Wednesday, October 2, 2013

നിസ്കാരം അതിന്‍റെ പ്രാധാന്യം

               ഇസ്ലാം മതത്തിന്‍റെ അഞ്ചു സ്തംബങ്ങളില്‍ രണ്ടാമത്തെതാണ് നിസ്കാരം.മനുഷ്യന്‍ തന്‍റെ ശരീരം കൊണ്ട് ചെയ്യുന്ന ആരാധനാ കര്‍മങ്ങളില്‍ വെച്ച് ഏറ്റവും പ്രധാനമായൊരു ആരാധനാ കര്‍മ്മമാണിത്.അല്ലാഹുവിനോടുള്ള വിനയവും വിധേയത്വവും പ്രകടിപ്പിക്കുന്നതിന് നിസ്കാരം പോലെ പര്യാപ്തമായ മറ്റൊരു ആരാധനാ കര്‍മ്മമില്ല.

                       ഒരു ദിവസം അഞ്ചു നേരത്തെ നിസ്കാരം നിര്‍വഹിക്കേണ്ടത് ഓരോ മുസ്ലിമിന്നും നിര്‍ബന്ധമാണ്.ഇതവനെ നിരന്തരം അല്ലാഹുവിനെ കുറിച്ച് ഓര്‍മിപ്പിക്കുന്നു.അല്ലാഹുവിന്‍റെ ദാസനും അടിമയുമാണെന്ന ബോധം അവന്‍റെ ഉള്ളില്‍ അങ്കുരിപ്പിക്കുന്നു.ഇതവന്‍റെ മനസ്സിനെ നിര്‍മലമാക്കുന്നു.അവന്‍റെ ജീവിതത്തെ സംശുദ്ധമാക്കുന്നു.തെറ്റു കുറ്റങ്ങളില്‍ നിന്നും നീച വൃത്തികളില്‍ നിന്നും അവനെ അകറ്റുന്നു.അല്ലാഹുവിന്‍റെ സന്നിധിയിലേക്ക് അവനെ അടുപ്പിക്കുന്നു.അല്ലാഹുവിന്‍റെ പ്രീതിയും കരുണയും അവന് നേടിക്കൊടുക്കുന്നു.മഹത്തായ ജീവിത വിജയത്തിന്നും സ്വര്‍ഗ പ്രാപ്തിക്കും അവനെ അര്‍ഹാനാക്കുന്നു.ഇങ്ങനെ നിസ്കാരം ഒരു മുസ്ലിമിന്‍റെ ജീവിതത്തില്‍ ഉണ്ടാക്കിതീര്‍ക്കുന്ന പരിവര്‍ത്തനങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും യാതൊരു കണക്കുമില്ല.

     അല്ലാഹു പറയുന്നു.

                   "എന്നെ സ്മരിക്കാന്‍ വേണ്ടി നിസ്കാരം നിലനിര്‍ത്തുക." (ഖുര്‍ആന്‍ )

           "തീര്‍ച്ചയായും നിസ്കാരം തെറ്റായ കാര്യങ്ങളില്‍ നിന്നും നീച വൃത്തികളില്‍ നിന്നും (മനുഷ്യനെ )തടയുന്നു". (ഖുര്‍ആന്‍ )

                  നബി തിരുമേനി (സ) ഒരിക്കല്‍ തന്‍റെ സ്വഹാബാക്കളോട് ചോദിച്ചു.

                     "നിങ്ങളില്‍ ഒരാളുടെ വീട്ടുമുറ്റത്തുകൂടി ഒരു നദി ഒഴുകുന്നുണ്ടെന്ന്‍ കരുതുക.നിങ്ങള്‍ ദിവസവും അഞ്ചു നേരം പ്രസ്തുത നദിയില്‍ കുളിക്കുന്നുണ്ടെന്നും കരുതുക.എങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ എന്തെങ്കിലും മാലിന്യം അവശേഷിക്കുമോ?"

      "ഒരിക്കലും ഇല്ല" സ്വഹാബാക്കള്‍ പറഞ്ഞു.അപ്പോള്‍ നബി തിരുമേനി (സ) പ്രതിവചിച്ചു. "അഞ്ചു നേരത്തെ നിസ്കാരങ്ങളുടെ സ്ഥിതിയും അത് തന്നെ."(ഹദീസ്)

          അഞ്ചു നേരങ്ങളിലെ നിസ്കാരം മനുഷ്യനെ ശുദ്ധീകരിക്കുകയും മനസ്സിലെ മാലിന്യങ്ങള്‍ അകറ്റുകയും ചെയ്യുന്നു എന്നാണ് നബി (സ) ഉദേശിച്ചത്.പക്ഷെ അലസമായും അശ്രദ്ധമായും നിസ്കരിക്കുന്നത് കൊണ്ട് ഈ നേട്ടങ്ങളൊന്നും കൈവരുകയില്ല.ശ്രദ്ധയോടും ആത്മാര്‍ഥതയോടും വിനയത്തോടും ഭക്തിയോടും കൂടിയുള്ള നിസ്കാരം അതിനു മനുഷ്യജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

          പ്രായപൂര്‍ത്തി എത്തിയ, ബുദ്ധിയുള്ള ഏതൊരു മുസ്ലിം പുരുഷനും സ്ത്രീക്കും അഞ്ചു നേരങ്ങളിലെ നിസ്കാരം നിര്‍ബന്ധമാണ്.നിസ്കാരം ഉപേക്ഷിക്കാന്‍ ഒരു ഒഴിവു കഴിവും സ്വീകാര്യമല്ല.നില്‍ക്കാന്‍ കഴിയാത്തവന്‍ ഇരുന്നും ഇരിക്കാന്‍ കഴിയാത്തവന്‍ കിടന്നും നിസ്കരിക്കണം.ശരീരം ചലിപ്പിക്കാനാവാതെ കിടക്കുകയാണെങ്കില്‍ പോലും നിസ്കാരം ഉപേക്ഷിക്കാന്‍ പാടില്ല.മനസ്സില്‍ നിസ്കാരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സങ്കല്‍പ്പിച്ചു കോണ്ടാണവന്‍ നിസ്കരിക്കേണ്ടത്.

          മുസ്ലിമും കാഫിറും തമ്മിലുള്ള വ്യത്യാസം നിസ്കാരമാണ് എന്ന് നബി തിരുമേനി (സ) പ്രസ്ഥാവിച്ചിരിക്കുന്നു.

 മറ്റൊരു ഹദീസ് ശ്രദ്ധിക്കുക.  നബി തിരുമേനി (സ) പറഞ്ഞു.

             "അന്ത്യനാളില്‍ ഓരോ മനുഷ്യനോടും ആദ്യമായി ചോദിക്കുക അവന്‍റെ നിസ്കാരത്തെ കുറിച്ചായിരിക്കും.അത് മുറപ്രകാരം നിര്‍വഹിചിട്ടുണ്ടെങ്കില്‍ അവന്‍ വിജയിച്ചു.ഇല്ലെങ്കില്‍ പരാജയപ്പെടുകയും ചെയ്തു. (ഹദീസ്)

                  പ്രായപൂര്‍ത്തി എത്തിയ, ബുദ്ധിയുള്ള ഏതൊരു മുസ്ലിം പുരുഷനും സ്ത്രീക്കും നിസ്കാരം നിര്‍ബന്ധമാണെന്നു പറഞ്ഞല്ലോ.എന്നാല്‍ ആര്‍ത്തവമൊ പ്രസവ രക്തമോ ഉള്ള സ്ത്രീക്ക് ആ കാലയളവില്‍ നിസ്കാരം നിര്‍ബന്ധമില്ല എന്ന് മാത്രമല്ല നിസ്കരിക്കാന്‍ പാടുള്ളതുമല്ല.

               ഉറക്കം,മറവി,ജംഅ(ചേര്‍ത്ത് നിസ്കരിക്കല്‍ ) ഈ കാരണങ്ങള്‍ കൊണ്ടല്ലാതെ നിസ്കാരം നിശ്ചിത സമയത്ത്‌ നിന്നും തെറ്റിക്കാന്‍ പാടില്ല.

              ഏഴു വയസ്സാകുന്നതിന് മുന്‍പ് തന്നെ കുട്ടികളെ നിസ്കാരം പഠിപ്പിക്കണം.ഏഴു വയസ്സുമുതല്‍ നിസ്കരിക്കാന്‍ ഉപദേശിക്കുകയും പത്ത് വയസ്സായാല്‍ നിര്‍ബന്ധിച്ചു നിസ്കരിപ്പിക്കുകയും വേണം.ഇതു രക്ഷാകര്‍ത്താക്കളുടെ ഒഴിച്ചു കൂടാത്ത ബാധ്യതയാകുന്നു.

നിസ്കാരത്തിന്‍റെ ശര്‍ത്തുകള്‍  

              നിസ്കാരത്തിന് ചില ശര്‍ത്തുകളും ഫര്‍ളുകളും സുന്നത്തുകളും ഉണ്ട്.അവ നാം വേര്‍ തിരിച്ച് മനസ്സിലാക്കണം.ഫര്‍ളുകള്‍ എന്നത് നിസ്കാരത്തിന്‍റെ ഘടകങ്ങളും നിര്‍ബന്ധ കര്‍മങ്ങളും ആണ്.അവയില്‍ ഏതെങ്കിലും ഒന്ന്‍ ഇല്ലാതായാല്‍ നിസ്കാരം സ്വീകാര്യമാവുകയില്ല.ഉദാഹരണത്തിനു റുകൂഅ, സുജൂദ് ഫാത്തിഹ ഓതല്‍ തുടങ്ങിയവ നിസ്കാരത്തിന്‍റെ ഫര്‍ളുകള്‍ ആണ്.അവ ചേര്‍ന്നാണ് നിസ്കാരം തന്നെ ഉണ്ടായിതീരുന്നത്. നിസ്കാരത്തിന്‍റെ പൂര്‍ണതക്കാവശ്യമായ കര്‍മങ്ങളാണ് സുന്നത്തുകള്‍ . സുന്നത്തുകള്‍ ഉപേക്ഷിച്ചാലും നിസ്കാരം സ്വീകാര്യമായിത്തീരും. ഉദാഹരണത്തിനു ബാങ്ക് ഇഖാമത്ത് തുടങ്ങിയവ നിസ്കാരത്തിന്‍റെ സുന്നത്തുകളാന്. എന്നാല്‍ നിസ്കാരത്തിന്‍റെ ഘടകങ്ങള്‍ അല്ലാത്തതും അതെ സമയം നിസ്കാരത്തിന്‍റെ സ്വീകാര്യതക്ക് അനുപേക്ഷണീയമായതുമായ ചില കാര്യങ്ങളുണ്ട്. അവയാണ് നിസ്കാരത്തിന്‍റെ ശര്‍ത്തുകള്‍ എന്ന് പറയുന്നത്.ശര്‍ത്ത് എന്ന പദത്തിന് നിബന്ധന എന്ന് വേണമെങ്കില്‍ അര്‍ത്ഥം പറയാം.ഒരു ഉദാഹരണം മൂലം ഇതു വ്യക്തമാക്കാം.വുളു എടുക്കുക എന്നത് നിസ്കാരത്തിന്‍റെ ഭാഗമോ ഘടകമോ അല്ല എന്നാല്‍ വുളു എടുത്തെങ്കില്‍ മാത്രമേ നിസ്കാരം സ്വീകാര്യമാവുകയുള്ളൂ. ഇതിനാല്‍ വുളു എടുക്കല്‍ നിസ്കാരത്തിന്‍റെ ശര്‍ത്താണെന്ന് പറയുന്നു.

    നിസ്കാരത്തിന് അഞ്ചു ശര്‍ത്തുളാലാണ് ഉള്ളത്.

1. നിസ്കാരത്തിന്‍റെ സമയം ആവുകയും ആയെന്നു ബോധ്യമാവുകയും ചെയ്യുക. സമയം ആകുന്നതിനു മുന്‍പോ സമയം ആയെങ്കിലും ആയെന്നു ബോധ്യമാകുന്നതിനു മുമ്പോ നിസ്കരിച്ചാല്‍ ആ നിസ്കാരം സ്വീകരിക്കപ്പെടുകയില്ല.ഒരു നിസ്കാരവും അതിന്‍റെ സമയത്തുനിന്നും മനപ്പൂര്‍വം പിന്തിക്കാന്‍ പാടുള്ളതല്ല.

2.നിസ്കരിക്കുമ്പോള്‍  ഖിബ്ലയെ അഭിമുഖീകരിക്കുക,മക്കയിലെ പരിശുദ്ധ കഅബാ മന്ദിരമാണ് നമ്മുടെ ഖിബല.ആ ഖിബലയുടെ ഭാഗത്തേക്ക് തിരിഞ്ഞാണ് നിസ്കരിക്കെണ്ടത്.എങ്കില്‍ മാത്രമേ നിസ്കാരം സ്വീകാര്യമായി തീരുകയുള്ളു.എന്നാല്‍ രണ്ടു ഘട്ടങ്ങളില്‍ ഇതിനു ഇളവുണ്ട്.ഒന്ന് സ്വലാത്തുല്‍ ഖൗഫ് ഭയപ്പാടോടെയുള്ള നിസ്കാരം.യുദ്ധ രംഗത്തോ മറ്റോ വെച്ച് ചെയ്യുന്ന ഭയത്തോടെയുള്ള നിസ്കാരത്തില്‍ ഖിബലയെ അഭിമുഖീകരിക്കണമെന്ന് നിര്‍ബന്ധമില്ല.രണ്ട്, അനുവദനീയ യാത്രയിലേര്‍പ്പെട്ട വ്യക്തിയുടെ സുന്നത് നിസ്കാരം.ഇതിലും ഖിബലയെ അഭിമുഖീകരിക്കണമെന്നില്ല.

3. ഔറത്ത് മറക്കുക.നിസ്കാരത്തിന്‍റെ ശര്ത്തുകളില്‍ മൂന്നാമത്തെത് ആണിത്. മുട്ടും പൊക്കിളും അവക്കിടയിലുള്ള ഭാഗമാണ് പുരുഷന്‍റെയും അടിമ സത്രീയുടെയും ഔറത്ത്.സാധാരണ സ്ത്രീകളെ സംബന്ധിചിടത്തോളം മുഖവും മുന്‍കയ്യും ഒഴികെയുള്ള ഭാഗങ്ങളെല്ലാം ഔറത്താണ്.തൊലിയുടെ നിറം തിരിച്ചറിയാന്‍ സാധിക്കാത്ത വസ്ത്രം കൊണ്ടാണ് ഔറത്ത് മറക്കെണ്ടത്. 

4. ചെറുതും വലുതുമായ രണ്ടു അശുദ്ധികളില്‍ നിന്നു ശുദ്ധമായിരിക്കുക.ശുദ്ധിയാകാതെ നിസ്കരിച്ചാല്‍ അത് സ്വീകരിക്കുകയില്ല.അങ്ങനെ നിസ്കരിക്കുന്നത്   നിഷിദ്ധമാണ്.

5.   ശരീരം, വസ്ത്രം, നിസ്കാരസ്ഥലം, എന്നിവ നജസുകളില്‍ നിന്ന് ശുദ്ധമായിരിക്കുക.

        ഇവയാണ് നിസ്കാരത്തിന്‍റെ അഞ്ചു ശര്‍ത്തുകള്‍ . ഇവയൊന്നും നിസ്കാരത്തിന്‍റെ ഭാഗമല്ല. ഇവയുടെ അഭാവത്തില്‍ നിസ്കാരം സ്വീകാര്യമാവുകായുമില്ല.

No comments:

Post a Comment