല. ഇടതു ഭാഗത്തേക്ക് ബലം കൊടുത്ത് ഊന്നി ഇരിക്കുന്നാതാണ് ഉത്തമം. ഇരുന്നാണ് മലമൂത്ര വിസര്‍ജനം നടത്തേണ്ടത്.മതിയായ കാരണം കൂടാതെ നിന്ന്‍ വിസര്‍ജനം നടത്തരുത്.മൂത്രമോഴിച്ചു കഴിഞ്ഞാല്‍ ചെറിയ തോതില്‍ ചുമക്കുകയും അങ്ങനെ തങ്ങി നില്‍ക്കുന്ന മൂത്രം പുറത്ത് വരാന്‍ സഹായിക്കുകയും വേണം. 

                          കുറേശ്ശെ ഒഴുകുന്ന വെള്ളത്തിലും കെട്ടി നില്‍ക്കുന്ന വെള്ളത്തിലും മലമൂത്ര വിസര്‍ജനം നടത്താന്‍ പാടില്ല.മാളങ്ങളില്‍, കാറ്റ് അടിച്ചു വീശുന്ന സ്ഥലങ്ങളില്‍ ,ആളുകള്‍ വിശ്രമിക്കാന്‍ ഇരിക്കുന്ന സ്ഥലങ്ങളില്‍, ഫലം കായ്ക്കുന്ന മരങ്ങളുടെ ചുവട്ടില്‍, ഖബരുകള്‍ക്ക് സമീപം ഇവിടങ്ങളിലൊന്നും മലമൂത്ര വിസര്‍ജനം നടത്താന്‍ പാടില്ല. ഭക്ഷ്യ വസ്തുക്കള്‍ ,എല്ല്, ഖബറുകള്‍ പള്ളി തുടങ്ങിയവയില്‍ വിസര്‍ജനം നടത്തുന്നത് നിഷിദ്ധമാണ്.

                                  തെരിക്കുമെന്ന്‍ തോന്നുന്നുണ്ടെങ്കില്‍ വിസര്‍ജനം നടത്തിയ സ്ഥലത്ത് വെച്ച് തന്നെ ശൌജ്യം ചെയ്യരുത്.വിസര്‍ജനം നടത്തുമ്പോള്‍ സംസാരിക്കുക, പല്ല് തേക്കുക, മൂത്രത്തില്‍ തുപ്പുക ഇവയെല്ലാം ഒഴിവാക്കേണ്ടതാണ്.ഇങ്ങനെ മലമൂത്ര വിസര്‍ജനം നടത്തുമ്പോള്‍ പാലിക്കേണ്ട ഒരുപാട് മര്യാദകള്‍ നബി തിരുമേനി (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.അവയെല്ലാം പ്രത്യക്ഷരം പാലിക്കേണ്ടതാണ്. 

ശൌച്യം ചെയ്യേണ്ടതെങ്ങനെ   

                 മലമൂത്രവിസര്‍ജനം ചെയ്‌താല്‍ പിന്നെ ശൌച്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.ശൌച്യം ചെയ്യുന്നതിനും ചില നിയമങ്ങളും മര്യാദകളുമൊക്കെ യുണ്ട്.മറ്റെല്ലാ രംഗങ്ങളിലുമെന്നപോലെ ഈ രംഗത്തും ഇസ്ലാമിന്‍റെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്.അവയൊക്കെ നാം ശ്രദ്ധാപൂര്‍വ്വം പാലിക്കേണ്ടിയിരിക്കുന്നു.

                  വെള്ളം കൊണ്ടോ കല്ല്‌ കൊണ്ടോ ആണ് ശുചീകരണം നടത്തേണ്ടത്.ആദ്യം കല്ല്‌ കൊണ്ടും പിന്നെ വെള്ളം കൊണ്ടും ശുചീകരണം നടത്തുന്നതാണ് ഏറ്റവും നല്ലത്.കല്ലുകള്‍ ആദ്യം തന്നെ കരുതി വെക്കണം.മാലിന്യം വലിച്ചെടുക്കാന്‍ കഴിവുള്ള ഉറപ്പുള്ള ഏതു സാധനവും കല്ലിനു പകരം ഉപയോഗിക്കാം.ആദരിക്കപ്പെടുന്ന സാധനങ്ങളാകരുത് എന്നെ ഉള്ളു.കല്ലോ അതിന് പകരമുള്ള വസ്തുക്കളോ ശൌച്യം ചെയ്യുന്നതിന് ഉപയോഗിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

1. മാലിന്യം നീക്കിക്കളയുക

2. മൂന്ന് പ്രാവശ്യം ശൌച്യം ചെയ്യുക.മൂന്ന്‍ കല്ലുകള്‍ കൊണ്ടോ ഒരു കല്ലിന്‍റെ മൂന്ന്‍ ഭാഗങ്ങള്‍ കൊണ്ടോ ശൌച്യം ചെയ്യാം.ഒന്നോ രണ്ടോ കല്ലുകൊണ്ട് ശുദ്ധിയായാലും മൂന്ന്‍ തവണ പൂര്‍ത്തിയാക്കണം.മൂന്ന്‍ തവണ കൊണ്ട് ശുദ്ധിയായില്ലെങ്കില്‍ ശുദ്ധിയാകുന്നതുവരെ ശൌച്യം ചെയ്യണം.ഒറ്റ സംഖ്യയില്‍ നിര്‍ത്തുന്നതാണ് സുന്നത്.അഞ്ച്, ഏഴ്, ഒമ്പത് എന്നിങ്ങനെ.

                  നജസ് പുറപ്പെട്ട സ്ഥലത്ത് പറ്റിപ്പിടിക്കുകയോ, അവിടെ പരക്കുകയോ വേറെ നജസുമായി കലരുകയോ ചെയ്‌താല്‍ കല്ലുകൊണ്ട് ശുചിയാക്കാന്‍ പറ്റുകയില്ല.അപ്പോള്‍ വെള്ളം തന്നെ ഉപയോഗിക്കേണ്ടിവരും.

                   പുരുഷന്മാര്‍ മൂത്രമോഴിച്ച് ശുദ്ധിയാക്കിയതിന് ശേഷമേ മലമൂത്ര വിസര്‍ജന സ്ഥലം ശുദ്ധിയാക്കാന്‍ പാടുള്ളൂ.സ്ത്രീകള്‍ രണ്ടും സൗകര്യം പോലെ ചെയ്യാം.ഇടത് കൈ കൊണ്ടാണ് ശൌച്യം ചെയ്യേണ്ടത്.ശൌച്യം ചെയ്തതിനു ശേഷം ഈ പ്രാര്‍ത്ഥന ചൊല്ലേണ്ടതാണ്.



( അലാഹുവേ എന്‍റെ ഹൃദയത്തെ കാപട്യത്തില്‍ നിന്ന് ശുദ്ധീകരിക്കുകയും എന്‍റെ ഗുഹ്യ ഭാഗത്തെ ദുര്‍വൃത്തികളില്‍ നിന്നും രക്ഷിക്കുകയും ചെയ്യേണമേ)

ഈ പ്രാര്‍ത്ഥന സുന്നത്താകുന്നു.

                    

നജസുകള്‍ അഥവാ മാലിന്യങ്ങള്‍

                എന്തൊക്കെയാണ് നജസുകള്‍? മലം, മൂത്രം, വദയ് (ക്ഷീണമുണ്ടാകുമ്പോള്‍ മുന്‍ ദ്വാരത്തില്‍ കൂടി സ്രവിക്കുന്ന ദ്രാവകം) മദ് യ്  (വികാരം ഉളവാകുമ്പോള്‍ മുന്‍ദ്വാരത്തില്‍ കൂടി സ്രവിക്കുന്ന ഒരു ദ്രാവകം ), ചലം, ചര്‍ദി, ലഹരി പാനീയങ്ങള്‍,ആഹരിക്കപ്പെടാത്ത മൃഗങ്ങളുടെ പാല്‍, ആഹരിക്ക പെടാത്ത മൃഗങ്ങളുടെ കൊഴിഞ്ഞു വീണ രോമം,മനുഷ്യന്‍, മത്സ്യം, ജറാദു (വെട്ടുകിളി)എന്നിവ അല്ലാത്തവയുടെ ശവങ്ങള്‍, പന്നി, നായ ഇവയെല്ലാം നജസുകളാകുന്നു.

                   നേരിയ തോതിലുള്ള രക്തം, ചലം, ചര്‍ദി, ചെള്ള്, കൊതുക്, മൂട്ട തുടങ്ങിയ ചെറിയ പ്രാണികളുടെ രക്തം ഇവ വിട്ടു വീഴ്ചയുള്ള നജസുകളാണ്. നായ, പന്നി എന്നിവ മൂലം മലിനമായ വസ്തുക്കള്‍ ഏഴു പ്രാവശ്യം കഴുകിയെങ്കിലെ ശുദ്ധിയാവുകയുള്ളൂ.അതില്‍ ഒരു പ്രാവശ്യം ശുദ്ധിയുള്ള മണ്ണ് കലര്‍ത്തിയ വെള്ളം കൊണ്ടായിരിക്കണം കഴുകുന്നത്.പാല് മാത്രം കഴിക്കുന്ന രണ്ടു വയസ്സ് തികയാത്ത ആണ്‍ കുട്ടിയുടെ മൂത്രം ആയ സ്ഥലത്ത് വെള്ളം കുടഞ്ഞാല്‍ ശുദ്ധിയാകും. മറ്റു നജസുകളെല്ലാം ശുദ്ധിയാക്കാന്‍ നജസിന്‍റെ രുചിയും, മണവും, നിറവും നീങ്ങി പോകുന്നത് വരെ കഴുകണം.

                  നജസുകള്‍ കൊണ്ട് മലിനമായ വസ്തുക്കള്‍ ശുധിയാക്കുന്ന ക്രമമാണിവിടെ പറഞ്ഞത്. എന്നാല്‍ നജസുകളില്‍ നിന്ന്‍ മാലിന്യങ്ങളില്‍ നിന്ന്‍ രണ്ടെണ്ണം മാത്രമേ ശുദ്ധിയാവുകയുള്ളൂ. മറ്റുള്ളവയൊന്നും എന്ത് ചെയ്താലും ശുദ്ധിയാവുകയില്ല.കള്ളും ശവത്തിന്‍റെ തോലുമാണ് ശുദ്ധിയാകുന്ന നജസുകള്‍ . കള്ളു സ്വയം സുര്‍ക്കയാകുന്നത് കൊണ്ടും ശവത്തിന്‍റെ തോല്‍ ഊറക്കിടുന്നതു കൊണ്ടും ശുദ്ധിയാകും.നായയുടെയും പന്നിയുടെയും തോല്‍ ഊറക്കിട്ടാലും ശുദ്ധിയാവുകയില്ല.

                    പാല്‍, സുര്‍ക്ക, തുടങ്ങിയ ദ്രവപദാര്‍ഥങ്ങള്‍ മലിനമായാല്‍ ശുദ്ധീകരിക്കാന്‍ യാതൊരു മാര്‍ഗവുമില്ല ഉറച്ച നെയ്യ് പോലുള്ള ഖര പദാര്‍ഥങ്ങളില്‍ നജസ് വീണാല്‍ ആ നജസും അതിനു ചുറ്റുമുള്ളതും എടുത്തു കളഞ്ഞാല്‍ മതിയാകും.മൂത്രം വീണ് വറ്റിയ സ്ഥലത്ത് നിറവും മണവും രുചിയും ഇല്ലങ്കില്‍ വെള്ളം ഒഴിച്ചാല്‍ തന്നെ ശുദ്ധിയാകും.

                      രണ്ട് ഖുല്ലത്തില്‍ കുറവുള്ള വെള്ളം കൊണ്ടാണ് മലിനമായതിനെ ശുദ്ധിയാക്കുന്നതെങ്കില്‍ വെള്ളത്തിലിട്ട് കഴുകരുത്.വെള്ളം അതിലേക്ക് ഒഴിച്ചു കഴുകുകയാണ് വേണ്ടത്.രണ്ടു ഖുല്ലത് തികയാത്ത വെള്ളത്തില്‍ മലിനമായ സാധനം ഇട്ട് കഴുകുകയാണെങ്കില്‍ അത് ശുദ്ധിയാവുകയില്ല എന്ന്‍ മാത്രമല്ല വെള്ളം മലിനമാവുകയും ചെയ്യും.

                       രണ്ട് ഖുല്ലത്തോ അതില്‍ കൂടുതലോ ഉള്ള വെള്ളത്തില്‍ നജസ് വീണാല്‍ വെള്ളം മലിനമാകണമെന്നില്ല. വെള്ളത്തിന്‍റെ നിറമോ രുചിയോ മണമോ വ്യത്യാസപ്പെട്ടു കണ്ടാല്‍ വെള്ളം മലിനമാവുകയും ചെയ്യും.രണ്ട് ഖുല്ലത്തില്‍ കുറവുള്ള വെള്ളത്തില്‍ നജസ് വീണാല്‍ നിറമോ മണമോ രുചിയോ  വ്യത്യാസപ്പെട്ടില്ലെങ്കിലും വെള്ളം മലിനമാകും.എന്നാല്‍ ചെള്ള്, കൊതുക് മുതലായ ഒലിക്കുന്ന രക്തമില്ലാത്ത പ്രാണികളുടെ ശവം വീണത്‌ കൊണ്ടോ, മഴയത്ത് തെറിച്ചത്‌ കൊണ്ടോ വെള്ളം മലിനമാവുകയില്ല.ഒന്നേകാല്‍ മുഴം നീളവും വീതിയും ആഴവും ഉള്ള ഒരു പാത്രത്തില്‍ കൊള്ളുന്ന വെള്ളം അതാണ്‌ രണ്ട് ഖുല്ലത്ത് വെള്ളം എന്നത്കൊണ്ടുദേശിക്കുന്നത് .

Wednesday, October 2, 2013

നിസ്കാരം അതിന്‍റെ പ്രാധാന്യം

               ഇസ്ലാം മതത്തിന്‍റെ അഞ്ചു സ്തംബങ്ങളില്‍ രണ്ടാമത്തെതാണ് നിസ്കാരം.മനുഷ്യന്‍ തന്‍റെ ശരീരം കൊണ്ട് ചെയ്യുന്ന ആരാധനാ കര്‍മങ്ങളില്‍ വെച്ച് ഏറ്റവും പ്രധാനമായൊരു ആരാധനാ കര്‍മ്മമാണിത്.അല്ലാഹുവിനോടുള്ള വിനയവും വിധേയത്വവും പ്രകടിപ്പിക്കുന്നതിന് നിസ്കാരം പോലെ പര്യാപ്തമായ മറ്റൊരു ആരാധനാ കര്‍മ്മമില്ല.

                       ഒരു ദിവസം അഞ്ചു നേരത്തെ നിസ്കാരം നിര്‍വഹിക്കേണ്ടത് ഓരോ മുസ്ലിമിന്നും നിര്‍ബന്ധമാണ്.ഇതവനെ നിരന്തരം അല്ലാഹുവിനെ കുറിച്ച് ഓര്‍മിപ്പിക്കുന്നു.അല്ലാഹുവിന്‍റെ ദാസനും അടിമയുമാണെന്ന ബോധം അവന്‍റെ ഉള്ളില്‍ അങ്കുരിപ്പിക്കുന്നു.ഇതവന്‍റെ മനസ്സിനെ നിര്‍മലമാക്കുന്നു.അവന്‍റെ ജീവിതത്തെ സംശുദ്ധമാക്കുന്നു.തെറ്റു കുറ്റങ്ങളില്‍ നിന്നും നീച വൃത്തികളില്‍ നിന്നും അവനെ അകറ്റുന്നു.അല്ലാഹുവിന്‍റെ സന്നിധിയിലേക്ക് അവനെ അടുപ്പിക്കുന്നു.അല്ലാഹുവിന്‍റെ പ്രീതിയും കരുണയും അവന് നേടിക്കൊടുക്കുന്നു.മഹത്തായ ജീവിത വിജയത്തിന്നും സ്വര്‍ഗ പ്രാപ്തിക്കും അവനെ അര്‍ഹാനാക്കുന്നു.ഇങ്ങനെ നിസ്കാരം ഒരു മുസ്ലിമിന്‍റെ ജീവിതത്തില്‍ ഉണ്ടാക്കിതീര്‍ക്കുന്ന പരിവര്‍ത്തനങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും യാതൊരു കണക്കുമില്ല.

     അല്ലാഹു പറയുന്നു.

                   "എന്നെ സ്മരിക്കാന്‍ വേണ്ടി നിസ്കാരം നിലനിര്‍ത്തുക." (ഖുര്‍ആന്‍ )

           "തീര്‍ച്ചയായും നിസ്കാരം തെറ്റായ കാര്യങ്ങളില്‍ നിന്നും നീച വൃത്തികളില്‍ നിന്നും (മനുഷ്യനെ )തടയുന്നു". (ഖുര്‍ആന്‍ )

                  നബി തിരുമേനി (സ) ഒരിക്കല്‍ തന്‍റെ സ്വഹാബാക്കളോട് ചോദിച്ചു.

                     "നിങ്ങളില്‍ ഒരാളുടെ വീട്ടുമുറ്റത്തുകൂടി ഒരു നദി ഒഴുകുന്നുണ്ടെന്ന്‍ കരുതുക.നിങ്ങള്‍ ദിവസവും അഞ്ചു നേരം പ്രസ്തുത നദിയില്‍ കുളിക്കുന്നുണ്ടെന്നും കരുതുക.എങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ എന്തെങ്കിലും മാലിന്യം അവശേഷിക്കുമോ?"

      "ഒരിക്കലും ഇല്ല" സ്വഹാബാക്കള്‍ പറഞ്ഞു.അപ്പോള്‍ നബി തിരുമേനി (സ) പ്രതിവചിച്ചു. "അഞ്ചു നേരത്തെ നിസ്കാരങ്ങളുടെ സ്ഥിതിയും അത് തന്നെ."(ഹദീസ്)

          അഞ്ചു നേരങ്ങളിലെ നിസ്കാരം മനുഷ്യനെ ശുദ്ധീകരിക്കുകയും മനസ്സിലെ മാലിന്യങ്ങള്‍ അകറ്റുകയും ചെയ്യുന്നു എന്നാണ് നബി (സ) ഉദേശിച്ചത്.പക്ഷെ അലസമായും അശ്രദ്ധമായും നിസ്കരിക്കുന്നത് കൊണ്ട് ഈ നേട്ടങ്ങളൊന്നും കൈവരുകയില്ല.ശ്രദ്ധയോടും ആത്മാര്‍ഥതയോടും വിനയത്തോടും ഭക്തിയോടും കൂടിയുള്ള നിസ്കാരം അതിനു മനുഷ്യജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

          പ്രായപൂര്‍ത്തി എത്തിയ, ബുദ്ധിയുള്ള ഏതൊരു മുസ്ലിം പുരുഷനും സ്ത്രീക്കും അഞ്ചു നേരങ്ങളിലെ നിസ്കാരം നിര്‍ബന്ധമാണ്.നിസ്കാരം ഉപേക്ഷിക്കാന്‍ ഒരു ഒഴിവു കഴിവും സ്വീകാര്യമല്ല.നില്‍ക്കാന്‍ കഴിയാത്തവന്‍ ഇരുന്നും ഇരിക്കാന്‍ കഴിയാത്തവന്‍ കിടന്നും നിസ്കരിക്കണം.ശരീരം ചലിപ്പിക്കാനാവാതെ കിടക്കുകയാണെങ്കില്‍ പോലും നിസ്കാരം ഉപേക്ഷിക്കാന്‍ പാടില്ല.മനസ്സില്‍ നിസ്കാരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സങ്കല്‍പ്പിച്ചു കോണ്ടാണവന്‍ നിസ്കരിക്കേണ്ടത്.

          മുസ്ലിമും കാഫിറും തമ്മിലുള്ള വ്യത്യാസം നിസ്കാരമാണ് എന്ന് നബി തിരുമേനി (സ) പ്രസ്ഥാവിച്ചിരിക്കുന്നു.

 മറ്റൊരു ഹദീസ് ശ്രദ്ധിക്കുക.  നബി തിരുമേനി (സ) പറഞ്ഞു.

             "അന്ത്യനാളില്‍ ഓരോ മനുഷ്യനോടും ആദ്യമായി ചോദിക്കുക അവന്‍റെ നിസ്കാരത്തെ കുറിച്ചായിരിക്കും.അത് മുറപ്രകാരം നിര്‍വഹിചിട്ടുണ്ടെങ്കില്‍ അവന്‍ വിജയിച്ചു.ഇല്ലെങ്കില്‍ പരാജയപ്പെടുകയും ചെയ്തു. (ഹദീസ്)

                  പ്രായപൂര്‍ത്തി എത്തിയ, ബുദ്ധിയുള്ള ഏതൊരു മുസ്ലിം പുരുഷനും സ്ത്രീക്കും നിസ്കാരം നിര്‍ബന്ധമാണെന്നു പറഞ്ഞല്ലോ.എന്നാല്‍ ആര്‍ത്തവമൊ പ്രസവ രക്തമോ ഉള്ള സ്ത്രീക്ക് ആ കാലയളവില്‍ നിസ്കാരം നിര്‍ബന്ധമില്ല എന്ന് മാത്രമല്ല നിസ്കരിക്കാന്‍ പാടുള്ളതുമല്ല.

               ഉറക്കം,മറവി,ജംഅ(ചേര്‍ത്ത് നിസ്കരിക്കല്‍ ) ഈ കാരണങ്ങള്‍ കൊണ്ടല്ലാതെ നിസ്കാരം നിശ്ചിത സമയത്ത്‌ നിന്നും തെറ്റിക്കാന്‍ പാടില്ല.

              ഏഴു വയസ്സാകുന്നതിന് മുന്‍പ് തന്നെ കുട്ടികളെ നിസ്കാരം പഠിപ്പിക്കണം.ഏഴു വയസ്സുമുതല്‍ നിസ്കരിക്കാന്‍ ഉപദേശിക്കുകയും പത്ത് വയസ്സായാല്‍ നിര്‍ബന്ധിച്ചു നിസ്കരിപ്പിക്കുകയും വേണം.ഇതു രക്ഷാകര്‍ത്താക്കളുടെ ഒഴിച്ചു കൂടാത്ത ബാധ്യതയാകുന്നു.

നിസ്കാരത്തിന്‍റെ ശര്‍ത്തുകള്‍  

              നിസ്കാരത്തിന് ചില ശര്‍ത്തുകളും ഫര്‍ളുകളും സുന്നത്തുകളും ഉണ്ട്.അവ നാം വേര്‍ തിരിച്ച് മനസ്സിലാക്കണം.ഫര്‍ളുകള്‍ എന്നത് നിസ്കാരത്തിന്‍റെ ഘടകങ്ങളും നിര്‍ബന്ധ കര്‍മങ്ങളും ആണ്.അവയില്‍ ഏതെങ്കിലും ഒന്ന്‍ ഇല്ലാതായാല്‍ നിസ്കാരം സ്വീകാര്യമാവുകയില്ല.ഉദാഹരണത്തിനു റുകൂഅ, സുജൂദ് ഫാത്തിഹ ഓതല്‍ തുടങ്ങിയവ നിസ്കാരത്തിന്‍റെ ഫര്‍ളുകള്‍ ആണ്.അവ ചേര്‍ന്നാണ് നിസ്കാരം തന്നെ ഉണ്ടായിതീരുന്നത്. നിസ്കാരത്തിന്‍റെ പൂര്‍ണതക്കാവശ്യമായ കര്‍മങ്ങളാണ് സുന്നത്തുകള്‍ . സുന്നത്തുകള്‍ ഉപേക്ഷിച്ചാലും നിസ്കാരം സ്വീകാര്യമായിത്തീരും. ഉദാഹരണത്തിനു ബാങ്ക് ഇഖാമത്ത് തുടങ്ങിയവ നിസ്കാരത്തിന്‍റെ സുന്നത്തുകളാന്. എന്നാല്‍ നിസ്കാരത്തിന്‍റെ ഘടകങ്ങള്‍ അല്ലാത്തതും അതെ സമയം നിസ്കാരത്തിന്‍റെ സ്വീകാര്യതക്ക് അനുപേക്ഷണീയമായതുമായ ചില കാര്യങ്ങളുണ്ട്. അവയാണ് നിസ്കാരത്തിന്‍റെ ശര്‍ത്തുകള്‍ എന്ന് പറയുന്നത്.ശര്‍ത്ത് എന്ന പദത്തിന് നിബന്ധന എന്ന് വേണമെങ്കില്‍ അര്‍ത്ഥം പറയാം.ഒരു ഉദാഹരണം മൂലം ഇതു വ്യക്തമാക്കാം.വുളു എടുക്കുക എന്നത് നിസ്കാരത്തിന്‍റെ ഭാഗമോ ഘടകമോ അല്ല എന്നാല്‍ വുളു എടുത്തെങ്കില്‍ മാത്രമേ നിസ്കാരം സ്വീകാര്യമാവുകയുള്ളൂ. ഇതിനാല്‍ വുളു എടുക്കല്‍ നിസ്കാരത്തിന്‍റെ ശര്‍ത്താണെന്ന് പറയുന്നു.

    നിസ്കാരത്തിന് അഞ്ചു ശര്‍ത്തുളാലാണ് ഉള്ളത്.

1. നിസ്കാരത്തിന്‍റെ സമയം ആവുകയും ആയെന്നു ബോധ്യമാവുകയും ചെയ്യുക. സമയം ആകുന്നതിനു മുന്‍പോ സമയം ആയെങ്കിലും ആയെന്നു ബോധ്യമാകുന്നതിനു മുമ്പോ നിസ്കരിച്ചാല്‍ ആ നിസ്കാരം സ്വീകരിക്കപ്പെടുകയില്ല.ഒരു നിസ്കാരവും അതിന്‍റെ സമയത്തുനിന്നും മനപ്പൂര്‍വം പിന്തിക്കാന്‍ പാടുള്ളതല്ല.

2.നിസ്കരിക്കുമ്പോള്‍  ഖിബ്ലയെ അഭിമുഖീകരിക്കുക,മക്കയിലെ പരിശുദ്ധ കഅബാ മന്ദിരമാണ് നമ്മുടെ ഖിബല.ആ ഖിബലയുടെ ഭാഗത്തേക്ക് തിരിഞ്ഞാണ് നിസ്കരിക്കെണ്ടത്.എങ്കില്‍ മാത്രമേ നിസ്കാരം സ്വീകാര്യമായി തീരുകയുള്ളു.എന്നാല്‍ രണ്ടു ഘട്ടങ്ങളില്‍ ഇതിനു ഇളവുണ്ട്.ഒന്ന് സ്വലാത്തുല്‍ ഖൗഫ് ഭയപ്പാടോടെയുള്ള നിസ്കാരം.യുദ്ധ രംഗത്തോ മറ്റോ വെച്ച് ചെയ്യുന്ന ഭയത്തോടെയുള്ള നിസ്കാരത്തില്‍ ഖിബലയെ അഭിമുഖീകരിക്കണമെന്ന് നിര്‍ബന്ധമില്ല.രണ്ട്, അനുവദനീയ യാത്രയിലേര്‍പ്പെട്ട വ്യക്തിയുടെ സുന്നത് നിസ്കാരം.ഇതിലും ഖിബലയെ അഭിമുഖീകരിക്കണമെന്നില്ല.

3. ഔറത്ത് മറക്കുക.നിസ്കാരത്തിന്‍റെ ശര്ത്തുകളില്‍ മൂന്നാമത്തെത് ആണിത്. മുട്ടും പൊക്കിളും അവക്കിടയിലുള്ള ഭാഗമാണ് പുരുഷന്‍റെയും അടിമ സത്രീയുടെയും ഔറത്ത്.സാധാരണ സ്ത്രീകളെ സംബന്ധിചിടത്തോളം മുഖവും മുന്‍കയ്യും ഒഴികെയുള്ള ഭാഗങ്ങളെല്ലാം ഔറത്താണ്.തൊലിയുടെ നിറം തിരിച്ചറിയാന്‍ സാധിക്കാത്ത വസ്ത്രം കൊണ്ടാണ് ഔറത്ത് മറക്കെണ്ടത്. 

4. ചെറുതും വലുതുമായ രണ്ടു അശുദ്ധികളില്‍ നിന്നു ശുദ്ധമായിരിക്കുക.ശുദ്ധിയാകാതെ നിസ്കരിച്ചാല്‍ അത് സ്വീകരിക്കുകയില്ല.അങ്ങനെ നിസ്കരിക്കുന്നത്   നിഷിദ്ധമാണ്.

5.   ശരീരം, വസ്ത്രം, നിസ്കാരസ്ഥലം, എന്നിവ നജസുകളില്‍ നിന്ന് ശുദ്ധമായിരിക്കുക.

        ഇവയാണ് നിസ്കാരത്തിന്‍റെ അഞ്ചു ശര്‍ത്തുകള്‍ . ഇവയൊന്നും നിസ്കാരത്തിന്‍റെ ഭാഗമല്ല. ഇവയുടെ അഭാവത്തില്‍ നിസ്കാരം സ്വീകാര്യമാവുകായുമില്ല.

നിയമ വിധികള്‍ അഞ്ച്

         ഇസ്ലാമിലെ നിയമ വിധികള്‍ അഞ്ച് ഇനങ്ങളായി തരം തിരിക്കപ്പെട്ടിട്ടുണ്ട്. വാജിബ്,സുന്നത്ത്,ഹറാം,കറാഹത്ത്,ഹലാല്‍ ഇവയാണ് ആ നിയമ വിധികള്‍ .. പ്രവര്‍ത്തിച്ചാല്‍ പ്രതിഫലവും ഉപേക്ഷിച്ചാല്‍ ശിക്ഷയും ലഭിക്കുന്നതിനാണ് വാജിബ് എന്ന്‍ പറയുന്നത്.ഇതിനു ഫര്‍ള് എന്നും പേരുണ്ട്.ഫര്‍ളുകള്‍ രണ്ടു തരമുണ്ട്.

1. * ഫര്‍ള്ഐന്‍ (വ്യക്തിപരമായ നിര്‍ബന്ധം) : ഓരോരുത്തര്‍ക്കും വ്യക്തിപരമായി നിര്‍ബന്ധമുള്ള കാര്യമാണ് ഫര്‍ള്ഐന്‍ എന്ന് പറയുന്നത്.ഒരോരുത്തരും സ്വയം അനുഷ്ടിച്ചാല്‍ മാത്രമേ ശിക്ഷയില്‍ നിന്ന്‍ ഒഴിവാവുകയുള്ളൂ.നിസ്കാരം,നോമ്പ്,സക്കാത്ത്,ഹജ്ജ് തുടങ്ങിയവ ഉദാഹരണം.

        * ഫര്‍ള് കിഫായ (സാമൂഹ്യ നിര്‍ബന്ധം) : സമൂഹത്തിനു മൊത്തത്തില്‍ നിര്‍ബന്ധമായതാണ് ഫര്‍ള്കിഫായ.ആരെങ്കിലും ഒരാള്‍ ആ കര്‍ത്തവ്യം നിര്‍വഹിച്ചാല്‍ എല്ലാവരുടെയും ബാധ്യത തീരും.ആരും നിര്‍വഹിചില്ലെങ്കില്‍ എല്ലാവരും കുറ്റവാളികളായി തീരുകയും ചെയ്യും.ജനാസ നിസ്കാരം, മയ്യിത്ത് കഫന്‍ ചെയ്യുക, കബറടക്കുക തുടങ്ങിയവ ഉദാഹരണം.

2. സുന്നത്ത് : പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം കിട്ടുന്നതും ഉപേക്ഷിച്ചാല്‍ ശിക്ഷ ലഭിക്കാത്തതുമായ കാര്യങ്ങള്‍ക്കാണ് സുന്നത്ത് എന്ന് പറയുന്നത്.ഖുര്‍ആന്‍ പാരായണം ചെയ്യുക,ദാന ധര്‍മങ്ങള്‍ ചെയ്യുക തുടങ്ങിയവ സുന്നത്തില്‍ പെട്ടതാണ്.സുന്നത്തിനു മുസ്തഹബ്ബ് എന്നും മന്‍ദൂബ് എന്നും പറയുന്നു.നഫല് എന്ന പദവും ഈ അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്നു.

3. ഹറാം : പ്രവര്‍ത്തിച്ചാല്‍ ശിക്ഷയും ഉപേക്ഷിച്ചാല്‍ പ്രതിഫലവും ലഭിക്കുന്ന കാര്യങ്ങള്‍ക്ക് ഹറാം എന്ന് പറയുന്നു.മദ്യപാനം, മോഷണം,പരദൂഷണം തുടങ്ങിയവ എല്ലാം ഹറാമായ നിഷിദ്ധമായ കാര്യങ്ങളാകുന്നു.

4. കറാഹത്ത് (മക്റൂഹ് ) : പ്രവര്‍ത്തിച്ചാല്‍ ശിക്ഷ ലഭിക്കുക ഇല്ലെങ്കിലും ഉപേക്ഷിച്ചാല്‍ പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍ക്ക് കറാഹത്ത് എന്ന്‍ പറയുന്നു.വലതു ഭാഗത്തേക്കും മുന്‍ ഭാഗത്തേക്കും തുപ്പുക എന്നത് മക്റൂഹായ കാര്യമാകുന്നു.കറാഹത്ത് രണ്ടുതരമുണ്ട്. കറാഹത്തുതഹ്‌രീം , കറാഹത്തു തന്‍സീഹ് എന്നിവയാണവ.ഇതില്‍ ആദ്യത്തേത് ഗൗരവം കൂടിയതും രണ്ടാമത്തേത് ഗൗരവം കുറഞ്ഞതുമാണ്.മറവു കൂടാതെ ബൈത്തുല്‍ മുഖദ്ദസ്സിന്‍റെ ഭാഗത്തേക്ക് തിരിഞ്ഞ് മലമൂത്ര വിസര്‍ജനം നടത്തുന്നത് ഹറാം അല്ലെങ്കില്‍ തഹ്രീമിന്‍റെ കരാഹത്താണ്.

5. ഹലാല്‍ : ചെയ്യുന്നതിനോ ഉപേക്ഷിക്കുന്നതിനോ വിരോധിക്കുന്നതിനോ വിരോധമില്ലാത്ത കാര്യങ്ങള്‍ക്ക് ഹലാല്‍ എന്ന് പറയുന്നു.മുന്തിയ വസ്ത്രം ധരിക്കുക,മേത്തരം ഭക്ഷണം കഴിക്കുക തുടങ്ങിയവ ഹലാലായ കാര്യങ്ങളില്‍ പെടുന്നു.ഹലാലിനു മുബാഹ് എന്നും പറയാറുണ്ട്.

                   ഇസ്ലാമിക ശരീഅത്തിലെ ഏതൊരു നിയമവും ഈ അഞ്ചില്‍ ഒന്നിന്‍റെ പരിധിയില്‍ പെട്ടതായിരിക്കും.

Tuesday, October 1, 2013

ശഹാദത്ത് കലിമകള്‍

ഇസ്ലാം കാര്യങ്ങളില്‍ ഒന്നാമത്തേത് രണ്ട് ശഹാദത്ത് കലിമകള്‍ അര്‍ത്ഥം അറിഞ്ഞു മനസ്സില്‍ ഉറപ്പിച്ചു ചൊല്ലുക എന്നതാണ്.രണ്ട് ശഹാദത്ത് കലിമകള്‍ ഇവയാണ്.


(അല്ലാഹു അല്ലാതെ ആരാധിക്കപ്പെടാന്‍ അര്‍ഹനായി മറ്റാരും ഇല്ലെന്നും മുഹമ്മദ് (സ) അല്ലാഹുവിന്‍റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.

ശഹാദത്തിന്‍റെ  നിബന്ധനകള്‍ 

അലസമായോ അശ്രദ്ധമായോ ശഹാദത്ത് കലിമകള്‍ ഉച്ചരിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല.ശഹാദത്ത് പ്രയോജനപ്രതമാകുന്നതിന് ചില നിബന്തനകള്‍ ഉണ്ട്.അവ താഴെ കൊടുക്കുന്നു.

1. ശഹാദത്തിന്‍റെ നിശ്ചിത വജനങ്ങള്‍ മാത്രം ഉച്ചരിക്കുക.

2. വജനങ്ങളുടെ ക്രമം തെറ്റാതിരിക്കുക.

3. അശ്ഹദു എന്നോ അതെ അര്‍ത്ഥം ജനിപ്പിക്കുന്ന മറ്റേതെങ്കിലും പദമോ ഉച്ചരിക്കുക.

4. ശഹാദത്ത് കലിമയുടെ അര്‍ത്ഥവും ആശയവും മനസ്സിലാക്കുക.

5. ശഹാദത്ത് കലിമയുടെ ആശയങ്ങളില്‍ നേരിയ സംശയം പോലും ഇല്ലാതിരിക്കുക.

       ഓര്‍ക്കുക സംസാരശേഷി ഇല്ലാത്ത വ്യക്തികളെ സംബന്തിചിടത്തോളം നാവുകൊണ്ട് ഉച്ചരിക്കണം എന്ന്‍ നിര്‍ബന്തമില്ല.

ശഹാദത്തിന്‍റെ ഫര്‍ളുകള്‍ 

ശര്ത്തുകളെപ്പോലെ ശഹാദത്തിനു ചില ഫര്‍ളുകള്‍ ഉണ്ട്.

1. അല്ലാഹുവിന്‍റെ ദാത്ത് (സത്ത) യഥാര്‍ത്ഥമാണെന്നു ദൃഡമായി വിശ്വസിക്കുക

2. അല്ലാഹുവിന്‍റെ സിഫത്തുകള്‍ ഗുണങ്ങള്‍ മനസ്സിലാക്കി ദൃഡീകരിക്കുക 

3. അല്ലാഹുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ അറിയുകയും അങ്ങീകരിക്കുകയും ചെയ്യുക

4. അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ആജ്ഞകള്‍ അനുസരിച്ചു കൊള്ളാമെന്ന് ദൃഡപ്രതിജ്ഞ എടുക്കുക 

5. ഓരോ ചലനത്തിനും നിശ്ചലനത്തിനും നബിതിരുമേനി (സ) യെ അനുകരിച്ചു കൊള്ളാമെന്ന് ദൃഡപ്രതിജ്ഞ എടുക്കുക.

രിദ്ദത്തും ശഹാദത്തും 

                ഇസ്ലാമില്‍ നിന്നുള്ള വ്യതിചലനത്തിനാണ് രിദ്ദത്ത് എന്ന് പറയുന്നത്.രിദ്ദത്ത് ഭയങ്കരമായ ഒരു പാതകമാകുന്നു.ഇസ്ലാമിനെതിരായി ചിന്തിക്കുക,പറയുക,പ്രവര്‍ത്തിക്കുക ഈ കാരണങ്ങള്‍ കൊണ്ട് രിദ്ദത്ത് സംഭവിക്കാം.ഇസ്ലാമില്‍ നിന്ന്‍ വ്യതിചലിച്ചുപോയ ആള്‍ക്ക് മുര്‍ത്തദ്ദ് എന്ന് പറയുന്നു.മുര്‍ത്തദദായ ഒരാള്‍ വീണ്ടും ഇസ്ലാമിലേക്ക് വരുമ്പോള്‍ ചൊല്ലേണ്ട വചനം നബി തിരുമേനി (സ) പഠിപ്പിച്ചിട്ടുണ്ട്.
ആ വചനം ഇതാണ്.

(അല്ലാഹുവേ നിന്നോട് മറ്റൊന്നിനെ പങ്കു ചേര്‍ക്കുന്നതില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു.അറിയാതെ ഞാന്‍ ചെയ്തു പോയ തെറ്റുകള്‍ക്ക് നിന്നോട് മാപ്പപേക്ഷിക്കുകയും ചെയ്യുന്നു.തീര്‍ച്ചയായും നീ എല്ലാ രഹസ്യങ്ങളും അറിയുന്നവനാണ്,പാപങ്ങളില്‍ നിന്നും ഞാന്‍ പശ്ചാത്തപിച്ചു മടങ്ങുകയും ഇസ്ലാമല്ലാത്ത എല്ലാ മതങ്ങളില്‍ നിന്നും ഞാന്‍ ഒഴിവാവുകയും ചെയ്യുന്നു.ഞാന്‍ അല്ലാഹുവിനെ അനുസരിക്കുന്നവന്‍ (മുസ്ലിം) ആയിരിക്കുന്നു.അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ലെന്നും മുഹമ്മദ്‌ (സ) അല്ലാഹുവിന്‍റെ ദൂതനാണെന്നും ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു)



ഇസ്‌ലാം കാര്യങ്ങള്‍

                  ഇസ്‌ലാം കാര്യങ്ങള്‍ ഇതെല്ലാമാണെന്നു കാണിക്കുന്ന ഒരു ഹദീസ് കൂടി ഉദ്ധരിക്കാം.നബി (സ) പറഞ്ഞു.


           അര്‍ത്ഥം (ഇസ്ലാം അഞ്ചു കാര്യങ്ങളുടെ മേല്‍ സ്ഥാപിതമായിരിക്കുന്നു.അല്ലാഹു ഒഴികെ ഒരു ആരാധ്യനും ഇല്ലെന്നും മുഹമ്മദ്‌ മുസ്തഫാ (സ) അല്ലാഹുവിന്‍റെ ദൂതനാണ്‌ എന്നും സാക്ഷ്യം വഹിക്കുക, നിസ്കാരം നിലനിര്‍ത്തുക, സക്കാത്ത് കൊടുക്കുക, റംസാന്‍ മാസം വ്രതമനുഷ്ടിക്കുക ,സാധിക്കുന്നവര്‍ കഅബത്തിങ്കല്‍ ചെന്ന്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുക ഇവയാണ് അഞ്ചു കാര്യങ്ങള്‍ )

                             ഇസ്ലാമാകുന്ന കെട്ടിടത്തിന്‍റെ അഞ്ചു തൂണുകലാണവ.തൂണുകളിലൊന്ന്‍ ഇല്ലാതായാല്‍ കെട്ടിടം തന്നെ നിലം പതിക്കും.അതിനാല്‍ ഒരു പരിസ്ഥിതിയിലും ഈ തൂണുകളിലൊന്ന്‍ പോലും ഇല്ലാതാക്കാന്‍ അനുവദിക്കരുത്.ഈ അഞ്ചു കാര്യങ്ങളില്‍ എതെങ്കിലുമൊന്ന്‍ ഉപേക്ഷിച്ചാല്‍ അവന്‍ യഥാര്‍ത്ഥ മുസ്ലിമായി തീരുകയില്ല.ഇക്കാര്യം നാം വളരെ ഗൌരാവത്തോടെ കാണേണ്ടിയിരിക്കുന്നു.

Monday, September 23, 2013

ഈമാൻ കാര്യങ്ങൾ




  1. 1 അല്ലാഹുവിലുള്ള വിശ്വാസം 

            നാം നിവസിക്കുന്ന ഭൂമി,വിശാലവിസ്തൃതമായ ആകാശം,സൂര്യൻ,ചന്ദ്രൻ ,കോടാനുക്കോടി നക്ഷത്രങ്ങൾ ഇവയെല്ലാം ഉൾക്കൊള്ളുന്ന ഭീമാകാരമായ അതീവ ബ്രഹത്തായ ഈ പ്രപഞ്ചം ഒരു കാലത്ത് ഉണ്ടായിരുന്നില്ല എന്നത് ഒരു വസ്തുതയാണ്.എല്ലാവരും അത് അംഗീകരിക്കുന്നുണ്ട്.
                                    
                                 ഒരു കാലത്ത് ഇവിടം തികഞ്ഞ ശൂന്യത ആയിരുന്നു.തികഞ്ഞ ശൂന്യതയിൽ നിന്ന് ഒരു മുൻ മാതൃകയും ഇല്ലാതെ ഈ പ്രപഞ്ചത്തെ സൃഷ്ട്ടിച്ച ഒരു മഹാ ശക്തി ഉണ്ട്.ആ മഹാ ശക്തിയെ നാം അല്ലാഹു എന്ന് വിളിക്കുന്നു.

                         അല്ലാഹു ഏകനാണ്.സത്തയിലോ ഗുണത്തിലോ പ്രവർത്തനങ്ങളിലോ അവന്  തുല്യമായി ആരും തന്നെ ഇല്ല.ഈ പ്രപഞ്ചത്തിന്റെ സൃഷ്ട്ടിയിലോ സംരക്ഷണത്തിലോ സംഹാരത്തിലോ അവന് ഒരു പങ്കാളിയുമില്ല.അല്ലാഹു സർവ ശക്തനാണ്.ചെറുതോ വലുതോ രഹസ്യമോ ആയ ഒരു കാര്യവും അവൻറെ അറിവിൽ നിന്നും വിട്ടു പോവുകയില്ല.അല്ലാഹു എല്ലാം കാണുന്നവനും കേള്ക്കുന്നവനുമാണ്.കാരുണ്യവാനും കരുണാ നിധിയുമാണ്.പാപങ്ങൾ പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനുമാണ്.നീതിമാനും യുക്തിമാനുനുമാണ്.സൽകർമങ്ങൽക്ക് പ്രതിഫലം നലകുന്നവനും ധുഷ്കര്മാങ്ങൾക്ക് ശിക്ഷ നല്കുന്ന വനുമാണ്.പൂര്നതയുടെതായ എല്ലാ ഗുണങ്ങളുടെയും അധിപനും നൂനതയുടെതായ എല്ലാ ഗുണങ്ങളിൽ നിന്നും പരിശുധനുമാണ് അല്ലാഹു.അവന് മാതാപിതാക്കളോ സന്താനങ്ങളോ ഇല്ല.
   
              അല്ലാഹുവിൻ ഒരു കാര്യത്തിലും ഒരു തരത്തിലുമുള്ള പങ്കുകാരില്ലാത്തത് കൊണ്ട് നമ്മുടെ ആരാധനയും പ്രാർഥനയും എല്ലാം അർഹിക്കുന്നത് അവന് മാത്രമാണ്.അവനല്ലാതെ മറ്റാരെയും നാം ആരാധിക്കാനോ പ്രാർഥിക്കാനോ പാടുള്ളതല്ല .ഇങ്ങനെയെല്ലമാണ് നാം അല്ലാഹുവിൽ വിശ്വസിക്കേണ്ടത്.ഇങ്ങനെ വിശ്വസിചെങ്കിലെ നമ്മുടെ ഈമാൻ ശരിയാവുകയുള്ളൂ.നാം യഥാർത്ഥ മുസ്ലിംകളും മുഅമിനുകളും ആവുകയുള്ളൂ .

2  മലക്കുകളില്‍ എങ്ങനെ വിശ്വസിക്കണം 

അല്ലാഹുവിന് "മലക്കുകള്‍ " എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം സൃഷ്ട്ടികള്‍ ഉണ്ട്.അവര്‍ മുഖേനയാണ് അല്ലാഹു ഈ പ്രപഞ്ഞത്തിലെ തന്‍റെ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.അവര്‍ മുഖേനയല്ലാതെ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവന് കഴിയാത്തത് കൊണ്ടല്ല അവരേയും പ്രപഞ്ചത്തെയും ശൂന്യതയില്‍ നിന്ന സൃഷ്ട്ടിച്ച അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അത് പ്രയാസമുള്ള കാര്യമല്ല.മലക്കുകള്‍ മുഖേന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കണം എന്നാണ് അല്ലാഹു തീരുമാനിച്ചത്.അതിന് വേണ്ടിയാണ് അവന്‍ മലക്കുകളെ സൃഷ്ട്ടിച്ചത്.ഇതിന്‍റെ അര്‍ത്ഥം പ്രപഞ്ചത്തിന്റെ ഭരണത്തില്‍ മലക്കുകള്‍ക്ക് പങ്കാളിത്തമുന്ടെന്നല്ല.അങ്ങനെ ധരിക്കാനും പാടില്ല.അലാഹു ആജ്ഞാപിക്കുന്നു,മലക്കുകള്‍ അനുസരിക്കുന്നു എന്ന് മാത്രം.

                      ജിന്നുകള്‍ മനുഷ്യര്‍ തുടങ്ങിയ അല്ലാഹുവിന്‍റെ മറ്റു സൃഷ്ട്ടികളില്‍ നിന്നും പലതും കൊണ്ടും വ്യത്യസ്തരാണ് മലക്കുകള്‍ .മനുഷ്യര്‍ മണ്ണ് കൊണ്ടും ജിന്നുകള്‍ അഗ്നി കൊണ്ടുമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ മലക്കുകള്‍ പ്രകാശം കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.മനുഷ്യര്‍ക്കുണ്ടാകുന്ന പ്രത്യേകതകളൊന്നും മലക്കുകല്‍ക്കില്ല.മലക്കുകള്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ മലമൂത്ര വിസര്‍ജനം നടത്തുകയോ ഇല്ല.അവര്‍ പുരുഷന്മാരോ സ്ത്രീകളോ അല്ല.അവര്‍ ഇണ ചേരുകയോ സന്താനോല്പാധന പ്രക്രിയ നടത്തുകയോ ഇല്ല.ക്ഷീണമോ തളര്‍ച്ചയോ നിദ്രയോ മയക്കമോ ഒന്നും തന്നെ അവര്കുണ്ടാകുകയില്ല.അല്ലാഹു എന്ത് ആജ്നാപിക്കുന്നുവോ അതനുസരിക്കുക അതാണ്‌ അവരുടെ പ്രാകൃതം.അല്ലാഹുവിനെ അനുസരിക്കുക അവന് ഇബാദത്ത് (ആരാധന)ചെയ്യുക,അവന്‍റെ നാമം പ്രകീര്‍ത്തനം ചെയ്യുക.അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുക ഇതൊക്കെയാണവരുടെ തൊഴില്‍.മനുഷ്യര്‍ക്ക് കാണാന്‍ കഴിയാത്ത രൂപത്തിലാണ് അല്ലാഹു അവരെ സൃഷ്ടിച്ചിട്ടുള്ളത്.യഥാര്‍ത്ഥ രൂപത്തില്‍ അവരെ ആര്‍ക്കും കാണാന്‍ കഴിയില്ല.മനുഷ്യരൂപം സ്വീകരിച്ചു കൊണ്ടാണ് നബിമാരുടെ അടുത്ത് അവര്‍ വന്നിരുന്നത്.മലക്കുകളുടെ സംഖ്യ എത്രയാണെന്ന് അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുകയില്ല.അര്ഷിനെ വഹിക്കുന്നവര്‍,അര്ഷിനെ പ്രദക്ഷിണം ചെയ്യുന്നവര്‍,ആപത്തുകളില്‍ നിന്ന്‍ മനുഷ്യരെ കാക്കുന്നവര്‍ ഇങ്ങനെ എണ്ണമറ്റ വിഭാഗം മലക്കുകള്‍ ഉണ്ട്.
           
                    അല്ലാഹുവിന്‍റെ മലക്കുകളില്‍ ഈ വിവരിച്ച പ്രകാരമാണ് നാം വിശ്വസിക്കേണ്ടതും,അതോടെ പ്രധാനപെട്ട പത്ത് മലക്കുകളുടെ പേരും അവരുടെ ചുമതലയും മനസ്സിലാക്കുകയും വേണം.അവ ഈ പറയുന്നതാണ്.


1.ജിബ്‌രീല്‍ (അ ) : അല്ലാഹുവിങ്കല്‍ നിന്നുള്ള വഹിയ് (ദിവ്യ സന്തേശം)പ്രവാജകന്മാര്‍ക്ക് എത്തിച്ചു കൊടുക്കുക എന്നതാണ് ജിബ്‌രീല്‍ (അ ) ന്‍റെ മുഖ്യ ചുമതല.

2.മീക്കാഈല്‍ (അ) : മഴ,കാറ്റ്,ഇടി ,മിന്നല്‍,വെള്ളം,ആഹാരം തുടങ്ങിയവയുടെ പ്രധാന ചുമതലക്കാരനാണ് മീക്കാഈല്‍ (അ)

3.ഇസ്രാഫീല്‍ (അ) : അന്ത്യനാളില്‍  സൂര്‍ എന്ന കാഹളം ഊതാന്‍ വേണ്ടി ഏല്‍പിക്കപ്പെട്ടിരിക്കുന്ന മലക്കാണ് ഇസ്രാഫീല്‍ (അ)

4.അസ്റാഈല്‍ (അ) : എല്ലാ ജീവജാലങ്ങളുടേയും റൂഹിനെ (ആത്മാവിനെ)പിടിക്കാന്‍ വേണ്ടി ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന മലക്കാണ് അസ്റാഈല്‍ (അ)

5.മുന്‍കര്‍ (അ) 

6.നക്കീര്‍ (അ) : ഖബറില്‍ വെച്ച് ചോദ്യം ചെയ്യലാണ് ഈ മലക്കുകളുടെ പ്രധാന ചുമതല.

7.റഖീബ് (അ) 

8.അത്തീദ് (അ) : മനുഷ്യരുടെ നന്മയും തിന്മയും രേഖപ്പെടുത്താന്‍ നിയോകിക്കപ്പെട്ട മലക്കുകലാണ് റഖീബും അത്തീദും.ഇവരുടെ കീഴില്‍ ഇതേ ചുമതല ഏല്‍പ്പിക്കപ്പെട്ട വേറെയും മലക്കുകള്‍ ഉണ്ട്.അവര്‍ പൊതുവേ കിറാമുന്‍ കാതിബുന്‍ (ബഹുമാന്യരായ എഴുത്തുകാര്‍) എന്ന പേരിലാണ് അറിയപ്പെടുന്നത്.

9.മാലിക് (അ) : സ്വര്‍ഗത്തിന്‍റെ മേല്‍നോട്ടം വഹിക്കുകയാണ് മാലിക് (അ) ന്‍റെ ചുമതല

10.രിള്വാന്‍ (അ) : സ്വര്‍ഗത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന മലക്കിന്റെ പേരാണ് രില്‍വാന്‍ (അ)
                            ഈ പറഞ്ഞ പത്ത് മലക്കുകളില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ടവര്‍ യഥാക്രമം ജിബ്‌രീല്‍,മീക്കാഈല്‍,ഇസ്രാഫീല്‍. ,അസ്റാഈല്‍ എന്നിവരാ

3 അല്ലാഹുവിന്‍റെ കിത്താബുകള്‍ 

                                മനുഷ്യവിഭാഗത്തിന് യഥാര്‍ത്ഥ ജീവിത മാര്‍ഗം കാണിച്ചു കൊടുക്കാനും സത്യത്തെയും അസത്ത്യതെയും വേര്‍ തിരിച്ചു കാണിക്കാനും വേണ്ടി അല്ലാഹു നബിമാര്‍ മുഖേന ചില ഗ്രന്ഥങ്ങള്‍ ഇറക്കി കൊടുത്തിട്ടുണ്ട്.മനുഷ്യര്‍ക്ക് വേണ്ടി ഉള്ള അല്ലാഹുവിന്‍റെ സന്ദേശങ്ങളാണ് ആ ഗ്രന്ഥങ്ങളുടെ ഉള്ളടക്കം.അല്ലാഹുവിന്‍റെ വിധി വിലക്കുകള്‍,ജീവിതത്തിന്‍റെ അഖില വശങ്ങളെയും ഉള്‍ക്കൊള്ളുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍,പൂര്‍വീക സമുദായങ്ങളുടെയും,പ്രവാജകന്മാരുടെയും മഹാന്മാരുടെയും ചിത്രങ്ങള്‍,സദ്‌വൃത്തന്‍മാര്‍ക്കുള്ള സന്തോഷ വാര്‍ത്തകള്‍,സത്ത്യ നിഷേധികള്‍ക്കും ദുര്‍വൃത്തര്‍ക്കുമുള്ള മുന്നറിയിപ്പുകള്‍ - ഇങ്ങനെ പല കാര്യങ്ങളും ആ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.അല്ലാഹുവിന്‍റെ ഗ്രന്തത്തിലുള്ളതെല്ലാം അവന്‍റെ കലാം (സംസാരം ) ആണെന്നും അതെല്ലാം സത്യനിഷ്ട്ടമാണെന്നും നാം വിശ്വസിക്കേണ്ടിയിരിക്കുന്നു.എങ്കിലേ നാം സത്യവിശ്വാസികളായിത്തീരുകയുള്ളൂ.
                                   
                                        എല്ലാ നബിമാര്‍ക്കും അല്ലാഹു കിത്താബുകള്‍ ഇറക്കി കൊടുത്തിട്ടില്ല.ഏതൊക്കെ നബിമാര്‍ക്കാണ് അല്ലാഹു ഗ്രന്ഥം ഇറക്കി കൊടുത്തിട്ടുള്ളതെന്ന്‍ പൂര്‍ണമായി നമുക്കറിയില്ല.എന്നാല്‍ നാല് കിത്താബുകളെയും നൂറ് എടുകളെയും കുറിച് നമുക്ക് വിവരം ലഭിച്ചിട്ടുണ്ട്.അവയെ കുറിച്ച് വിശദമായി നാം മനസ്സിലാക്കുകയും അങ്ങീകരിക്കുകയും വിശ്വസിക്കുകയും വേണം.അവയെക്കുറിച്ചുള്ള വിവരങ്ങള്‍ താഴെ കൊടുക്കുന്നു.


1.തൌറാത്ത് : മൂസാ നബി (അ)ക്ക് ഹിബ്രു (അബ്രാനി) ഭാഷയില്‍ ഇറക്കപ്പെട്ട ഗ്രന്ഥമാണ് തൌറാത്ത്

2.സബൂര്‍  : ദാവൂദ് നബി (അ) ക്ക് ഗ്രീക്ക് (യുനാനി )ഭാഷയില്‍ ഇറക്കപ്പെട്ട ഗ്രന്ഥമാണിത്.

3.ഇഞ്ചീല്‍ : ഈസാ നബി (അ) ക്ക് സുറിയാനി ഭാഷയില്‍ ഇറക്കപ്പെട്ട ഗ്രന്ഥമാണ് ഇഞ്ചീല്‍

4.ഖുര്‍ആന്‍ :  അന്ത്യ പ്രവാജകരായ മുഹമ്മദ്‌ നബി തിരുമേനി (സ)ക്ക് അറബി ഭാഷയില്‍ ഇറക്കപ്പെട്ട വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍

                          ഇവക്ക് പുറമേ ആദംനബി (അ) ന് പത്ത് ഏടുകളും ശീസ്നബി (അ) ന് അമ്പത് ഏടുകളും ഇദ്രീസ്നബി (അ) ന് മുപ്പത് ഏടുകളും ഇബ്രാഹിം നബി (അ) ന് പത്ത് ഏടുകളും അല്ലാഹു ഇറക്കി കൊടുത്തിട്ടുണ്ട്.

               ഇവയില്‍ അവസാനത്തെ വേദഗ്രന്ഥമാകുന്നു ഖുര്‍ആന്‍...,. ഖുര്‍ആന്‍ന്‍റെ അവതരണത്തോടെ പൂര്‍വീക വേദഗ്രന്തങ്ങളെല്ലാം ദുര്‍ബലപ്പെടുത്തപ്പെട്ടിരിക്കുന്നു.ഇതിന്‍റെ അര്‍ത്ഥം പൂര്‍വീക വേദഗ്രന്ഥങ്ങളില്‍ ഉള്ള ആശയങ്ങള്‍ തെറ്റാണെന്നല്ല.പൂര്‍വീക വേദഗ്രന്തങ്ങളിലുള്ള ആശയങ്ങളെല്ലാം സത്യപൂര്‍ണം തന്നെയാണ്.ആ ആശയങ്ങളെ അങ്ങീകരിക്കുകയും ശരി വെക്കുകയും ചെയ്തുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമാക്കിയിരിക്കുന്നത്.എന്നാല്‍ ശാഖാപരമായ വിഷയങ്ങളിലും കര്മപരമായ നിയമങ്ങളിലും കാലികമായ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടാണ് ഖുര്‍ആന്‍ അവതരിക്കപ്പെട്ടത്.മാറിയ ആ നിയമ വിധികളാണ് ലോകാവസാനം വരെ നിലനില്‍ക്കുക.പൂര്‍വ വേദഗ്രന്ഥങ്ങള്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു എന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം ഇതാണ്.

               പൂര്‍വിക വേദഗ്രന്തങ്ങളൊന്നും യഥാര്‍ത്ഥ രൂപത്തില്‍ ഇന്ന്‍ നിലവില്‍ ഇല്ല എന്നതും ഒരു വസ്തുതയാണ്.പുരോഹിതന്മാര്‍ അവയില്‍ മാറ്റ തിരുത്തലുകള്‍ വരുത്തുകയും  കൃത്രിമങ്ങള്‍ കാണിക്കുകയും ചെയ്തിരിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ ആകട്ടെ യാതൊരു മാറ്റത്തിരുത്തലുകള്‍ക്കും കൈയേറ്റങ്ങള്‍ക്കും വിധേയമാകാതെ സുരക്ഷിതമായി ഇന്നും നിലനില്‍ക്കുന്നു.ലോകാവസാനം വരെ അങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്യും.അതിനുള്ള സംരക്ഷണ നടപടി അല്ലാഹു സ്വീകരിച്ചിട്ടുണ്ട്.

4 പ്രവാചകന്‍മാര്‍ 

                    പ്രവാചകന്‍മാരില്‍ വിശ്വസിക്കുക എന്നതാണ് വിശ്വാസ കാര്യങ്ങളില്‍ നാലാമത്തേത്.മനുഷ്യരെ നേര്‍ മാര്‍ഗത്തിലേക്ക് നയിക്കാന്‍ വേണ്ടി അല്ലാഹു കാലാകാലങ്ങളിലായി നബിമാരെ നിയോഗിച്ചുകൊണ്ടിരുന്നിട്ടുണ്ട്.പ്രവാചകന്‍മാര്‍ നിയോഗിക്കാത്ത ഒരു ജന വിഭാഗവും കഴിഞ്ഞു പോയിട്ടില്ലെന്ന് ഖുര്‍ആന്‍ തീര്‍ത്തു പറഞ്ഞിട്ടുണ്ട്.പല സമുധായങ്ങളിലെക്ക് ഒന്നിലധികം നബിമാരെ നിയോഗിക്കപ്പെട്ടിട്ടുണ്ട്.ആദിമ മനുഷ്യനായ ആദം (അ) തന്നെ ഒരു പ്രവാചകനായിരുന്നു.അതിനു ശേഷം ഒരുപാട് നബിമാര്‍ ഇവിടെ വരുകയും പ്രഭോധന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.മുഹമ്മദ്‌ നബി (സ) യോടെയാണ് നബിമാരുടെ ശ്രിങ്കല അവസാനിക്കുന്നത്.മുഹമ്മദ്‌ നബി (സ)ക്ക് ശേഷം ഇനി ഒരു നബിയും നിയോഗിക്കപ്പെടുകയില്ല.ലോകാവസാനം വരെയുള്ള എല്ലാ ജന വിഭാഗങ്ങളുടെയും പ്രവാചകനാകുന്നു മുഹമ്മദ്‌ നബി തിരുമേനി (സ).ആകെ എത്ര നബിമാര്‍ ആഗാതനായിട്ടുണ്ടെന്ന്‍ നമുക്കറിയില്ല.ഒരുലക്ഷത്തിഇരുപത്തിനാലായിരം നബിമാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന്‍ ഒരു ഹദീസില്‍ കാണുന്നു.
   
                                 ഇരുപത്തിഅഞ്ചു നബിമാരുടെ പേരുകളും വിവരണങ്ങളും വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട്.അവ മനസ്സിലാക്കിയിരിക്കല്‍ ഒരു സത്യ വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധവുമാണ്.ആ ഇരുപത്തിയഞ്ചു നബിമാരുടെ പേരുകള്‍ താഴെ കൊടുക്കുന്നു.

1.ആദം (അ) 2.ഇദ്രീസ് (അ) 3.നൂഹ് (അ) 4. ഹൂദ്‌ (അ) 5. സ്വാലിഹ് (അ) 6. ഇബ്റാഹീം (അ) 7. ലൂത്  (അ) 8. ഇസ്മാഈല്‍ (അ) 9. ഇസ്ഹാഖ് (അ) 10. യഅഖൂബ് (അ) 11. യൂസുഫ് (അ) 12. അയ്യൂബ് (അ) 13. ശുഅയ്ബ് (അ) 14. ഹാറൂന്‍ (അ) 15. ദുല്‍കിഫ്ല്‍ (അ) 16. മൂസാ (അ) 17.അല്‍യസഅ (അ) 18. ദാവൂദ് (അ) 19. സുലൈമാന്‍ (അ) 20. ഇല്‍യാസ് (അ) 21. യൂനുസ് (അ) 22. സകരിയ്യ (അ) 23. യഹ്യാ (അ) 24. ഈസാ (അ) 25. മുഹമ്മദ്‌ മുസ്തഫാ (സ).

                         നബിമാരില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ടതും ഉണ്ടായിരുന്നതുമായ ചില ഗുണ വിശേഷണങ്ങള്‍ ഉണ്ട്.

1. സത്യസന്തതയാണവയില്‍ ഒന്ന്‍.ഒരു പ്രവാചകനും ഒരു കലവുപോലും പറയില്ല.കളവ് പറയുന്ന ആള്‍ പ്രവാചകത്വ പദവിക്ക് അര്ഹനുമല്ല.

2. രണ്ടാമത്തേത് വുശ്വസ്തതയാണ്.എല്ലാ പ്രവാചകന്‍മാരും വിശ്വസ്തരാന്.ഒരു നബിയില്‍ നിന്നും വിശ്വാസ വഞ്ചനയുടെ ലാഞ്ചന പോലും ഉണ്ടാകില്ല.

3. ബുദ്ധി വൈഭവമാണ് മൂന്നാമത്തെത്.എല്ലാ നബിമാരും അബാരമായ ബുദ്ധി വൈഭവത്തിന്റെ ഉടമകളായിരുന്നു.

4. ജനങ്ങളെ അറിയിക്കാന്‍ വേണ്ടി അല്ലാഹു അറിയിച്ചിട്ടുള്ള കാര്യങ്ങള്‍ യഥാസമയം അറിയിക്കുന്നവരാണ് നബിമാര്‍.അതില്‍ യാതൊരു വീഴ്ചയും അവര്‍ കാണിക്കുകയില്ല.ഇതാണ് നാലാമത്തെ ഗുണ വിശേഷം.

                                    നബിമാര്‍ പാപ സുരക്ഷിതരാണ്‌.( തെറ്റുകളിലേക്ക് വഴുതിപ്പോകാതെ അല്ലാഹു അവരെ കാത്തുസൂക്ഷിക്കും.

                                   ഇങ്ങനെയൊക്കെയാണെങ്കിലും നബിമാര്‍ അമാനുഷികരോന്നുമല്ല.മനുഷ്യവിഭാഗത്തില്‍പ്പെട്ട പുരുഷന്‍മാരെയാണ് അല്ലാഹു നബിമാരായി തിരഞ്ഞെടുത്തയച്ചിരിക്കുന്നത്.ഭക്ഷണം കഴിക്കുക,മലമൂത്ര വിസര്‍ജനം നടത്തുക,ഉറങ്ങുക, അങ്ങാടിയില്‍ക്കൂടി നടക്കുക,രോഗം ഭാധിക്കുക തുടങ്ങിയ മാനുഷിക പ്രവണതകള്‍ നബിമാര്‍ക്കും ഉണ്ടാകും.പക്ഷെ അറപ്പും വെറുപ്പും ഉളവാക്കുന്ന കുഷ്ഠം, വെള്ളപ്പാണ്ട് തുടങ്ങിയ അസുഖങ്ങള്‍ അവര്‍ക്കുണ്ടാവുകയില്ല എന്ന്‍ മാത്രം.

                                 അല്ലാഹു മനുഷ്യര്‍ക്ക് വേണ്ടി തിരഞ്ഞെടുത്ത മതം ഇസ്ലാം ആകുന്നു.ഇസ്ലാം മതം പ്രഭോധനം ചെയ്യാന്‍ വേണ്ടിയാണ് എല്ലാ നബിമാരും ഇവിടെ നിയുക്തരായിട്ടുള്ളത്. അതിനാല്‍ എല്ലാ നബിമാരെയും ഒരുപോലെ സ്നേഹിക്കാനും ആദരിക്കാനും വിശ്വസിക്കാനും നാം ബാധ്യസ്ഥരാണ്.നബിമാര്‍ക്കിടയില്‍ യാതൊരു വിവേചനവും കാണിക്കാന്‍ സത്യവിശ്വാസികള്‍ക്ക് പാടുള്ളതല്ല.അങ്ങനെ ചെയ്യുന്നവര്‍ സത്യവിശ്വാസികളാ വുകയില്ല.

5 അന്ത്യനാളിലുള്ള വിശ്വാസം 

ഈ പ്രപഞ്ചം ഒരു കാലത്തുണ്ടായിരുന്നില്ലെന്നും പിന്നീടത് സൃഷ്ടിക്കപ്പെടുകയാണുണ്ടായതെന്നും നാം കണ്ടു കഴിഞ്ഞു.അതു കൊണ്ടു തന്നെ ഈ പ്രപഞ്ചം ശാശ്വതമായി എന്നെന്നും നിലനില്‍ക്കുകയുമില്ല.ഈ പ്രപഞ്ചവും അതിലുള്ള സകല ജീവജാലങ്ങളും ഒരുനാള്‍ നശിക്കും.ആ നാളിനാണ് അന്ത്യനാള്‍ എന്ന് പറയുന്നത്.അന്ത്യനാളിലും തുടര്‍ന്നുള്ള സംഭവവികാസങ്ങളിലുമുള്ള വിശ്വാസം വിശ്വാസ കാര്യങ്ങളില്‍ അഞ്ചാമത്തേതാന്.പരലോകത്തിലുള്ള വിശ്വാസം എന്നുകൊണ്ടുദേശിക്കപ്പെടുന്നതും ഇതു തന്നെയാണ്.

            ഇസ്രാഫീല്‍ (അ) എന്ന മലക്ക് നിശ്ചയിക്കപ്പെട്ടതനുസരിച്ച് രണ്ട് തവണ സൂര്‍ എന്ന കാഹളത്തില്‍ ഊതും.ആദ്യത്തെ ഊത്തോടുകൂടി ഈ ലോകം പറ്റെ നശിക്കും.അതി ശക്തമായി അടിച്ചു വീശുന്ന കൊടുങ്കാറ്റില്‍പ്പെട്ട്  ലോകത്തുള്ള ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാ വസ്തുക്കളും നശിക്കും.ഒരു വസ്തുവിനും ഈ നാശത്തെ അതിജീവിക്കനാവുകയില്ല.

            അല്ലാഹുവിന്‍റെ ആജ്ഞയനുസരിച്ച് ഇസ്രാഫീല്‍ (അ) വീണ്ടും സൂറില്‍ ഊതും.അതോടെ ഇന്ന്‍ ഭൂമിയും ആകാശവും നിലനില്‍ക്കുന്ന സ്ഥാനത്ത് മറ്റൊരു ലോകം സൃഷ്ടിക്കപ്പെടും.ജീവിച്ചു മരിച്ചുപോയ ആളുകളെല്ലാം പുനരുജീവിക്കപ്പെടുകയും അവര്‍ മഹ്ശറയില്‍ (സമ്മേളന നഗറില്‍ ) ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യും.തികച്ചും ഭീകരമായ ഒരു രംഗമായിരിക്കും അത്.ഓരോരുത്തരും തങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കാകുലരായിരിക്കും.

                 പിന്നീട് ആളുകളെ വിജാരണക്കായി നിശ്ചയിക്കപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോകും.ഓരോരുത്തരും ഇഹലോകത്ത് വെച്ച് ചെയ്ത നന്മയും , തിന്മയം രേഖപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ അവരുടെ കൈകളില്‍ നല്‍കപ്പെടും.പിന്നെടവരെ വിജാരണ ചെയ്യുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കുമുള്ള പ്രതിഫലം രക്ഷയെങ്കില്‍ രക്ഷ ശിക്ഷയെങ്കില്‍ ശിക്ഷ അവര്‍ക്ക് നല്‍കപ്പെടുകയും ചെയ്യും.മീസാന്‍ എന്ന തുലാസ്, സ്വിറാത് എന്ന പാലം,സ്വര്‍ഗം ,നരഗം തുടങ്ങിയ ഒരുപാട് പ്രതിഭാസങ്ങള്‍ മരണാനന്തര ജീവിതത്തിലുണ്ട്.ഇവയുടെ യഥാര്‍ത്ഥ രൂപവും,ഭാവവും നമുക്കിപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുകയില്ല.പരലോകത്തെത്തുമ്പോള്‍ മാത്രമേ നമുക്കാവ വേണ്ടത് പോലെ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.എങ്കിലും ഇവയെല്ലാം ഉണ്ടെന്ന്‍ നാം മനസ്സിലാക്കുകയും വിശ്വസിക്കുകയും വേണം.സത്യ വിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തുകൊണ്ട് സദ്‌വൃത്തരായി ജീവിക്കുന്നവര്‍ക്ക് പരലോകത്ത് സ്വര്‍ഗ്ഗീയ ജീവിതം നയിക്കാന്‍ അവസരം ലഭിക്കും.അല്ലാത്തവര്‍ നാരകീയ ജീവിതം നയിക്കേണ്ടി വരികയും ചെയ്യും.

                  അന്ത്യനാള്‍ എന്നാണ് ആഗാതമാവുക എന്ന്‍ ആര്‍ക്കും അറിയുകയില്ല.അല്ലാഹുവിന് മാത്രം അറിയാവുന്ന രഹസ്യങ്ങളില്‍ ഒന്നാണത്.എന്നാല്‍ അന്ത്യനാളിന്‍റെ ചില അടയാളങ്ങള്‍ നബി തിരുമേനി (സ) മുഖേന അല്ലാഹു നമ്മെ അറിയിച്ചിട്ടുണ്ട്.പാണ്ഡിത്യം കുറഞ്ഞു വരിക , അജ്ഞത വര്‍ദ്ധിക്കുക , വിവരമില്ലാത്തവര്‍ നേതാക്കളും ഭരണ കര്ത്താക്കലുമായിത്തീരുക,മദ്യപാനം,വ്യഭിജാരം തുടങ്ങിയ ദുര്‍ വൃത്തികള്‍ വ്യാപകമാവുക,സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുക ദജ്ജാലിന്‍റെ  രംഗപ്രവേശം, ഈസാ നബി (അ) ന്‍റെ ആഗമനം,ദാബ്ബത്തുല്‍ ആര്‍ള് എന്ന ഒരു വിചിത്ര മൃഗത്തിന്‍റെ പുറപ്പാട്,വ്യാപകമായ അഗ്നി ബാധ,സൂര്യന്‍ പടിഞ്ഞാറ് നിന്നും ഉദിക്കുക,തുടങ്ങിയവ അന്ത്യനാളിന്‍റെ ലക്ഷണങ്ങളില്‍ ചിലതാകുന്നു.ഇവയില്‍ ചില അടയാളങ്ങള്‍ ഇപ്പോള്‍ തന്നെ പ്രകടമായിരിക്കുന്നു എന്ന്‍ നാം മനസ്സിലാക്കുക.

6 വിധിയിലുള്ള വിശ്വാസം 

വിധിയിലുള്ള വിശ്വാസം - നന്മയും തിന്മയുമായ കാര്യങ്ങളെല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ളതാനെന്ന വിശ്വാസം - സത്യ വിശ്വാസത്തിന്‍റെ ആറാം ഭാഗമാണ്.വാസ്തവത്തില്‍ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗം തന്നെയാണത്.അല്ലാഹു സര്‍വജ്ഞനാണ് അവന്‍റെ അറിവിന്‌ അതിരുകളില്ല,നടന്നു കഴിഞ്ഞതും നടക്കാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും  - ചെറുതും വലുതും - അല്ലാഹു അറിയുന്നുണ്ട്.തന്‍റെ സൃഷ്ട്ടികളായ മനുഷ്യരില്‍പ്പെട്ടെ ഓരോ വ്യക്തിയും എന്തെല്ലാം ചെയ്തെന്നും ചെയ്തില്ലെന്നും അല്ലാഹുവിനറിയാം.ഇതിനൊരു മാറ്റവും സംഭവിക്കുകയില്ല.ഇതനുസരിച്ചേ കാര്യങ്ങള്‍ നടക്കുകയുള്ളു.ഒരാള്‍ സത്യ വിശ്വാസി ആയാണോ സത്യ നിഷേധി ആയാണോ മരണമടയുക എന്ന്‍ അയാള്‍ ജനിക്കുന്നതിനു മുന്‍പ് തന്നെ അല്ലാഹുവിന് അറിയാം.ദൈവ  വിധിയിലുള്ള വിശ്വാസത്തിന്റെ ഒരു വശം ഇതാണ്. 

           മറ്റൊന്ന്‍ അല്ലാഹു സര്‍വ ശക്തനാണ്.മാത്രമല്ല അല്ലാഹു മാത്രമാണ് ശക്തിയുടെ ഉറവിടം.ഏതൊരാള്‍ക്കും ശരിയോ തെറ്റോ ചെയ്യാന്‍ അല്ലാഹു ശക്തി നല്‍കിയെങ്കിലേ സാധിക്കുകയുള്ളൂ.

                 ഇതോടൊപ്പം മറ്റൊരു കാര്യവും നാം മനസ്സിലാക്കണം.മനുഷ്യന് അല്ലാഹു ബുദ്ധിയും ചിന്താശക്തിയും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.തെറ്റും ശരിയും എന്താണെന്ന വ്യക്തമാക്കി കൊടുത്തിട്ടുണ്ട്.അവന് ശരി തെരഞ്ഞെടുക്കാം , തെറ്റ് തെരഞ്ഞെടുക്കാം.അല്ലാഹു ആരേയും ശരിയായ വഴിയിലേക്കോ തെറ്റായ വഴിയിലേക്കോ ബലമായി തള്ളി വിടുന്നില്ല.എന്നാല്‍ അവന്‍ ശരിയുടെയോ തെറ്റിന്റെയോ ഏത് മാര്‍ഗമാണ് സ്വീകരിക്കുക എന്ന്‍ അല്ലാഹുവിന് നേരത്തെ അറിയാം.ഈ മുന്‍കൂട്ടിയുള്ള അറിവ് - അതാണ്‌ ദൈവ വിധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

                മുകൂട്ടിയുള്ള ഈ അറിവ് അല്ലാഹുവിന് ഉണ്ട് എന്നാതുകൊണ്ട് നാം ശരി ചെയ്യുന്നതിന്റെയോ,തെറ്റ് ചെയ്യുന്നതിന്‍റെയോ ഉത്തരവാദിത്വം അല്ലാഹുവിന്‍റെ മേല്‍ എടുത്തു വെക്കുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല.ഒരു ഉദാഹരണം പറയാം.

              ഒരാള്‍ ഒരു മരക്കൊമ്പില്‍ ഇരുന്ന അതിന്‍റെ കടക്കല്‍ മുറിക്കുന്നു.അവന്‍ ഈ മുറി തുടര്‍ന്നാല്‍ മരത്തില്‍ നിന്ന്‍ താഴെ വീഴുമെന്ന്‍ നമുക്കറിയാം.നാം അവനെ ഉപദേശിക്കുന്നു.നീ ഇങ്ങനെ മരം മുറി തുടര്‍ന്നാല്‍ നീ താഴെ വീഴും നിനക്ക് അപകടം സംഭവിക്കും.

             ഈ ഉപദേശം സ്വീകരിക്കാതെ അവന്‍ മരം മുറി തുടരുകയും മരക്കൊമ്പിനൊപ്പം താഴെ വീണ് അപകടവും സംഭവിക്കുകയും ചെയ്തു.ഇവിടെ അവന്‍ അപകടം സംഭവിച്ചതിന് ഉത്തരവാദി ആരാണ്? ഉപദേശം ഗൗനിക്കാതെ ഇരിക്കുന്ന മരക്കൊമ്പ് മുറിച്ച അവന്‍ തന്നെയോ? അതോ അങ്ങനെ ചെയ്‌താല്‍ അപകടം സംഭവിക്കുമെന്ന് അവനെ ഉപദേശിച്ച നാമോ? അവന്‍ തന്നെ ആണെന്ന്‍ വ്യക്തമാണല്ലോ.അല്ലാഹുവിന്‍റെയും നബിമാരുടെയും മുന്നറിയിപ്പുകള്‍ വകവെക്കാതെ തെറ്റുകളുടെ തീരങ്ങളിലൂടെ സഞ്ചരിക്കുന്നവന്‍ അപകടത്തില്‍ ചെന്ന് ചാടുക തന്നെ ചെയ്യും.ദൈവ വിധിയെ പഴിച്ചതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല.